Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചർച്ചയിലൂടെ താലിബാനെ ‘മെരുക്കാൻ’ ട്രംപിന്റെ ഇടപെടൽ; 2019ൽ സമാധാനമെന്ന് ദൗത്യസംഘം

Donald-Trump ഡോണൾഡ് ട്രംപ്(ഇടത്)

കാബൂൾ∙ കണക്കുകൂട്ടലുകൾ തെറ്റിയില്ലെങ്കിൽ അടുത്ത വർഷം ഏപ്രിൽ അവസാനത്തോടെ അഫ്ഗാനിസ്ഥാനിൽ സമാധാനത്തിന്റെ പുതുസൂര്യൻ ഉദിക്കും. മറികടക്കാനുള്ളത് ഒട്ടേറെ വെല്ലുവിളികളാണ്. പക്ഷേ നടക്കില്ലെന്നു കരുതിയിരുന്ന കൂടിക്കാഴ്ചകൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ ശുഭാപ്തി വിശ്വാസവും ഏറുന്നു. യുഎസ് പ്രത്യേക ദൗത്യസംഘവും താലിബാനുമായാണു കൂടിക്കാഴ്ച നടന്നത്.

ഖത്തറിൽ ഒക്ടോബറിൽ നടന്ന കൂടിക്കാഴ്ച മൂന്നു ദിവസം നീണ്ടു. അടുത്ത ഘട്ട ചർച്ചകൾ എന്നാണെന്നു വ്യക്തമായിട്ടില്ല. എന്നാൽ തങ്ങളുടെ ആവശ്യങ്ങളുമായി വീണ്ടും ദൗത്യസംഘത്തെ കാണുമെന്നു താലിബാൻ പ്രഖ്യാപിച്ചു. ഇതിനുള്ള മറുപടിയായാണു ദൗത്യസംഘത്തലവൻ സൽമായ് ഖാലിൽസാദ് സമാധാന കരാറിന്റെ സാധ്യതകളെപ്പറ്റി വ്യക്തമാക്കിയത്.  

അടുത്ത വർഷം ഏപ്രിൽ 20നു മുന്നോടിയായി സമാധാന കരാർ ഉണ്ടാകുമെന്നാണു പ്രതീക്ഷ. ആ സമയത്താണ് അഫ്ഗാനിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പും. കഴിഞ്ഞ 17 വർഷമായി അഫ്ഗാൻ സർക്കാരിനൊപ്പം ചേർന്ന് യുഎസ് സൈന്യം താലിബാനെതിരെ പോരാടുകയാണ്. എന്നിട്ടും ഇപ്പോഴും രാജ്യത്തിന്റെ പകുതി ഭാഗവും താലിബാന്റെ കൈവശമാണ്. മാത്രവുമല്ല തുടർച്ചയായി രാജ്യത്ത് അക്രമസംഭവങ്ങളും ഈ ഭീകരസംഘടനയുടെ നേതൃത്വത്തിൽ അരങ്ങേറുന്നു. സൈനികരെയും സർക്കാർ ഉദ്യോഗസ്ഥരെയുമാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നതും.

തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നതോടെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരം താലിബാനുമായി കൂടിയാലോചനകൾക്കു തീരുമാനിച്ചത്. അടുത്ത വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പു മാറ്റി വയ്ക്കണമെന്നും ചർച്ചയിൽ  താലിബാൻ ആവശ്യപ്പെട്ടതായാണു വിവരം. സമാധാനത്തിൽ തീരുമാനമാകും വരെ ഇരുവിഭാഗത്തിനും സമ്മതനായ ഒരു ഇടക്കാല സർക്കാർ ഭരിക്കട്ടെയെന്നും താലിബാൻ നിർദേശിച്ചു. താലിബാൻ നേതൃത്വത്തിന്റെ മുൻനിരയിലുള്ള ഖൈറുള്ള ഖൈർഖ്‌വായും മുഹമ്മദ് ഫസലും ഖത്തറിൽ ചർച്ചകൾക്കെത്തിയിരുന്നു. 

ഖത്തറിലെ ചർച്ചകള്‍ക്കു പിന്നാലെ കാബൂളിലെത്തിയ സൽമായ് യുഎസ്–താലിബാൻ–അഫ്ഗാൻ ചർച്ചയാണു ലക്ഷ്യമിടുന്നത്. യുഎസ് നയതന്ത്ര വിദഗ്ദനായ സൽമായ് ജനിച്ചത് അഫ്ഗാനിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പലപ്പോഴും നിർണായക ഇടപെടലുകളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. സമാധാനത്തെപ്പറ്റി താൻ ‘ജാഗ്രതയോടെ ശുഭാപ്തി വിശ്വാസം’ പുലർത്തുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. താലിബാനുമായുള്ള യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണു മനസ്സിലെങ്കിലും യുഎസിനു മുന്നിൽ കടമ്പകളേറെയാണ്. 

നിരന്തര ചർച്ചകൾക്കൊടുവിൽ സമാധാനം നിറഞ്ഞ അഫ്ഗാനിസ്ഥാനായിരിക്കും ഉണ്ടാവുകയെന്ന് സൽമായ് പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്. സ്വയവും രാജ്യാന്തര സമൂഹത്തിനും യാതൊരു തരത്തിലും ഭീഷണിയാകാത്ത അഫ്ഗാനാണു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഎസ് സംഘത്തിനു മുന്നിൽ ഒരുകൂട്ടം പുതിയ ആവശ്യങ്ങളായിരിക്കും താലിബാൻ വയ്ക്കുക. അഫ്ഗാനിൽ നിന്ന് അവസാനത്തെ യുഎസ് സൈനികനും ഒഴിഞ്ഞു പോകുന്നത് എന്നാണെന്നതിന്റെ കൃത്യമായ ദിവസം പറയണമെന്നതാണ് ഒന്ന്. ജയിലിലടച്ച താലിബാൻ നേതാക്കളെ പുറത്തുവിടണമെന്നതാണു രണ്ടാമത്തെ ആവശ്യം. 

താലിബാന്റെ സ്ഥാപക നേതാക്കളിലൊരാളെയും മുതിർന്ന കമാൻഡറെയും കഴിഞ്ഞ മാസം പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കുള്ള സംഘത്തിലും താലിബാൻ മാറ്റം വരുത്തുമെന്നാണു കരുതുന്നത്. അഫ്ഗാൻ പ്രസിഡന്റ് അഷ്റാഫ് ഘാനിയുമായും സമാധാന കരാർ സംബന്ധിച്ച് യുഎസ് തുടർ ചർച്ചകൾ നടത്തുന്നുണ്ട്. അഫ്ഗാന്റെ പുതിയ സംഘത്തെ ചർച്ചകൾക്കായി നിയോഗിക്കാനും സമ്മർദ്ദം ചെലുത്തുന്നുണ്ട്.‘കഴിഞ്ഞ വർഷം ഈ സമയത്ത് സമാധാനം സംബന്ധിച്ചു യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. എന്നാൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ താലിബാൻ പുനർവിചിന്തനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നത്’– ചർച്ചയെപ്പറ്റി യുഎസ് ജോയിന്റ് ചീഫ്സ് ചെയർമാൻ ജനറൽ ജോസഫ് ഡൺഫോഡ് പറഞ്ഞു.