Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരങ്ങളിൽ പിന്നോട്ടില്ലെന്നു പന്തളം കൊട്ടാരം; ദയവു ചെയ്തു യുവതികള്‍ വരരുതെന്നു തന്ത്രി

sasikumara-varma പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ

തിരുവനന്തപുരം∙ ശബരിമല വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന്റെ പരിമിതികളെക്കുറിച്ച് സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ. ആചാര അനുഷ്ഠാനങ്ങളിൽ പിന്നോട്ടു പോകാനാകില്ലെന്നു വ്യക്തമായി തങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, യുവതികൾ ശബരിമലയിലേക്കു വരരുതെന്ന് അഭ്യർഥിക്കാനേ ഞങ്ങൾക്കു കഴിയൂയെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാന്‍ ദയവു ചെയ്തു യുവതികള്‍ ശബരിമലയിലേക്കു വരരുത്. നട അടയ്ക്കുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതൊക്കെ പിന്നീടു ആലോചിക്കാമെന്നും തന്ത്രി വ്യക്തമാക്കി.

സ്നേഹപൂർവമായ ചർച്ചയാണ് നടന്നതെന്നു ശശികുമാര വർമ പറഞ്ഞു. ഏതു രീതിയില്‍ കുഴപ്പമില്ലാതെ സന്തോഷത്തോടെ ശബരിമല സീസണ്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയുമെന്ന് തന്ത്രി കുടുംബവും രാജ കുടുംബവും വച്ച നിര്‍ദേശം ഞങ്ങള്‍ കൈമാറി. മുഖ്യമന്ത്രിയും നിര്‍ദേശങ്ങള്‍ വച്ചു. അതു ചര്‍ച്ച ചെയ്യേണ്ടതിനാല്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഞങ്ങളുടെ നിവേദനം മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ മാറ്റം വരുത്തണമെങ്കില്‍ വേറെ വേറെ ചര്‍ച്ച ചെയ്യണം. എന്നാലേ വ്യക്തമാകൂ. മുഖ്യമന്ത്രിയുടെ നിര്‍ദേശം ആചാരത്തെ ബാധിക്കുന്നതിനാല്‍ ഞങ്ങള്‍ മൂന്നുപേര്‍ക്ക് തീരുമാനമെടുക്കാനാകില്ല. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നില്ല. ഞങ്ങളുടെ നിലപാടും ശക്തം. ദയവു ചെയ്ത് യുവതികള്‍ വരരുത്. ഇന്ന് ഞങ്ങള്‍ ഞങ്ങളുടെ നിലപാടിലും സര്‍ക്കാര്‍ സര്‍ക്കാരിന്റെ നിലപാടിലും ഉറച്ചു നിന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.