Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി ശ്രദ്ധിച്ചു കേൾക്കും; ചെന്നിത്തല അതിശയിപ്പിച്ചു: മുരളി തുമ്മാരുകുടി

muralee-thummarukudy മുരളി തുമ്മാരുകുടി. ചിത്രം: ഫെയ്സ്ബുക്

കോട്ടയം∙ പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമാണ പ്രക്രിയയുടെ അനുഭവങ്ങൾ പങ്കുവച്ചു യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ശബരിമലയിലെ പ്രശ്നങ്ങൾക്കിടയിലും കേരളത്തിന്റെ പുനർനിർമാണത്തിനുള്ള തയാറെടുപ്പുകൾ പിന്നണിയിൽ നടക്കുന്നുണ്ട്. ശബരിമലയും ബ്രൂവറിയും ഒക്കെയായി സർക്കാരുമായി പല അഭിപ്രായ വ്യത്യാസങ്ങളുള്ളപ്പോഴും പുനർനിർമാണത്തിന്റെ മീറ്റിങ്ങിനു വരുമ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അതിശയിപ്പിക്കുന്നു. വിഷയങ്ങൾ നന്നായി പഠിച്ച്, പ്രസക്തമായ അഭിപ്രായങ്ങൾ മലയാളത്തിലും ഇംഗ്ലിഷിലും പ്രകടിപ്പിക്കും. അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടണമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

ഒരു ഉപദേശിയുടെ ഓർമക്കുറിപ്പുകൾ..

ശബരിമലയിലെ പ്രശ്നങ്ങൾക്ക് ഇടയിലും കേരളത്തിന്റെ പുനർനിർമാണത്തിനുള്ള തയാറെടുപ്പുകൾ പിന്നണിയിൽ നടക്കുന്നുണ്ട് എന്നതു ഭൂരിപക്ഷം മലയാളികൾക്കും അറിയാത്ത കാര്യമാണ്. നവകേരള നിർമാണത്തിനുള്ള "Rebuild Kerala Initiative" എന്ന സംവിധാനത്തിന്റെ ഉപദേശക സമിതിയിൽ ഞാൻ അംഗമാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, 4 മന്ത്രിമാർ, ചീഫ് സെക്രട്ടറി, പുറമെ നിന്നുള്ള ഏതാനും അംഗങ്ങൾ ഇവർ ഉൾപ്പെട്ടതാണ് ഈ സമിതി. കേരളത്തിലെ സർക്കാർ സംവിധാനങ്ങളുമായി അടുത്ത് ആദ്യമായിട്ടാണ് ഇടപഴകുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം ഈ കമ്മിറ്റിയുടെ 2 മീറ്റിങ്ങുകൾ കഴിഞ്ഞു. അതിന്റെ ചില അനുഭവങ്ങൾ പങ്കുവയ്ക്കാം.

1. ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ ഇരുന്ന് വിഡിയോ വഴിയാണ് 2 മീറ്റിങ്ങിലും പങ്കെടുത്തത്. ഒരു മൊബൈൽ ഫോൺ ആപ്പ് വഴി. വളരെ ക്ലിയർ ആയി നമുക്കു കാണാനും കേൾക്കാനും പറ്റും. ഇനി മലയാളികൾ ലോകത്ത് എവിടെ ആണെങ്കിലും അവരുടെ ഉപദേശം നമ്മുടെ സർക്കാരോ സ്വകാര്യ സ്ഥാപനങ്ങളോ അക്കാദമിക്ക് സ്ഥാപനങ്ങളോ തേടാതിരിക്കാൻ ഒരു ന്യായീകരണവും ഇല്ല.

2. നമ്മുടെ മുഖ്യമന്ത്രി ഏറെ സമയനിഷ്ഠ ഉള്ള ആളാണ്. അതുകൊണ്ട് മീറ്റിങ്ങുകൾ സമയത്തിനുതന്നെ തുടങ്ങും, അവസാനിക്കുകയും ചെയ്യും.

3. മീറ്റിങ്ങുകൾ പ്ലാൻ ചെയ്യുന്നതിലും അതിന്റെ ബാക്ക്ഗ്രൗണ്ട് റീഡിങ് ഡോക്യുമെന്റുകൾ അയക്കുന്ന കാര്യത്തിലും കുറച്ചുകൂടി കാര്യങ്ങൾ പുരോഗമിക്കാനുണ്ട്.

