Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ മികച്ച ക്ലോസിങ്; രൂപയ്ക്ക് നേട്ടം

sensex-bull

കൊച്ചി∙ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ മികച്ച നിലയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞയാഴ്ച 10682.20ന് ക്ലോസ് ചെയ്ത നിഫ്റ്റി ഇന്ന് രാവിലെ 10731.25നാണ് ഓപ്പൺ ചെയ്തത്. തുടർന്ന് അധിക സമയവും പോസിറ്റീവ് പ്രവണത പിന്തുടർന്ന ശേഷം 81 പോയിന്റ് വർധനയിൽ 10763.40നാണ് ക്ലോസ് ചെയ്തത്. ഇതിനിടെ ഒരുവേള നിഫ്റ്റി വ്യാപാരം 10774.70 വരെ എത്തിയിരുന്നു. സെൻസെക്സ് കഴിഞ്ഞയാഴ്ച 35457.16ന് ക്ലോസ് ചെയ്തെങ്കിൽ ഇന്നു രാവിലെ 35647.62നാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 35818.83 വരെ എത്തിയ ശേഷം 317.72 പോയിന്റ് വർധനയിൽ 35774.88നാണ് ഇന്ന് ക്ലോസ് ചെയ്തത്. 

നിഫ്റ്റി അതിന്റെ 200 ദിവസത്തെ മൂവിങ് ആവറേജ് ആയ 10750 പിന്നിട്ട സ്ഥിതിക്ക് വരും ദിവസങ്ങളിൽ പോസിറ്റീവ് പ്രവണത തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 10850 ആയിരിക്കും അടുത്ത റെസിസ്റ്റൻസ് ലവൽ എന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. അതേ സമയം വ്യാപാരം 10750ന് താഴേയ്ക്ക് പോകുന്ന സാഹചര്യമുണ്ടായാൽ 10600 ആയിരിക്കും തൊട്ടടുത്ത സപ്പോർട്ട് ലവൽ എന്നാണ് വിലയിരുത്തൽ. ആർബിഐ യോഗത്തിന്റെ തീരുമാനങ്ങൾ നാളെ വിപണിയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യൻ വിപണി ഇന്ന് പോസിറ്റീവായി ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണിയിലും പോസിറ്റീവ് വ്യാപാരമാണ് നടക്കുന്നത്. ഇതും ഇന്ത്യൻ വിപണിയെ സ്വാധീനിക്കും.

വിപണിയിൽ രണ്ട് സെക്ടറുകൾ ഒഴികെ ബാക്കി എല്ലാ സെക്ടറുകളും ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ഫിനാൻഷ്യൽ സർവീസസ്, പബ്ലിക് സെക്ടർ ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട സെക്ടറുകൾ. റിയൽറ്റി, മെറ്റീരിയൽസ്, ഫാർമ, ഓട്ടോ സെക്ടറുകളാണ് മികച്ച ലാഭം കൊയ്ത സെക്ടറുകൾ. 922 സ്റ്റോക്കുകൾ ഇന്ന് ലാഭത്തിലായിരുന്നു വ്യാപാരമെങ്കിൽ 807 സ്റ്റോക്കുകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. യെസ്ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ്, ഇന്ത്യ ഇൻഡസ് ബാങ്ക് സ്റ്റോക്കുകളാണ് ഏറ്റവും ലാഭമുണ്ടാക്കിയത്. അതേ സമയം ഇന്ത്യ ബുൾ ഹൗസിങ് ഫിനാൻസ്, ഗെയിൽ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ 71.91ന് ക്ലോസ് ചെയ്ത രൂപ ഇപ്പോൾ 71.64നാണ് വ്യാപാരം പുരോഗമിക്കുന്നത്.