Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്നിധാനത്തെ ഭക്തർക്കുള്ള നിയന്ത്രണം: പൊലീസിന്റെ തീരുമാനം നാളെ

police-at-sabarimala

തിരുവനന്തപുരം ∙ ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെ സംബന്ധിച്ച് പൊലീസിന്റെ തീരുമാനം നാളെ. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങള്‍ ഭക്തരെ ബാധിക്കുന്നതായി ഡിജിപിയുമായുള്ള കൂടിക്കാഴ്ചയില്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് അറിയിച്ചു. കൂടിയാലോചനയ്ക്കു ശേഷം എന്തൊക്കെ മാറ്റം വരുത്താന്‍ കഴിയുമെന്ന് അറിയിക്കാമെന്ന് ഡിജിപി വ്യക്തമാക്കി.

ഹരിവരാസനം കഴിഞ്ഞ് ക്ഷേത്രം അടച്ചാല്‍ അപ്പം, അരവണ, നെയ്യഭിഷേകം തുടങ്ങിയ വഴിപാട് കൗണ്ടറുകള്‍ അടച്ചിടണമെന്നും തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ മുറികള്‍ നല്‍കരുതെന്നും ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറോട് പൊലീസ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദേശപ്രകാരം നിയന്ത്രണം പിന്‍വലിച്ചു. സന്നിധാനത്തെ കടകള്‍ രാത്രി അടയ്ക്കില്ലെന്നും അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി 11ന് അടയ്ക്കില്ലെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍ നെയ്യഭിഷേകത്തിനായി വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണം നീക്കിയിട്ടില്ല.

ഭക്തര്‍ക്ക് ആചാരങ്ങളില്‍ വീഴ്ച വരാതെ പ്രാര്‍ഥന നടത്താനുള്ള അവസരമൊരുക്കണമെന്നു ബോര്‍ഡ് ഡിജിപിയോട് ആവശ്യപ്പെട്ടു. രാത്രിയെത്തുന്നവര്‍ക്ക് രാവിലെ വരെ െനയ്യഭിഷേകത്തിനു തങ്ങാമെന്നു പൊലീസ് അറിയിച്ചിരുന്നെങ്കിലും സന്നിധാനത്ത് വിരിവച്ച സംഘങ്ങളെ ഇന്നലെ നീക്കിയിരുന്നു. സുരക്ഷയ്ക്കു വീഴ്ച വരാത്ത രീതിയില്‍ നെയ്യഭിഷേകത്തിനു സൗകര്യം ഒരുക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. പൊലീസ് നിയന്ത്രണങ്ങളുള്ളതിനാല്‍ പ്രസാദം വാങ്ങാൻ കഴിയുന്നില്ലെന്ന പരാതിയും ബോര്‍ഡ് ശ്രദ്ധയില്‍പ്പെടുത്തി. കൂടുതല്‍ പ്രസാദ കൗണ്ടറുകള്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചാല്‍ സന്നിധാനത്തെ തിരക്കു കുറയ്ക്കാന്‍ കഴിയുമെന്നാണ് ബോര്‍ഡിന്റെ അഭിപ്രായം.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനു പുതിയ രീതികള്‍ അവലംബിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി. സുരക്ഷാകാരണങ്ങളാല്‍ സന്നിധാനത്ത് അധിക സമയം തങ്ങാന്‍ പൊലീസ് ഇപ്പോള്‍ അനുവദിക്കാറില്ല. സന്നിധാനത്ത് തങ്ങുന്നതിനു നിയന്ത്രണം വേണമെന്നാണ് ബോര്‍ഡിന്റെയും അഭിപ്രായം. എന്നാല്‍ ഭക്തരെ ബാധിക്കുന്ന രീതിയിലേക്ക് അതു മാറാന്‍ പാടില്ല. സന്നിധാനത്ത് പരിമിതമായ താമസ സൗകര്യമാണുള്ളത്. വനമേഖലയായതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. വരുന്ന ഭക്തരുടെ കണക്കിനനുസരിച്ച് മുറികള്‍ നിര്‍മിക്കാന്‍ കഴിയില്ല. ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ ചിലതു പൊളിച്ചു കളയണമെന്നാണ് ശബരിമല ഉന്നതാധികാര സമിതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. സന്നിധാനത്ത് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിനും തടസമുണ്ട്. ഈ സാഹചര്യത്തില്‍ നിലയ്ക്കലും പമ്പയിലും ഭക്തര്‍ക്ക് തങ്ങുന്നതിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് ബോര്‍ഡ് ആലോചിക്കുന്നത്. ഇതോടൊപ്പം സന്നിധാനത്ത് ഉദ്യോഗസ്ഥര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ചിലതു ഭക്തര്‍ക്കായി വിട്ടു നല്‍കാനും ആലോചനയുണ്ട്.

സന്നിധാനത്ത് തങ്ങുന്ന ഇതര സംസ്ഥാനക്കാരായ ഭക്തര്‍ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സ്റ്റൗവ് അടക്കമുള്ള കൊണ്ടുവരുന്നത് മറ്റൊരു ഭീഷണിയാണ്. ഇതെല്ലാം എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന ആലോചനയും ബോര്‍ഡില്‍ തുടങ്ങി.