Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നു: മുഖ്യമന്ത്രി

Pinarayi Vijayan

കോഴിക്കോട് ∙ കേരളത്തെ ഇരുണ്ട യുഗത്തിലേക്കു കൊണ്ടുപോകാനാണ് ചിലർ ശ്രമിക്കുന്നതെന്നും ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. ശബരിമലയിൽ സർക്കാരിന് പിടിവാശിയില്ല. സംഘർഷമുണ്ടാക്കാൻ മനഃപൂർവം ആളെക്കൂട്ടി കുഴപ്പം കാണിക്കാൻ ചിലർ വരുമ്പോൾ അതിനു കൂട്ടുനിൽക്കാൻ സർക്കാരിനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ അൻ‌പത്തിയഞ്ചാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനത്തിന്റെ പിന്തുടർച്ചക്കാരെന്ന നിലയിൽ നമ്മുടെ നാട് രാജ്യത്തിനു മാതൃകയാണ്. അത് നശിപ്പിക്കാനാണ് ചിലരുടെ ശ്രമം. ഇന്നത്തെ നിലയിൽ കേരളം എത്തിച്ചേർന്നതിന് ഒരു കൂട്ടർ ഒഴികെ എല്ലാവർക്കും പങ്കുണ്ട്. ആ കൂട്ടർ ചാതുർവർണ്യത്തിലാണ് വിശ്വസിച്ചിരുന്നത്. കേരളത്തെ വീണ്ടും ആ ഇരുണ്ട കാലത്തേക്കു കൊണ്ടു പോകാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നത്.

മാറുമറയ്ക്കാൻ അവകാശമില്ലാതിരുന്ന കാലത്ത് മാറുമറച്ച സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറിയിട്ടുണ്ട്. കാലത്തെ പുറകിലേക്കു നയിക്കാൻ ശ്രമിക്കുന്നവരെ സഹായിക്കുന്ന വാർത്താവിന്യാസം ആരെ സഹായിക്കുമെന്നത് ഓർക്കണം. സാമൂഹിക മാറ്റത്തിനായി നിലകൊണ്ട മാധ്യമങ്ങൾ അതേപങ്ക് ഇപ്പോൾ വഹിക്കുന്നുണ്ടോയെന്നതു പരിശോധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയിൽ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് പദ്ധതിയിട്ടിരുന്നു. വിശ്വാസികൾക്കൊപ്പം തന്നെയാണ് സർക്കാർ. ഇതിന്റെ പേരിൽ കലാപഭൂമിയാക്കാൻ ചിലർ ശ്രമിക്കുമ്പോൾ മതനിരപേക്ഷതയാണ് തകർക്കപ്പെടുന്നത്. കേരളത്തെ അപമാനിക്കാനുള്ള നീക്കം മുൻപും നടന്നിട്ടുണ്ട്. അതിനു വഴങ്ങുന്നവരല്ല മലയാളികൾ. മാധ്യമങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപി കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിനുമുന്നിൽ: യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട്∙ മുഖ്യമന്ത്രി സഞ്ചരിച്ച കാറിനുമുന്നിലേക്ക് ബിജെപി കൊടിയുമായി ചാടിവീണ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതിനുശേഷം റോഡിലേക്കിറങ്ങിയപ്പോഴാണു സംഭവം. അകമ്പടി വാഹനത്തിനുമുന്നിലേക്ക് കുതിച്ചെത്തിയയാളെയും പിടികൂടി. സമ്മേളനം നടന്ന മാവൂർ റോഡിലെ ഹോട്ടലിനുസമീപം കനത്ത പൊലീസ് കാവലുണ്ടായിരുന്നെങ്കിലും ഹോട്ടിലിന് ഏകദേശം 100 മീറ്റർ അകലെയായാണു രണ്ടുപേരും നാമജപങ്ങളുമായി വാഹനങ്ങൾക്കുനേരെ പാഞ്ഞടുത്തത്. മുന്നിലേക്കെത്തിയ ആളെ ഇടിക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വെട്ടിച്ചു മാറ്റുകയായിരുന്നു.