Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല കയറുംവരെ മാല ഊരില്ല, വിശ്വാസികൾ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷ: രേഷ്മ നിശാന്ത്

reshma-nishanth ധന്യ, രേഷ്മ നിശാന്ത്, ഷനില

കൊച്ചി∙ ശബരിമല ദർശനത്തിനു താൽപര്യമുണ്ടെന്ന് കാട്ടി യുവതികൾ എറണാകുളത്ത് മാധ്യമസമ്മേളനം നടത്തി. കണ്ണൂരിൽനിന്നുള്ള രേഷ്മ നിശാന്ത്, ഷനില, കൊല്ലത്തുനിന്നുള്ള ധന്യ എന്നീ മൂന്നുപേരാണ് മാധ്യമങ്ങൾക്കു മുൻപിലെത്തി തങ്ങളുടെ താൽപര്യം അറിയിച്ചത്.  എറണാകുളം പ്രസ്ക്ലബിന് മുന്നിൽ ഇവർക്കെതിരെ പ്രതിഷേധം ഉണ്ടായി. പൊലീസ് എത്തിയാണ് സ്ത്രീകളെ സുരക്ഷിതമായി പുറത്തിറക്കിയത്. അതേസമയം, യുവതികൾ ആവശ്യപ്പെട്ടാൽ ആവശ്യമായ സംരക്ഷണം നൽകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. 

ശബരിമല കയറി ഇറങ്ങിവരും വരെ വ്രതാനുഷ്ഠാനവുമായി തന്നെ മുന്നോട്ടു പോകുമെന്ന് രേഷ്മ നിശാന്ത് പറഞ്ഞു. മാലയിട്ടു കഴിഞ്ഞാൽ തിരിച്ചിറങ്ങിയ ശേഷമേ മാല ഊരാവൂ എന്നാണ് തന്റെ വിശ്വാസം. അതെനിക്കു വലിയതാണ്. ശബരിമല സന്ദർശിച്ച് തിരികെ എത്തിയ ശേഷമേ മാലയൂരി ഭൗതിക ജീവിതത്തിലേയ്ക്ക് കടക്കൂ. എന്ന് പോകാനാകും എന്നറിയില്ല. നേരത്തെ ഒരു തീയതി പ്രഖ്യാപിച്ച് പോകാനാവില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അത് നേരത്തെ അറിയിച്ച് പോകുകയുമില്ല. വ്രതാനുഷ്ഠാനം പ്രഖ്യാപിച്ചതു മുതൽ കടുത്ത ഭീഷണികൾക്കു നടുവിലൂടെയാണ് കടന്നു പോകുന്നത്. താൻ ശബരിമലയ്ക്ക് പോകുന്നു എന്ന് ഓരോ ദിവസവും വാർത്തകൾ വരുന്നതിനാലാണ് പത്രസമ്മേളനം നടത്തി നിലപാട് അറിയിക്കുന്നത്. 

പെട്ടെന്നുണ്ടായ ഒരു ആവേശത്തിന്റെ പുറത്ത് ശബരിമല പ്രവേശനത്തിന് തീരുമാനിച്ച ഒരാളല്ല താൻ. കൃത്യമായ വ്രതമെടുത്ത് ശബരിമല ചവിട്ടാൻ തീരുമാനിക്കുകയും ഇപ്പോഴും വ്രതമെടുക്കുകയും ചെയ്യുന്ന ഒരാളാണ്. അയ്യപ്പന്റെ അംശമാണ് ഞങ്ങൾ. അതുകൊണ്ടു തന്നെ ആ രീതിയിലുള്ള ജീവിതമേ ഇപ്പോൾ സാധ്യമാകൂ. 

സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നൽകിയിട്ടുള്ള ഒരു കേസിൽ അഭിഭാഷകയെ കാണുന്നതിനാണ് ഇന്ന് എറണാകുളത്തേയ്ക്ക് വന്നത്. താൻ ശബരിമലയിൽ പോകുന്നതിനാണ് വന്നിരിക്കുന്നതെന്നു വാർത്തകൾ കണ്ടു. അതു ശരിയല്ല. അയ്യപ്പന്റെ കടാക്ഷം കൊണ്ട് റെയിൽവേ സ്റ്റേഷനിലും താമസിച്ച ഹോട്ടലിലും ഒന്നും തനിക്കെതിരെ യാതൊരു പ്രതിഷേധവും ഉണ്ടായില്ല. 

