Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ഡല–മകരവിളക്ക്: ശബരിമല ദർശനത്തിന് ബുക്ക് ചെയ്ത സ്ത്രീകളുടെ എണ്ണം 800 പിന്നിട്ടു

sabarimala-virtual-q

തിരുവനന്തപുരം∙ മണ്ഡല മകരവിളക്ക് ഉത്സവത്തിന് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍.

ആന്ധ്രയില്‍നിന്നാണ് കൂടുതല്‍ യുവതികള്‍ ദര്‍ശന സമയം ബുക്ക് ചെയ്തിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതിനാല്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല. യുവതികളുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന് കര്‍‌ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലയ്ക്കലില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങും ദര്‍ശന സമയ തിരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് sabarimalaq.com വെബ് പോര്‍ട്ടല്‍ (ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം) പൊലീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19വരെ ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ദര്‍ശന സമയം ബുക്ക് ചെയ്യാം.

ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം പൊലീസ് ആരംഭിച്ചത് ഒക്ടോബര്‍ 30നാണ്.  പോര്‍ട്ടലില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭിക്കും. ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം വഴി കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാതെ ദര്‍ശന സമയം മാത്രം ബുക്കു ചെയ്യുന്നവര്‍ നിലയ്ക്കലിലെ കൗണ്ടറില്‍നിന്ന് ബസ് ടിക്കറ്റെടുക്കണം. അല്ലെങ്കില്‍ കെഎസ്ആര്‍ടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മറ്റു സ്ഥലങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തുന്നവര്‍ക്ക് നിലയ്ക്കലില്‍നിന്ന് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല.

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ അനുവദിക്കൂ. ടിക്കറ്റിന്റെ പ്രിന്റ് യാത്രക്കാര്‍ കൊണ്ടുവരണം. പത്തുപേര്‍ക്കുവരെ ഒറ്റ ടിക്കറ്റായി ബുക്ക് ചെയ്യാം. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ ബുക്കിങ് സമയത്ത് നല്‍കണം. 48 മണിക്കൂര്‍വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റാണ് നല്‍കുന്നത്. നിലയ്ക്കല്‍ - പമ്പ - നിലയ്ക്കല്‍ നോണ്‍ എസി ബസ് ടിക്കറ്റിന് 80 രൂപയും എസി ബസ് ടിക്കറ്റിന് 150 രൂപയുമാണ്.

1.18 ലക്ഷം ടിക്കറ്റുകളാണ് കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബുധനാഴ്ച വൈകിട്ടു വരെ വിറ്റഴിഞ്ഞത്. കഴിഞ്ഞവര്‍ഷം 36 ലക്ഷംപേരാണ് ശബരിമല യാത്രയ്ക്കായി കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. ഇത്തവണ രണ്ടരക്കോടിയോളം പേര്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.

www.sabarimalaq.com എന്ന പൊലീസ് സൈറ്റില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ക്യൂ കൂപ്പണ്‍ ലഭിക്കും. കൂപ്പണുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡ് നല്‍കും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവരെ മാത്രമേ പമ്പയില്‍നിന്ന് കടത്തിവിടൂ. പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഈ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കൂ. 

ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവര്‍ മാത്രമേ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തിലേക്ക് പോകുന്നുള്ളൂ എന്നത് ഉറപ്പാക്കണമെന്ന് മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകും. ദുരുപയോഗം ഒഴിവാക്കാന്‍ എന്‍ട്രി കാര്‍ഡിന്റെ കൗണ്ടര്‍ ഫോയില്‍ സന്നിധാനത്ത് ശേഖരിക്കും. കാര്‍ഡ് പരിശോധിക്കാന്‍ പത്തു കേന്ദ്രങ്ങള്‍ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഒൻപത് എസ്ഐ മാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റല്‍ ക്യൂ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കും. എസ്‌സിആര്‍ബി എഡിജിപിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല.

പൊലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 16 ലക്ഷത്തോളം പേര്‍ ഇത്തരത്തിൽ ദര്‍ശനം നടത്തിയിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ലിങ്ക് തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ് വെബ്സൈറ്റുകളിലും ലഭ്യമാക്കിയിട്ടുണ്ട്.