4. മീറ്റിങ്ങിൽ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശരിക്കു ശ്രദ്ധിച്ചു കേൾക്കുക എന്നതാണു മുഖ്യമന്ത്രിയുടെ രീതി. സംസാരിക്കുമ്പോൾ തന്നെ സ്വന്തം അഭിപ്രായങ്ങൾ പറയുകയല്ല, എന്തെങ്കിലും ഒക്കെ ക്ലാരിഫിക്കേഷൻ ചോദിക്കാറാണു പതിവ്. "Good leaders should be good listners" എന്നാണു നല്ല മാനേജ്‌മെന്റ് തത്വവും.

5. എന്നെ ഏറ്റവും അതിശയിപ്പിച്ചതു പ്രതിപക്ഷ നേതാവാണ്. ശബരിമലയും ബ്രൂവറിയും ഒക്കെയായി സർക്കാരുമായി പല അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കുന്നതും പുറത്തു ശക്തമായി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന സമയമാണ്. പക്ഷെ പുനർനിർമാണത്തിന്റെ മീറ്റിങ്ങിനു വരുമ്പോൾ അതൊന്നും വിഷയമല്ല. വിഷയങ്ങൾ നന്നായി പഠിച്ച്, വളരെ പ്രസക്തമായ അഭിപ്രായങ്ങൾ മലയാളത്തിലും ഇംഗ്ലിഷിലും പ്രകടിപ്പിക്കും. ഞാൻ നേരിട്ട് അറിയുന്ന ആളല്ല പ്രതിപക്ഷ നേതാവ്. അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടണം എന്നും സംസാരിക്കണം എന്നും തീരുമാനിച്ചു.

Pinarayi Vijayan, Ramesh Chennithala പിണറായി വിജയൻ, രമേശ് ചെന്നിത്തല

6. പുനർനിർമാണം "ഒന്നും നടക്കുന്നില്ല" എന്നൊക്കെ ആളുകൾക്കു തോന്നുന്നുണ്ട്. കുറച്ചൊക്കെ ശരിയും ഉണ്ട്. പക്ഷെ പുനർനിർമാണം എന്നത് ഒരു 100 മീറ്റർ സ്പ്രിന്റ് അല്ല, ഫുൾ മാരത്തോൺ ആണ്. അതുകൊണ്ടു തന്നെ ചർച്ചകളും പ്ലാനിങ്ങും ഒക്കെ പ്രധാനമാണ്. ചർച്ചകൾ പ്രവൃത്തിയിലേക്കു നീങ്ങണം എന്നതാണു പ്രധാനം.

7. നവകേരളം എന്നതു പുനർനിർമാണം മാത്രമല്ല, കേരളത്തിലെ ഭൂവിനിയോഗം തൊട്ടു കെട്ടിട നിർമാണം വരെ, നികുതി ഘടന മുതൽ വിദ്യാഭ്യാസം വരെ ഉള്ള കാര്യങ്ങളിൽ പുതിയ കാഴ്ചപ്പാടുകളും നയങ്ങളും നിയമങ്ങളും ഒക്കെ കൊണ്ടുവരുന്നതും കൂടിയാണ് എന്നതാണ് എന്റെ പ്രധാന ഉപദേശം. പറ്റുമ്പോൾ ഒക്കെ അത് ഞാൻ കൊടുക്കുന്നുണ്ട്.

8. ഉപദേശക സമിതിയിൽ ഇപ്പോൾ ഒരു സ്ത്രീ മാത്രമാണ് ഉള്ളത്. നവകേരളത്തിൽ സ്ത്രീപ്രാതിനിധ്യം ഇതൊന്നും പോരാ. ഇക്കാര്യവും ഞാൻ ഇടക്കിടക്ക് പറയുന്നുണ്ട്.

9. "ചുമ്മാതല്ല ഇയാൾ സർക്കാരിനെ താങ്ങിക്കൊണ്ട് നടക്കുന്നത്" എന്ന് ആത്മഗതം വേണ്ട. ഉപദേശക സമിതിക്കു ശമ്പളവും യാത്രബത്തയും ഒന്നുമില്ല. തിരുവനന്തപുരത്ത് മീറ്റിങ്ങിൽ പങ്കെടുക്കുന്നവർക്ക് ചായയും ബിസ്ക്കറ്റും ഉണ്ട്. ജനീവയിൽ ഞാൻ അത് സ്വന്തമായി സംഘടിപ്പിക്കണം.

10. ഉപദേശക സമിതി വഴി ഞാൻ സർക്കാരിലേക്ക് എത്തിക്കുന്നത് എന്റെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രമല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ തീർച്ചയായും പറയണം. ഇമെയിൽ ചെയ്താലും മതി.

related stories