Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രക്സിറ്റ് കരട് ഉടമ്പടിയിൽ പ്രതിഷേധം; നാല് ബ്രിട്ടീഷ്‌ മന്ത്രിമാർ രാജിവച്ചു

theresa-may തെരേസ മേ.

ലണ്ടൻ∙ ബ്രക്സിറ്റ് കരട് ഉടമ്പടിയിൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് നാലു മന്ത്രിമാർ തെരേസ മേ മന്ത്രിസഭയിൽ നിന്നു രാജിവച്ചു. ബ്രക്സിറ്റ് മന്ത്രി ഡൊമിനിക് റാബ് ഉൾപ്പെടെ നാലു പേർ ഒരു ദിവസം രാജിവച്ചെതു സർക്കാരിനു തിരിച്ചടിയായി. യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പിൻവാങ്ങുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി വ്യാഴാഴ്ചയാണ് ‘ബ്രക്സിറ്റ് കരട് ഉടമ്പടി’ അവതരിപ്പിച്ചത്.

ഉടമ്പടിക്കു കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബ്രിട്ടനും യൂറോപ്യൻ യൂണിയനും മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷമാണ് മന്ത്രിസഭ ഉടമ്പടിക്കു അംഗീകാരം നൽകിയത്. ഉടമ്പടിയിലെ വ്യവസ്ഥകളുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും അതുകൊണ്ടു രാജിവയ്ക്കുകയാണെന്നും ഡൊമിനിക് റാബ് മാധ്യമങ്ങളോടു പറഞ്ഞു.

രാജ്യതാൽപര്യങ്ങൾക്കു തീർത്തും എതിരായുള്ള വ്യവസ്ഥകളാണ് കരട് ഉടമ്പടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു പ്രതിപക്ഷവും ആരോപിച്ചു. യൂറോപ്യൻ യൂണിയനെയും വീണ്ടും ഹിതപരിശോധന ആവശ്യപ്പെടുന്നവരെയും സന്തോഷിപ്പിക്കുന്നതാണ് ഉടമ്പടിയെന്നും അവർ പറ‍ഞ്ഞു. ബ്രക്സിറ്റിനോടനുബന്ധിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കളുടെ പ്രത്യേക ഉച്ചക്കോടി ഈ മാസം 25നു ചേരാനിരിക്കെയാണ് മന്ത്രിമാരുടെ രാജിയെന്നതും സർക്കാരിനു ആഘാതമായി.

എന്നാൽ ബ്രിട്ടൻ ആഗ്രഹിക്കുന്ന ഉടമ്പടിയാണ് പാർലമെന്റിൽ അവതരിപ്പിച്ചതെന്നു പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ഈ ഉടമ്പടിയിൽ വേണമെങ്കിൽ ചർച്ചകൾ ആവാം. അടുത്ത മാർച്ച് 29നു ബ്രിട്ടൻ യൂറോപ്പിയൻ യൂണിയൻ വിടുമ്പോൾ മികച്ച അവസരങ്ങൾ കൈമുതലായുള്ള ബ്രിട്ടനെയാണ് തിരിച്ചുകിട്ടാൻ പോകുന്നത്.