Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതീപ്രവേശം തടയാനാകില്ല; വേണമെങ്കില്‍ ചില ദിവസങ്ങളില്‍ ക്രമീകരിക്കാം: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം ∙ ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ സര്‍ക്കാരിനാവില്ലെന്നും വേണമെങ്കില്‍ ഇതു ചില ദിവസങ്ങളിലായി ക്രമീകരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിനു മറ്റൊരു മാര്‍ഗമില്ല. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ. സെപ്റ്റംബറിലെ ഉത്തരവ് നിലനില്‍ക്കുന്നതായാണ് കോടതി പറഞ്ഞത്. 10-50 വയസിന് ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ വരാം. ക്രമീകരണം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ചില പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് ദര്‍ശനം സാധിക്കുമോയെന്ന് പരിശോധിക്കും. സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും കോടതി പറഞ്ഞത് അനുസരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുന്‍പ് കോടതി വിധി ഉണ്ടായപ്പോള്‍ അതു നടപ്പിലാക്കുകയാണു ചെയ്തത്. ആ വിധിക്കു വ്യതിയാനം വരുത്തിയിട്ടില്ല. നാളെ കോടതി മറ്റൊരു കാര്യം പറഞ്ഞാല്‍ അതു നടപ്പിലാക്കും. ഇതു ദുര്‍വാശിയുടെ പ്രശ്‌നമില്ല. ജനാധിപത്യ രാജ്യമാണ് നമ്മുടേത്. കോടതി വിധി നടപ്പിലാക്കുന്നതു ദുര്‍വാശിയല്ല. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും കൊടുക്കും. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ശബരിമല യശസോടെ ഉയര്‍ന്നുവരാന്‍ ക്രമീകരണം ഉണ്ടാക്കും. 

യോഗം അവസാനിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു ഇറങ്ങിപോകുകയാണെന്ന്. യോഗം അവസാനിച്ചിട്ട് ഇറങ്ങിപോയിട്ട് എന്തുകാര്യം. വിശ്വാസികളുടെ വിശ്വാസത്തിന് സംരക്ഷണം കൊടുക്കുന്ന സര്‍ക്കാര്‍. എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണം. കോടതിയും അത് വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ കോടതിയെ അനുസരിക്കുകയേ മാര്‍ഗമുള്ളൂ-മുഖ്യമന്ത്രി പറഞ്ഞു.