Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയില്‍ പിടിമുറുക്കി പൊലീസ്; കടുത്ത അതൃപ്തിയില്‍ ദേവസ്വം ബോര്‍ഡ്

police-at-nilakkal നിലയ്ക്കലിൽ സ്വകാര്യ വാഹനങ്ങൾ തടയുന്ന പൊലീസ്. ചിത്രം: അരവിന്ദ് വേണുഗോപാൽ

ശബരിമല∙ യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കാനെന്ന പേരിൽ ശബരിമലയിലും പരിസരത്തും കടുത്ത നിയന്ത്രണങ്ങൾ. നിയന്ത്രണങ്ങൾക്കെതിരെ അതൃപ്തിയുമായി ദേവസ്വം ബോർഡ് രംഗത്തെത്തി. ഹരിവരാസനം പാടി ശബരിമല നട അടച്ചാൽ സന്നിധാനത്തു പിന്നെയൊന്നും പാടില്ലെന്ന തരത്തിലാണു പൊലീസ് നിയന്ത്രണം.

നട അടയ്ക്കുന്നതിനോടൊപ്പം സന്നിധാനത്തെ വഴിപാട് കൗണ്ടറുകൾ പൂട്ടണം. ഹോട്ടലുകളും കടകളും രാത്രി 11നു ശേഷം പ്രവർത്തിക്കരുത്. ഈ സമയത്തിനു ശേഷം കടകളിൽനിന്നു ഭക്ഷണം നൽകരുത്. നിലയ്ക്കലിൽ മാത്രമേ വിരി വയ്ക്കാവൂ. അപ്പം – അരവണ കൗണ്ടറുകൾ രാത്രി 10നും അന്നദാന കൗണ്ടർ രാത്രി 11നും അടയ്ക്കണം. മുറികൾ രാത്രി വാടകയ്ക്കു നൽകരുത്. നടയടച്ചാൽ തീർഥാടകരെ സന്നിധാനത്തു നിൽക്കാൻ സമ്മതിക്കില്ല. ദേവസ്വം ബോർഡിന്റെ പിൽഗ്രിം സെന്റർ, ഡോണർ‌ ഹൗസ് എന്നിവിടങ്ങളിൽ തീർഥാടകരെ താമസിപ്പിക്കരുത്. നടയടച്ച ശേഷം എല്ലാ കെട്ടിടങ്ങളുടെയും മുറികൾ പൂട്ടി താക്കോൽ എൽപ്പിക്കണമെന്നും  പൊലീസ് നിർ‌ദേശിക്കുന്നു.

പൊലീസ് ഏകപക്ഷീയമായാണ്‌ സന്നിധാനത്തു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നു ദേവസ്വം ബോർഡ് പറഞ്ഞു. വഴിപാട്, പ്രസാദ കൗണ്ടറുകൾ അടക്കം രാത്രിയിൽ അടപ്പിക്കുന്നതു വരുമാനം ഇല്ലാതാകുമെന്നു ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയന്ത്രണങ്ങൾ പാടില്ലെന്നു ബോർഡ് അഭിപ്രായപ്പെട്ടു. ബോർഡിന്റെ അതൃപ്തി അറിയിക്കാൻ എക്സിക്യൂട്ടീവ് ഓഫിസർ ബി.സുധീർകുമാർ ഐജി വിജയ് സാക്കറെയുമായി ചർച്ച നടത്തും.

സീസണിൽ പുലർച്ചെ മൂന്നിനാണു നട തുറക്കാറുള്ളത്. ഭക്തർക്ക് ഇത്ര നിയന്ത്രണമാണെങ്കിൽ നാലിനു തുറന്നാൽ പോരെയെന്നു ബോർഡിലെ ചില ഉദ്യോഗസ്ഥർ ചോദിക്കുന്നു. രാവിലെ എത്ര മണി മുതൽ തീർഥാടകരെ കയറ്റിവിടുമെന്നു പൊലീസ് പറയാത്തതിനാൽ, വളരെ നേരത്തേ നട തുറക്കേണ്ടതുണ്ടോയെന്നാണ് ഇവരുടെ സംശയം.

പൊലീസിന് എല്ലായിടത്തും യൂണിഫോം നിർബന്ധമാക്കി. പരസ്പരം സ്വാമിയെന്ന് അഭിസംബോധന ചെയ്യരുതെന്നും പൊലീസിനു നിർദേശമുണ്ട്. രാവിലെ പമ്പയിലും സന്നിധാനത്തും മാധ്യമങ്ങളെ അനുവദിച്ച പൊലീസ്, നിലയ്ക്കലിൽ മാധ്യമ പ്രവർത്തകരെ തടഞ്ഞു. മാധ്യമങ്ങൾക്കു വിലക്കില്ലെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിലയ്ക്കലിൽ പറഞ്ഞതിനു തൊട്ടു പിന്നാലെയാണു മാധ്യമങ്ങളെ തടഞ്ഞത്. സന്നിധാനത്തു കനത്ത മഴ പെയ്യുകയാണ്.

police-nilakkal നിലയ്ക്കലിൽ സ്വകാര്യ വാഹനങ്ങൾ തടയുന്ന പൊലീസ്. ചിത്രം: അരവിന്ദ് വേണുഗോപാൽ