Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർവകക്ഷി യോഗം പരാജയം; പങ്കെടുത്തത് പൂർണ്ണ താല്‍പര്യമില്ലാതെയെന്ന് മുല്ലപ്പള്ളി

INDIA-COURT/TEMPLE

തിരുവനന്തപുരം∙ ശബരിമലയിൽ യുവതീപ്രവേശമാകാമെന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സർവകക്ഷി യോഗം പരാജയം. വിധി നടപ്പാക്കുമെന്നും യുവതീപ്രവേശം തടയാനാകില്ലെന്നുമുള്ള നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറച്ചുനിന്നതോടെയാണ് പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചർച്ചകൾക്കു ശേഷമാണ് അന്തിമതീരുമാനത്തിലേക്കു യോഗം എത്തിച്ചേർന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാതെ നിവൃത്തിയില്ലെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, യുവതികളെ പ്രവേശിപ്പിക്കുന്നതിനു ചില പ്രത്യേക തീയതികൾ ചർച്ച ചെയ്തു തീരുമാനിക്കാമെന്ന വിട്ടുവീഴ്ചയ്ക്കു മാത്രമേ തയാറായുള്ളൂ.

ആദ്യം സംസാരിച്ച മുഖ്യമന്ത്രി സർക്കാർ നിലപാട് എന്താകുമെന്നതിന്റെ സൂചന നൽകിയിരുന്നു. വിധി നടപ്പാക്കാൻ സർക്കാരിനു ബാധ്യതയുള്ളതായി എഴുതിത്തയാറാക്കിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പിന്നീട് സംസാരിച്ചവർ വിധി നടപ്പാക്കുന്നതിൽ കാലതാമസം വേണമെന്നാണ് ആവശ്യപ്പെട്ടത്. സാവകാശ ഹർജി നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമവായ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.

മുഖ്യമന്ത്രിയുടെ തീരുമാനം അറിഞ്ഞയുടൻ തങ്ങൾ ഇറങ്ങിപ്പോവുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ അറിയിച്ചു. സർക്കാരിന് പിടിവാശിയാണെന്ന് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സമവായത്തിനുള്ള ഒരുനീക്കവും ഉണ്ടായില്ല. ഇനി എന്തു പ്രശ്നമുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. സർവകക്ഷി യോഗം വെറും നാടകമായിരുന്നുവെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ പ്രതികരണം. അഹങ്കാരത്തിന്റെ ഭാഷയിലാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിലേക്കു സമരം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎ ആലോചിക്കുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

യുവതീപ്രവേശത്തിന്റെ കാര്യത്തിൽ ജനുവരി 22 വരെ തൽസ്ഥിതി തുടരണമെന്നു പരസ്യ നിലപാട് സ്വീകരിച്ച നിയമ മന്ത്രി എ.കെ.ബാലനെ യോഗത്തിലേക്കു വിളിക്കാതിരുന്നപ്പോഴേ സർക്കാർ വിട്ടു വീഴ്ചയ്ക്കില്ലെന്നു വ്യക്തമായിരുന്നു. അതേസമയം, സര്‍വകക്ഷിയോഗത്തില്‍ എല്ലാ മന്ത്രിമാരും പങ്കെടുക്കേണ്ടതില്ലെന്നും ദേവസ്വം മന്ത്രി പങ്കെടുക്കുന്നുണ്ടല്ലോയെന്നുമായിരുന്നു ബാലന്റെ പ്രതികരണം.‍

അതേസമയം, സർവകക്ഷി യോഗത്തിൽ താൻ പങ്കെടുത്തതു പൂർണ താൽപര്യമില്ലാതെയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശബരിമലയെ സംഘർഷഭൂമിയാക്കാനാണു ശ്രമമെന്നും മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ എതിർപ്പു മറികടന്നാണു യുഡിഎഫ് യോഗത്തിൽ പങ്കെടുത്തത്.

LIVE UPDATES
SHOW MORE