Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുമുടിക്കെട്ട് സുരേന്ദ്രൻ രണ്ടുതവണ മനഃപൂർവം താഴെയിട്ടു; വിഡിയോ പുറത്തുവിട്ട് കടകംപള്ളി

k-surendran-cctv-visuals കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽനിന്ന്.

തിരുവനന്തപുരം∙ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ. സുരേന്ദ്രനു പൊലീസ് സ്റ്റേഷനില്‍ എല്ലാ സൗകര്യവുമൊരുക്കിയിരുന്നെന്നു മന്ത്രി പറഞ്ഞു. കിടക്കാന്‍ സിഐയുടെ ബെഞ്ചില്‍ സൗകര്യമൊരുക്കി. കുടിക്കാന്‍ ചൂടു വെള്ളം നല്‍കി. ഭക്ഷണം നല്‍കിയെന്നും മരുന്നു കഴിക്കാനുള്ള സൗകര്യമൊരുക്കിയെന്നും മന്ത്രി പറഞ്ഞു.

അനുയായികള്‍ വരുംവരെ കൊണ്ടുപോകരുതെന്നു സുരേന്ദ്രൻ നിലപാടെടുത്തു. എസ്പി തന്നെയാണു നേരിട്ടുവന്നു സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയത്. ഇരുമുടിക്കെട്ട് സ്വയം താഴെയിട്ടതാണ്. പൊലീസ് ചവിട്ടിയിട്ടില്ല. മാധ്യമങ്ങളോടു സുരേന്ദ്രന്‍ പറഞ്ഞതെല്ലാം കള്ളമാണ്. പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. സുരേന്ദ്രന്‍ ചെയ്തുകൂട്ടുന്നതൊന്നും വിശ്വാസത്തിന്‍റെ പേരിലല്ലെന്നും മന്ത്രി പറഞ്ഞു. ഈ സിസിടിവി ദൃശ്യങ്ങൾ മന്ത്രി ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടു.

മന്ത്രിയുടെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം

ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നതു ചിറ്റാർ പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി രണ്ടു തവണയും ഇതു തിരിച്ചെടുത്തു ചുമലിൽ വച്ചു കൊടുക്കുന്നുമുണ്ട്. പുറത്തു തന്നെ കാത്തു നിൽക്കുന്ന മാധ്യമങ്ങൾക്കും ബിജെപി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ചു കീറുകയും ചെയ്തു.

കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്നു സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹ്ന ഫാത്തിമയെ ടാഗ് ചെയ്തു ഫെയ്സ്‌ബുക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ആചാരലംഘനത്തിനെതിരെ പോരാടിയതിനുള്ള സര്‍ക്കാരി‍ന്‍റെ പ്രതികാരനടപടിയാണ് അറസ്റ്റെന്ന് കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ജയിലില്‍പോകാന്‍ മടിയില്ല. പൊലീസ് മര്‍ദിച്ചെന്നും പ്രാഥമികാവശ്യങ്ങള്‍ നടത്താന്‍ അനുവദിച്ചില്ലെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരുന്ന് കഴിക്കാന്‍ സമ്മതിതിച്ചില്ലെന്നതടക്കം ആരോപണങ്ങളും സുരേന്ദ്രന്‍ ഉന്നയിച്ചിരുന്നു.