Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീയുടെ അവകാശബോധത്തെ ആർക്കും തടസ്സപ്പെടുത്താനാവില്ല: എം.സി.ജോസഫൈൻ

MC-Josephine എം.സി.ജോസഫൈൻ

കൊച്ചി ∙ സ്ത്രീയുടെ അവകാശബോധത്തെ ഒരു പരിധിയിൽക്കൂടുതൽ കാലം സർക്കാരിനോ സുപ്രീംകോടതിക്കോ തടസ്സപ്പെടുത്താനാവില്ലെന്നു വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. ശബരിമലയിലെ യുവതീപ്രവേശമെന്നതു പരമോന്നത നീതിപീഠത്തിന്റെ വിധിയാണ്. അതു സർക്കാരിന് അനുസരിക്കുകയേ വഴിയുള്ളൂ. അതിനു മുന്നിൽ ഇടതു സർക്കാരെന്നോ യുഡിഎഫ് സർക്കാരെന്നോ വ്യത്യാസമില്ല. സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതു മുതൽ അതു നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ജോസഫൈൻ ‘മനോരമ ഓൺലൈനിനോടു’ പറഞ്ഞു. 

വിശ്വസിക്കുന്ന ഏതു സ്ത്രീക്കും ശബരിമലയിൽ പോകാമെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാവരും ശബരിമലയിൽ പോകണമെന്നു സർക്കാരും പറഞ്ഞിട്ടില്ല. തൃപ്തി ദേശായി ശബരിമലയിൽ വരുമെന്നു പറഞ്ഞാൽ വിധി കാറ്റിൽ പറത്തി അവരെ തടയാൻ സർക്കാരിനാവില്ല. സംസ്ഥാനത്തെ ഒരു പ്രത്യേക സാഹചര്യത്തിലാണു സർവകക്ഷിയോഗത്തിനു സർക്കാർ തീരുമാനിച്ചിട്ടുള്ളത്. അതിൽ എന്തു തീരുമാനിക്കുന്നു എന്നറിയില്ല. പക്ഷേ സുപ്രീംകോടതി വിധിയെ ആരുടെയെങ്കിലും ആഹ്വാനം കൊണ്ട് ഇല്ലാതാക്കാനാകില്ല. വനിതാ കമ്മിഷൻ അദാലത്തിൽ ഇതു സംബന്ധിച്ച പരാതികളൊന്നും വന്നിട്ടില്ലെന്നും ജോസഫൈൻ പറഞ്ഞു.