Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ഏഴു ദിവസം നിരോധനാജ്ഞ; തീർഥാടകരെ വെള്ളി ഉച്ച മുതൽ കടത്തിവിടും

Sabarimala-Sannidhanam

ശബരിമല∙ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ എരുമേലി മുതൽ കണമല വരെയും നിരോധനാജ്ഞ ബാധകമായിരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായാൽ കർശനമായി തടയുന്നതിനാണിത്. 

വ്യാഴാഴ്ച അർധരാത്രി മുതലാണ് ഇതിനു പ്രാബല്യം. ക്രമസമാധാന പ്രശ്നം ഉണ്ടെന്നു കണ്ടാൽ വീണ്ടും നീട്ടാനാണ് തീരുമാനം. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ നിലയ്ക്കലിൽ ഡിജിപി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിൽ പൊലീസിന്റെ ഉന്നതതല യോഗവും ചേർന്നു. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ സർവകക്ഷി യോഗം പരാജയപ്പെട്ടതോടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ജലപീരങ്കി ഉൾപ്പെടെയുള്ള സന്നാഹങ്ങൾ നിലയ്ക്കലിൽ ഒരുക്കിയിട്ടുണ്ട്.

അയ്യപ്പന്മാരെ പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, അഴുത, എരുമേലി, എന്നിവിടങ്ങളിലെല്ലാം അയ്യപ്പന്മാരെ തടഞ്ഞു. നടതുറക്കുമ്പോൾ തന്നെ ദർശനം നടത്താനായി നിരവധി തീർഥാടകരാണ് എത്തിയിട്ടുള്ളത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തിയ അയ്യപ്പന്മാരുടെ വാഹനങ്ങൾ പൊലീസ് ഇലവുങ്കലിൽ തടഞ്ഞു. തുടർന്ന് ഇവരെ കണമലയിലേക്ക് തിരിച്ചയച്ചു. കെഎസ്ആർടിസി ബസിൽ വരുന്നവർ നേരെ പമ്പയിൽ എത്തി. ഇവരെ സന്നിധാനത്തേക്കു വിടാതെ പമ്പയിലും തടഞ്ഞു. എരുമേലിയിൽ പേട്ടതുള്ളി കാനനപാതയിലൂടെ നടന്നുവന്ന അയ്യപ്പന്മാരെ അഴുതയിലും തടഞ്ഞു. 

മാധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു. കെഎസ്ആർടിസി ബസിൽ അയ്യപ്പന്മാർ പമ്പ വരെ എത്തിയപ്പോഴും ഇലവുങ്കലിൽ നിന്നു മാധ്യമപ്രവർത്തകരെ നിലയ്ക്കലേക്കു പോലും കടത്തിവിടാതെ തടയുകയായിരുന്നു. ഇവരെ വെള്ളിയാഴ്ച രാവിലെ എട്ടിന് മാത്രമേ ക‌ടത്തിവിടു എന്നാണ് പൊലീസ് പറയുന്നത്. തീർഥാടകരെ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും കടത്തി വിടുക.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടതുറക്കും

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രം വെള്ളിയാഴ്ചയാണ് തുറക്കുക. ശബരിമല - മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും വെള്ളിയാഴ്ച നടക്കും. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലയും പരിസര പ്രദേശങ്ങളും ഒരുങ്ങി.ശബരിമല അയ്യപ്പദർശനത്തിനെത്തുന്ന ഭക്തർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.


തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറി വരുന്ന പുതിയ മേൽശാന്തിമാരായ എം.എൻ. വാസുദേവൻ നമ്പൂതിരി സന്നിധാനത്തും എം.എൻ നാരായണൻ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരായി ചുമതലയേൽക്കും. പുതിയ മേൽശാന്തിമാരെ അവരോധിച്ച് അഭിഷേകവും നടത്തുന്ന കർമ്മങ്ങൾ ചെയ്യുക തന്ത്രിയായിരിക്കും.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. 16 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ശനിയാഴ്ച, വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരായിരിക്കും പുലർച്ചെ നട തുറക്കുക. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബർ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തീർഥാടനം പൂർത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.

മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് തീർഥാടകർക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്പയിലും ബേസ് ക്യാംപായ നിലയ്ക്കലും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. പ്രളയത്തിൽ പമ്പ ത്രിവേണിയിലെ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തകർന്നടിഞ്ഞിരുന്നു. തുടർന്ന് സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടുകയും നിലയ്ക്കൽ പുതിയ ബേസ് ക്യാംപായി ഉയർത്തുന്നതിന് ടാറ്റാ കൺസ്ട്രക്‌ഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പമ്പ ത്രിവേണിയിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും നിലയ്ക്കൽ വിരിവയ്ക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തിയായി കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും വിവിധ ഏജൻസികളെയും ഏകോപിപ്പിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്.

ഇക്കുറി തീർഥാടകർ വലിയ തോതിൽ ദർശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഇതു കണക്കിലെടുത്ത് നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കായി കൂടുതൽ കൗണ്ടറുകൾ സജീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് സഹായങ്ങൾ മികച്ച നിലയിൽ സമയ ബന്ധിതമായി നൽകുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെൻററുകൾ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനം നടത്തും.

എഡിഎം വി.ആർ. പ്രേംകുമാർ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷ പൊലീസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൺട്രോൾ റൂമുകളും ഇതിനായി പൊലീസ് തുറന്നു. തീർഥാടകർക്ക് നിലയ്ക്കൽ നിന്നും പമ്പയിലേക്കും തിരിച്ചും സഞ്ചരിക്കുന്നതിന് ആവശ്യമായ ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചു. നിലയ്ക്കലെ ഓപ്പറേഷൻ തിയേറ്റർ സംവിധാനമുള്ള ആശുപത്രി അടക്കം വിവിധ കേന്ദ്രങ്ങളിൽ തീർഥാടകർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.