Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയില്‍ സംഘടിക്കാന്‍ ബിജെപി നീക്കം; സര്‍ക്കുലര്‍ പുറത്ത്

sabarimala-protest-bjp-circular ബിജെപിയുടെ സർക്കുലറിന്റെ പകർപ്പ്

തിരുവനന്തപുരം∙ നിരോധനാജ്ഞയ്ക്കെതിരെ ശബരിമലയില്‍ സംഘടിക്കാനുള്ള ബിജെപിയുടെ നീക്കം പുറത്ത്. ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കള്‍ക്കു ചുമതല നല്‍കിയുള്ള സര്‍ക്കുലറിന്റെ പകർപ്പു പുറത്തുവന്നു. നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്നു ശബരിമലയിൽ പരമാവധി പ്രവർത്തകരെ എത്തിക്കാനാണു നിയോജകമണ്ഡലം കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു ദിവസം കുറഞ്ഞതു മൂന്നു നിയോജക മണ്ഡലത്തിലുള്ളവര്‍ മലയിലെത്താനാണു നിര്‍ദേശം. സര്‍ക്കുലറിന്റെ പകര്‍പ്പ് മനോരമ ന്യൂസ് പുറത്തുവിട്ടു.  എന്നാല്‍ സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.

ശബരിമല പ്രക്ഷോഭം ശക്തമാക്കുമെന്നു കഴിഞ്ഞദിവസം തന്നെ സംസ്ഥാന ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ഞായറാഴ്ച മുതൽ ശബരിമലയിൽ എത്തേണ്ട പ്രവർത്തകരുടെ പട്ടിക, നേതൃത്വം നൽകേണ്ടവരുടെ പട്ടിക, എന്നിവ പുറത്തിറക്കിയിരിക്കുന്നത്. പട്ടിക പ്രകാരം ഡിസംബർ 15 വരെ ഓരോ ജില്ലയിലെയും നേതാക്കള്‍ക്കും പ്രത്യേകം ചുമതല നൽകിയിരിക്കുന്നു. ഓരോ ജില്ലയിലെയും മൂന്നു നിയോജകമണ്ഡലത്തിലെ പ്രവർത്തകരെയും ശബരിമലയിൽ എത്തിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് ഈ സർക്കുലറിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സർക്കുലർ കൂടാതെ, ശബരിമലയിലെ കാര്യങ്ങൾ കൃത്യമായി വിലയിരുത്തണമെന്നും ഭക്തരുടെ ആവശ്യങ്ങൾ അനുസരിച്ച് ഇടപെടുന്നതിനും സംസ്ഥാന തലത്തിലുള്ള ബിജെപിയുടെ നേതാക്കൾക്കും ചുമതല നൽകിയിട്ടുണ്ട്.

നിരോധനാജ്ഞയും പൊലീസ് നിയന്ത്രണവും മറികടന്നു ശബരിമലയിൽ സംഘടിച്ചു നാമജപ പ്രതിഷേധത്തിനു നേതൃത്വം നൽകുന്നതിനും മറ്റും വേണ്ടിയാണ് ഈ നീക്കങ്ങളെന്നു വ്യക്തമാണ്. ഇന്നുമുതൽ മൂന്നുദിവസം ശബരിമലയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ കൊല്ലം ജില്ലയിൽനിന്നുള്ള പ്രവർത്തകരാണു പങ്കെടുക്കേണ്ടത്. അതു കഴിഞ്ഞു കോട്ടയം ജില്ലയിൽനിന്നുള്ളവരാണു പങ്കെടുക്കേണ്ടത്.