Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിബിഐയ്ക്ക് ആന്ധ്രയില്‍ 'പ്രവര്‍ത്തനവിലക്ക്': കേന്ദ്രവുമായി കൊമ്പുകോര്‍ത്ത് നായിഡു

Chandrababu Naidu

അമരാവതി∙ കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് സംസ്ഥാനത്തു നിയന്ത്രണം ഏർപ്പെടുത്തി ആന്ധ്രാപ്രദേശ് സർക്കാർ. സിബിഐയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നതിനുള്ള അനുമതി പിൻവലിക്കുന്നതായി ആന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചു. സിബിഐ നിയന്ത്രണം ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാരും കേന്ദ്രവും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാക്കുമെന്നാണു കരുതുന്നത്. ഇനി അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു റെയ്‌ഡോ മറ്റു പരിശോധനകളോ നടത്തണമെങ്കില്‍ സിബിഐ സംസ്ഥാന സര്‍ക്കാരില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങണം. സിബിഐയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണു നടപടിയെന്നു ടിഡിപി വ്യക്തമാക്കി.

നിയമപ്രകാരം സിബിഐയ്ക്ക് ഡൽഹിക്കുമേൽ പൂർണ അധികാരപരിധിയാണ് ഉള്ളത്. പക്ഷേ മറ്റു സംസ്ഥാനങ്ങളിലേക്കു കടക്കണമെങ്കിൽ അവിടത്തെ സർക്കാരുകളുടെ അനുമതി വാങ്ങേണ്ടതുണ്ട്. അനുമതി പിൻവലിച്ചതിനാല്‍ സിബിഐയ്ക്ക് ഇനി ആന്ധ്രയിലെ ഒരു കേസിലും ഇടപെടാനാകില്ലെന്നു ഭരണകക്ഷിയായ ടിഡിപി വ്യക്തമാക്കി. സിബിഐയ്ക്കു പകരമായി സംസ്ഥാനത്തെ അന്വേഷണ ഏജൻസിക്കു കൂടുതൽ അധികാരങ്ങളും സർക്കാർ നൽകിയിട്ടുണ്ട്.

നവംബർ എട്ടിലെ സർക്കാർ ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ വ്യാഴാഴ്ചയാണു പുറത്തുവന്നത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നു കഴിഞ്ഞ മാർച്ചിലാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എൻഡിഎ വിട്ടത്. കഴിഞ്ഞ ആറു മാസങ്ങളായി സിബിഐയില്‍ നടക്കുന്ന കാര്യങ്ങളെ തുടർന്നാണു നടപടിയെന്നു ടിഡിപി നേതാവ് ലങ്കാ ദിനകർ എഎൻഐയോടു പറഞ്ഞു. മോദി സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് സിബിഐയ്ക്കു സ്വാതന്ത്ര്യം നഷ്ടമായിരിക്കുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്രം സിബിഐയെ ഉപയോഗിക്കുകയാണെന്നും അവര്‍ പറഞ്ഞു.

related stories