Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത മഴ: രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി

Idukki Rain മാട്ടുപ്പെട്ടിയിൽ റോഡിലേക്കു മണ്ണിടിഞ്ഞുവീണപ്പോൾ (ഇടത്); തോടുകൾ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറിയ നിലയിൽ

തൊടുപുഴ∙ ഗജ ചുഴലിക്കാറ്റ് ന്യൂനമർദമായി കേരളത്തിൽ പ്രവേശിച്ചതിനുപിന്നാലെ ഇടുക്കിയിൽ ശക്തമായ മഴ. മൂന്നാറിനു സമീപം വട്ടവടയിൽ ഉരുൾപൊട്ടി. രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ടു. മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകുന്നു. മൂന്നാറിലും ശക്തമായ മഴ. പഴയ മൂന്നാറിൽ വെള്ളം ഉയരുകയാണ്. ദേശീയപാതയിൽ വെള്ളം കയറിയെങ്കിലും മൂന്നാറിൽ ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. മാട്ടുപ്പെട്ടി ഡാമിനു സമീപം റോഡിൽ മണ്ണിടിഞ്ഞുവീണ് വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു. മൂന്നാർ–മറയൂർ റൂട്ടുകളെ ബന്ധിപ്പിക്കുന്ന പെരിയവരൈയിലെ താൽക്കാലിക പാലം തകർന്നു.

മണ്ണിടിഞ്ഞ് പന്നിയാർകുട്ടിയിൽ ഗതാഗതം തടസ്സപ്പെട്ടു. കൊന്നത്തടി, രാജാക്കാട്, വെള്ളത്തൂവൽ മേഖലയിലും കനത്ത മഴയാണ്. തോടുകൾ കര കവിഞ്ഞൊഴുകി കൃഷിയിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. നേര്യമംഗലം തട്ടേക്കണ്ണിയിൽ ഉരുൾപൊട്ടി വാഹനഗതാഗതം തടസപ്പെട്ടു. ചേലച്ചുവട് വണ്ണപ്പുറം റൂട്ടിൽ പഴയരിക്കണ്ടം റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പരിസരങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പഴയരിക്കണ്ടത് ഗതാഗതം നിലച്ചു.

ചുഴലിക്കാറ്റായി തമിഴ്നാട്ടിൽ വീശിയടിച്ച ഗജ വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് ന്യൂനമര്‍ദമായി മാറി കേരളത്തിൽ പ്രവേശിച്ചത്. ഇടുക്കി, പാലക്കാട് ജില്ലകളിലൂടെ കേരളം കടന്ന് അറബിക്കടലിലേക്ക് പോകും. വെള്ളിയാഴ്ചയും ശനിയാഴ്ചയും ചില ജില്ലകളില്‍ ഇതിന്റെ ഭാഗമായി ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.