Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ചതി അവരുടെ രക്തത്തിൽ’: കേരളവും പശുവും ബീഫും മധ്യപ്രദേശിൽ ആയുധമാക്കി മോദി

Narendra-Modi-Cow-Kannur മധ്യപ്രദേശ് തിര‍ഞ്ഞെടുപ്പു പ്രചാരണത്തിനിടെ നരേന്ദ്രമോദി (ഇടത്) കണ്ണൂരിൽ നടന്ന പ്രതിഷേധം (ഫയല്‍ചിത്രം–വലത്)

ഛിന്ദ്വാര∙ മധ്യപ്രദേശ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ കേരളവും പശുവും ബീഫും ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഫ് നിരോധനത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ മാടിനെ പരസ്യമായി അറുത്തു പ്രതിഷേധിച്ചതാണു മോദി ആയുധമാക്കിയത്. കണ്ണൂരിലെ തായത്തെരുവിൽ നടന്ന സംഭവം തിരഞ്ഞെടുപ്പു റാലിയിൽ വിഷയമാക്കാൻ മോദിയെ പ്രകോപിപ്പിച്ചതാകട്ടെ പ്രകടന പത്രികയിൽ കോൺഗ്രസ് നടത്തിയ ‘പശുസ്നേഹ’വും. കോൺഗ്രസിന്റെ രക്തത്തിൽത്തന്നെ ജനങ്ങളെ പറ്റിക്കുന്ന സ്വഭാവം അലിഞ്ഞു ചേർന്നതാണെന്നും മോദി കുറ്റപ്പെടുത്തി.  

കശാപ്പിനു വേണ്ടി കന്നുകാലികളെ വിൽക്കരുതെന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരെ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ പ്രകടനമായെത്തി മാടിനെ അറുത്തത്. ഇതിന്റെ ഇറച്ചി സൗജന്യമായി നാട്ടുകാർക്കു വിതരണവും ചെയ്തു. ഇതിനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. റിജിൽ മാക്കുറ്റി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പാർട്ടിതലത്തിൽ നടപടിയും വന്നു,

ബിജെപിക്കോട്ട ഇളക്കുമോ കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

ഗോമൂത്രവും ചാണകവും വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്നു വാഗ്ദാനം നൽകിയായിരുന്നു മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ കോൺഗ്രസ് ‘ഗോസ്നേഹം’ കാണിച്ചത്. ‘മധ്യപ്രദേശിൽ കോൺഗ്രസ് പശുവിനെ പ്രകീർത്തിക്കുകയാണ്. അവരുടെ പ്രകടനപത്രികയിൽ ഗോക്കൾക്കു വേണ്ടി പല പദ്ധതികളും പ്രഖ്യാപിച്ചു. പക്ഷേ ഇതേ കോൺഗ്രസ് തന്നെയല്ലേ കേരളത്തിലെ തെരുവിൽ മാടുകളെ കഴുത്തറുത്തു കൊന്നതും ബീഫ് തിന്നുന്നതും..?’– മോദി ചോദിച്ചു. 

‘ജനങ്ങളെ പറ്റിക്കുന്നത് കോണ്‍ഗ്രസ് തുടരുകയാണ്. അത് കോൺഗ്രസിന്റെ രക്തത്തിൽ തന്നെയുണ്ട്. എന്നാൽ മധ്യപ്രദേശിലെ ജനങ്ങൾ ആ പാർട്ടിക്കു പ്രാധാന്യം നൽകില്ലെന്നുറപ്പുണ്ട്’– മോദി പറഞ്ഞു.

തെലങ്കാനയിൽ‌ വിജയിക്കുമോ ടിആർഎസ് തന്ത്രങ്ങൾ? , വിഡിയോ സ്റ്റോറി കാണാം

സർക്കാർ സ്കീമുകൾ അനർഹമായി ഉപയോഗപ്പെടുത്തിയ ആറു കോടി പേരെയാണു കേന്ദ്രം തിരിച്ചറിഞ്ഞത്. ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെയായിരുന്നു അത്. രാജ്യത്തിന്റെ സമ്പത്തിൽ നിന്നു പ്രതിവർഷം 90,000 കോടി രൂപയെങ്കിലും പാഴായിപ്പോകുന്നത് തന്റെ സർക്കാർ തടഞ്ഞെന്നും മോദി കൂട്ടിച്ചേർത്തു. നവംബർ 28നാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ്. 

related stories