Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ശബരിമലയിലേക്ക്; സൗകര്യമൊരുക്കാമെന്ന് പൊലീസ് ഉറപ്പുനല്‍കി: ശശികല

kp-sasikala കെ.പി. ശശികല

പത്തനംതിട്ട ∙ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഇന്നു വീണ്ടും മലചവിട്ടാനൊരുങ്ങുന്നു. പൊലീസിനെ അറിയിച്ച ശേഷമായിരിക്കും താൻ പുറപ്പെടുകയെന്നും വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്ന് പൊലീസ് ഉറപ്പു നൽകിയെന്നും ശശികല അറിയിച്ചു. സന്നിധാനത്തെ അസൗകര്യങ്ങള്‍ മറച്ചുവയ്ക്കാനാണു കരുതല്‍തടങ്കൽ. ഭക്തര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണന്നും ശശികല കുറ്റപ്പെടുത്തി.

മലകയറാനെത്തിയ കെ.പി. ശശികലയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് രണ്ടുപേരുടെ ആൾ ജാമ്യത്തിൽ വിട്ടിരുന്നു. ആരോഗ്യം അനുവദിച്ചാൽ ഇന്നലെത്തന്നെ താൻ മല ചവിട്ടുമെന്നു ശശികല വ്യക്തമാക്കിയിരുന്നു. അഞ്ചംഗ സംഘപരിവാർ സംഘത്തിനൊപ്പം ശബരിമലയിലെക്കെത്തിയ ശശികലയെ ആറു മണിക്കൂറോളം മരക്കൂട്ടത്തു തടഞ്ഞു നിർത്തിയ ശേഷമായിരുന്നു അറസ്റ്റ്.

രാത്രിയിൽ സന്നിധാനത്ത് താമസിക്കരുതെന്ന നിയന്ത്രണം ലംഘിക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധത്തിനു നേതൃത്വം കൊടുത്തതുമാണ് തടയാൻ പൊലീസ് പറഞ്ഞ കാരണങ്ങൾ. മരക്കൂട്ടത്തെ നടപ്പന്തലിൽ ഉപവാസം തുടങ്ങിയതോടെ പമ്പയിലേക്കു മാറണമെന്ന് പൊലീസ് അവശ്യപ്പെട്ടു. നിരസിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വനിതാ പൊലീസ് അറസ്റ്റ് ചെയ്തു ജീപ്പിൽ റാന്നി സ്റ്റേഷനിലേക്കു മാറ്റി.

സമാന കാരണങ്ങളാലാണു സന്നിധാനത്ത് ഗസ്റ്റ് ഹൗസിൽ താമസിച്ച പി.സുധീറിനെയും അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ കരുതൽ നടപടികളും കടുത്ത നിയന്ത്രണങ്ങളും മൂലം പ്രതിഷേധക്കാരെ ഒഴിവാക്കി സന്നിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനായെന്നാണു പൊലീസിന്റെ വിലയിരുത്തൽ. തുലാമാസ പൂജ സമയത്തും ചിത്തിര ആട്ടത്തിരുനാളിലും യുവതീപ്രവേശം തടയാനായി സംഘപരിവാർ നേതാക്കളടക്കം നൂറുകണക്കിനു പ്രതിഷേധക്കാർ തമ്പടിച്ചിരുന്ന വലിയ നടപ്പന്തലാണിത്.