Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ, വെള്ളപ്പൊക്കം: കുവൈത്ത് വിമാനത്താവളം ഭാഗികമായി തുറന്നു

flood-in-kuwait കനത്ത മഴയേത്തുടർന്ന് കുവൈത്തിൽ റോഡിൽ വെള്ളം കയറിയപ്പോൾ

കുവൈത്ത് സിറ്റി● മഴക്കെടുതി കാരണം അടച്ചിട്ട കുവൈത്ത് വിമാനത്താവളം ഭാഗികമായി പ്രവർത്തനം ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിക്കുശേഷമാണ് വിമാനസർവീസ് ആരംഭിച്ചത്. രാവിലെ 10 വരെയാണ് ആദ്യം വിമാന സർവീസ് നിർത്തിയിരുന്നത്. എന്നാൽ കുവൈത്ത് എയർവെയ്സ് ഓപ്പറേറ്റ് ചെയ്യുന്ന നാലാം നമ്പർ ടെർമിനൽ അടച്ചിട്ടത് ഒരറിയിപ്പുണ്ടാകുന്നത് വരെ തുടരും. ഇന്നലെ രാത്രി കുവൈത്തിൽ ഇറങ്ങേണ്ട ഏതാനും വിമാനങ്ങൾ സൗദി അറേബ്യയിലെ ദമാം, റിയാദ്, ബഹ്റൈനിലെ റിയാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ രാത്രി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു.

Kuwait Flood കനത്ത മഴയേത്തുടർന്ന് കുവൈത്തിൽ റോഡിൽ വെള്ളം കയറിയപ്പോൾ

എയർ ഇന്ത്യയുടെയും ജെറ്റ് എയർവെയ്സിന്റെയും വിമാനങ്ങൾ ദമാമിലേക്കു തിരിച്ചുവിട്ടു. കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോ വിമാനം ഖത്തറിലെ ദോഹയിൽ ഇറക്കി. അർധരാത്രിയോടെ പെയ്ത കനത്ത മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ളവർ പുതിയ ഷെഡ്യൂൾ സംബന്ധിച്ച വിവരം മനസിലാക്കിവേണം വിമാനത്താവളത്തിൽ എത്താനെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.