വാർത്താ സമ്മേളനത്തിനെത്തിയ എല്ലാവരും പരസ്പരം കാണുന്നതു പോലും ഇവിടെ വന്നശേഷമാണ്. ഒരേ നിലപാട് ഉണ്ട് എന്നല്ലാതെ നേരത്തെ പരിചയമുള്ളവരല്ല. എന്നാൽ ഫോണിൽ കൂടി പരസ്പരം ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ന് ആദ്യമായാണ് കാണുന്നത്. എല്ലാവർക്കും ഒരുമിച്ച് കൂടുന്നതിനു പറ്റിയ സ്ഥലം എറണാകുളം ആയതിനാലാണ് ഇവിടെ വാർത്താ സമ്മേളനം നടത്തുന്നതിന് തീരുമാനിച്ചത് തന്നെ. പൊലീസ് സംരക്ഷണയിലാണ് പ്രസ്ക്ലബ്ബിലേയ്ക്ക് വന്നത്. സംരക്ഷണ നൽകാമെന്ന് പൊലീസ് അറിയിച്ചിരുന്നു.

ശബരിമലയിലേയ്ക്ക് പോകുന്നതിൽ വീട്ടുകാർക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ തങ്ങളുടെ സുരക്ഷയെ കരുതി വീട്ടുകാർ ഇപ്പോൾ പോകേണ്ടതില്ല എന്നാണ് പറഞ്ഞത്. താൻ ജോലി ചെയ്തിടത്ത് തനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. ഒന്നര കിലോമീറ്ററോളം യാത്ര ചെയ്ത് വേണം കോളജിലെത്താൻ. അതിനിടെ പലപ്പോഴും അക്രമവും ഭീഷണിയും നേരിട്ടതിനാലാണ് ജോലി വേണ്ടെന്നു വച്ചത്. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. താൻ മാലയഴിക്കാൻ തയാറായിരുന്നെങ്കിൽ സഞ്ചാര സ്വാതന്ത്ര്യമുണ്ടാകുമായിരുന്നു. എന്നാൽ തനിക്ക് വിശ്വാസമാണ് വലിയതെന്നും രേഷ്മ നിശാന്ത് പറഞ്ഞു. ഭർത്താവിനും കുഞ്ഞിനൊപ്പമാണ് രേഷ്മ കൊച്ചിയിലെത്തിയത്. 

ശബരിമലയിൽ ഇപ്പോൾ നടക്കുന്ന കലാപ സമാന അന്തരീക്ഷത്തിൽ സങ്കടമുണ്ടെന്നു കൊല്ലത്തുനിന്നുള്ള ധന്യ പ്രതികരിച്ചു. ഞങ്ങളുടെ വിശ്വാസത്തെ മുതലെടുത്തു കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് അവസരം ഉണ്ടാക്കുന്നില്ല. അതിനാൽ ഇപ്പോൾ പോകുന്നില്ല. എന്നാൽ ശബരിമലയിൽ പോകുന്നതുവരെ മാല അഴിക്കില്ല. ഞങ്ങൾ മൂന്നുപേർ മാത്രമാണ് ഇപ്പോൾ പൊതുസമൂഹത്തിനു മുന്നിൽവന്നു കാര്യങ്ങൾ പറയുന്നത്. ബാക്കിയുള്ളവർ തൽക്കാലം മുന്നിലേക്കു വരുന്നില്ലെന്നേയുള്ളൂ. അവർ ഞങ്ങളുടെ കൂടെയുണ്ടെന്നും ധന്യ വ്യക്തമാക്കി. മാലയിട്ടതിനുശേഷം ഒരുപാടു ശത്രുക്കൾ ഉണ്ടായതായി ഷനില വ്യക്തമാക്കി. ഞാൻ കഴിഞ്ഞുവരുന്ന തലമുറ ഈ നിയമം ഉപയോഗിച്ച് ശബരിമലയിൽ കയറുമെന്നത് ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.