Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര വിപണിയിൽ ഇടിവു തുടരുന്നു; നില മെച്ചപ്പെടുത്താതെ സെൻസെക്സും നിഫ്റ്റിയും

Stock Market പ്രതീകാത്മക ചിത്രം

കൊച്ചി∙ ഇന്ത്യയിൽ ഓഹരി വിപണിക്ക് അനുകൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴും രാജ്യാന്തര തലത്തിൽ വിപണിയിൽ തുടരുന്ന ഇടിവിനു ചുവടു പിടിച്ച് കാര്യമായി നില മെച്ചപ്പെടുത്താതെ സെൻസെക്സും നിഫ്റ്റിയും. ഇന്നലെ 10576.30ൽ ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് 10580.60നാണു വ്യാപാരം ആരംഭിച്ചത്. ഒരുവേള നിഫ്റ്റി നില മെച്ചപ്പെടുത്തി 10607.90 വരെ എത്തിയെങ്കിലും തുടർന്ന് ഇടിവു പ്രവണത തന്നെ പ്രകടമാക്കി. 35141.75ന് ഇന്നലെ വ്യാപാരം അവസാനിപ്പിച്ച സെൻസെക്സ് ഇന്ന് 35145.75നാണു വ്യാപാരം ആരംഭിച്ചത്. ഇതിനിടെ ബിഎസ്ഇ വ്യാപാരം 35268.49ൽ വരെ എത്തിയിരുന്നു. രാജ്യാന്തര തലത്തിൽ പ്രകടമാകുന്ന അസ്ഥിരത ഏഷ്യൻ വിപണിയിലും ഇന്ത്യൻ വിപണിയിലും സമ്മിശ്ര പ്രതികരണമാണു നൽകുന്നത്. യുഎസ്, യൂറോപ്പ് വിപണികൾ ഇന്നലെ നെഗറ്റീവായാണു ക്ലോസ് ചെയ്തത്.

നിഫ്റ്റി ഇന്ന് 10600നു മുകളിൽ സ്ഥിരതയോടെ വ്യാപാരം നടത്തിയാൽ മാത്രമായിരിക്കും പോസറ്റീവ് പ്രവണത തുടരുകയെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. അങ്ങനെയാണെങ്കിൽ 10650 – 10680 ആയിരിക്കും ഇന്നത്തെ റെസിസ്റ്റൻസ് ലവൽ. വിൽപന പ്രവണത തുടരുകയാണെങ്കിൽ 10560–10530–10500 ആയിരിക്കും ഇന്നത്തെ സപ്പോർട്ട് ലവൽ എന്നാണു വിലയിരുത്തൽ. 10600നു മുകളിൽ ക്ലോസിങ് ലഭിച്ചാൽ പോസറ്റീവ് പ്രവണത വരുന്ന ഏതാനും ദിവസങ്ങൾ കൂടി തുടർന്നേക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

വിപണിയിൽ നിലവിൽ നാല് സെക്ടറുകൾ പോസറ്റീവായും ഏഴ് സെക്ടറുകൾ നെഗറ്റീവായുമാണു വ്യാപാരം പുരോഗമിക്കുന്നത്. ഐടി, ഓട്ടോ, എഫ്എംസിജി സെക്ടറുകളാണ് പോസറ്റീവ് പ്രവണത പ്രകടമാക്കുന്ന സെക്ടറുകൾ. പ്രൈവറ്റ് സെക്ടർ ബാങ്കുകൾ, മെറ്റൽ, മീഡിയ സെക്ടറുകൾ നഷ്ടം നേരിടുകയാണ്. ആകെ സ്റ്റോക്കുകളിൽ 653 എണ്ണവും പോസറ്റീവായി വ്യാപാരം തുടരുമ്പോൾ 914 സ്റ്റോക്കുകളിലും നഷ്ടത്തിലാണു വ്യാപാരം പുരോഗമിക്കുന്നത്. ഹീറോ മോട്ടോഴ്സ്, അദാനി പോർട്ട്, ടാറ്റാ മോട്ടോർസ്, എച്ച്സിഎൽ ടെക് സ്റ്റോക്കുകളാണു ലാഭത്തിലുള്ളത്. ഗ്രാസിം, യെസ് ബാങ്ക്, ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, ബിപിസിഎൽ സ്റ്റോക്കുകൾ നഷ്ടത്തിലാണ്.

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 72.31ന് ക്ലോസ് ചെയ്ത രൂപ ഇപ്പോൾ 72.12നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിൽ വിലയിൽ കഴിഞ്ഞ ഒക്ടോബർ മൂന്നു മുതൽ പ്രകടമാകുന്ന വിലയിടിവ് ഇപ്പോഴും തുടരുകയാണ്.