Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡലകാലത്ത് സുരക്ഷ ശക്തമാക്കും; നിയോഗിക്കുക 5200 പൊലീസുകാരെ

police-at-sabarimala

പത്തനംതിട്ട∙ ശബരിമലയിൽ മണ്ഡല മകര വിളക്ക് മഹോത്സവം പ്രമാണിച്ച് വെള്ളിയാഴ്ച വൈകിട്ട് നട തുറക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കിയതായി ഡിജിപി ലോക്നാഥ് ബെഹ്റ. തീർഥാടകര്‍ക്കു വെള്ളിയാഴ്ച രാവിലെ 11 മുതല്‍ നിലയ്ക്കലിലേക്ക് പ്രവേശനം അനുവദിക്കും. 12 മുതല്‍ തീർഥാടകരെ നിലയ്ക്കലില്‍നിന്നു കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേയ്ക്കു പോകാന്‍ അനുവദിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

അതേസമയം, മണ്ഡലകാലത്ത് ശബരിമലയിൽ 5200 പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. സന്നിധാനത്തും നിലയ്ക്കലും ഓരോ ഐജിമാര്‍ക്കും രണ്ട് എസ്പിമാര്‍ക്കും വീതം ചുമതല നല്‍കി. സന്നിധാനത്ത് ഐജി വിജയ് സാക്കറെയും പമ്പയില്‍ ഐജി അശോക് യാദവും സുരക്ഷാക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും. കാല്‍നടയായി എത്തുന്ന തീര്‍ഥാടകര്‍ക്ക് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ നിലയ്ക്കലില്‍ നിന്ന് പ്രവേശനം നല്‍കും. പ്രതിഷേധക്കാരെ തടയാനുള്ള നിയന്ത്രങ്ങള്‍ കര്‍ശനമായി തുടരും.

സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാർ

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് സമവായശ്രമങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. നാളത്തെ സര്‍വകക്ഷിയോഗത്തിനു മുന്‍പ് പരമാവധി പിന്തുണ സമാഹരിക്കാനാണ് ശ്രമം. അതിനുമുന്നോടിയായി മുഖ്യമന്ത്രി പ്രതിപക്ഷനേതാവുമായി ഫോണില്‍ സംസാരിച്ചു. എന്‍എസ്എസിനെ വിശ്വാസത്തിലെടുക്കുന്നതിനുള്ള ശ്രമങ്ങളും തുടങ്ങി. സര്‍ക്കാര്‍ നീക്കങ്ങളോട് അനുകൂലമായി പ്രതികരിച്ച എന്‍എസ്എസ് തീരുമാനം വിവേകപൂര്‍ണമാവണമെന്ന നിലപാടിലാണ്.

സര്‍വകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പന്തളം കൊട്ടാരം, തന്ത്രി കുടുംബം പ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന കൂടിക്കാഴ്ചയിലേക്ക് മുഖ്യമന്ത്രിയുടെ ഒാഫിസും ദേവസ്വം ബോര്‍ഡും ഇരുവരെയും ക്ഷണിച്ചു. സമാധാനപരമായ മണ്ഡലകാലത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്കായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ മനോരമ ന്യൂസിനോട് പറഞ്ഞു.