Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുത്: ഹൈക്കോടതി

sabarimala-temple

കൊച്ചി∙ ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നു ഹൈക്കോടതി. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറൽ (എജി) അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണത്തെ കോടതി അനുകൂലിച്ചു. ശബരിമലയിലെ പൊലീസ് ഇടപെടല്‍ സംബന്ധിച്ച് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് എജി ഹൈക്കോടതിയിൽ ഹാജരായത്.

പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ശുപാർശ നടപ്പാക്കിയോയെന്ന് കോടതി ചോദിച്ചു. ഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചോ? പൊലീസ് മേധാവി സത്യവാങ്മൂലം നൽകണം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത് വിഷയമല്ല. യഥാർഥ ഭക്തർക്കുണ്ടായ ബുദ്ധിമുട്ടുകളാണു പരിഗണിക്കുന്നത്. എന്തുകൊണ്ടാണ് ഭക്തരെ നടപ്പന്തലിൽ വിശ്രമിക്കാൻ അനുവദിക്കാത്തത്. കുട്ടികൾക്കും സ്ത്രീകൾക്കും വിശ്രമിക്കാൻ വേറെ സ്ഥലമുണ്ടെന്നും എജി കോടതിയെ അറിയിച്ചു.

ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആസൂത്രിതശ്രമം നടന്നിട്ടുണ്ട്. നടപ്പന്തലിൽ ആർഎസ്എസ്സുകാർ പ്രശ്നമുണ്ടാക്കി. ഇവരാണ് പിടിയിലായത്. സംഘമായി എത്തണമെന്ന ബിജെപി സർക്കുലർ എജി കോടതിയിൽ സമർപ്പിച്ചു. എന്നാൽ പല പാർട്ടികൾക്കും പല അജൻഡകൾ കാണുമെന്നു കോടതി വ്യക്തമാക്കി.

രാവിലെ വാദം കേൾക്കുന്നതിനിടെ, ശബരിമലയിൽ പൊലീസിന്റെ ഇടപെടൽ അമിതമാണെന്നു കോടതി നിരീക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാകില്ല. സുപ്രീം കോടതി ഉത്തരവു പാലിക്കാൻ ബാധ്യസ്ഥമാണ്. എന്നാൽ സുപ്രീം കോടതി വിധിയുടെ പേരിൽ അമിത ഇടപെടൽ പാടില്ല. കുട്ടികൾ ഉൾപ്പെടെ തീർഥാടനത്തിന് എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തീർഥാടകരെ ബുദ്ധിമുട്ടിക്കരുത്. ശൗചാലയങ്ങളും കൂടിവെള്ളവും ഭക്തർക്ക് ഉറപ്പാക്കണം. യഥാർഥ ഭക്തർക്കു സുഗമമായി തീർഥാടനം നടത്താൻ കഴിയണം.

ശബരിമലയിൽ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുള്ള പൊലീസ് ഓഫിസർമാർക്കു ജനങ്ങളെ നിയന്ത്രിച്ചു മുൻപരിചയമുണ്ടോയെന്നും കോടതി ചോദിച്ചു. ശബരിമലയിൽ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ നൽകാനും സർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്. ഇവരുടെ ശബരിമലയിലെ മുൻ പരിചയം അറിയിക്കണം. സന്നിധാനത്ത് വെള്ളം ഒഴുക്കിവിടാൻ പൊലീസിന് അധികാരം നൽകിയത് ആരാണെന്നും ഹൈക്കോടതി ചോദിച്ചു. നിലയ്ക്കലിനുശേഷം കടകളും മറ്റു സ്ഥാപനങ്ങളുമില്ല. നിലയ്ക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസിക്ക് അനുവദിച്ച കുത്തക പിൻവലിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. നടപ്പന്തൽ ഉൾപ്പെടെയുള്ള സ്ഥലം ഭക്തർക്കു വിശ്രമിക്കാനുള്ളതാണു പൊലീസുകാരുടെ സ്ഥാനം ബാരക്കിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.