Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

11 ദിവസം കൊണ്ടു പുല തീരുമെന്ന് ഗുരുവചനം; മന്ത്രി മാപ്പു പറയണമെന്നു ശ്രീധരന്‍ പിള്ള

P.S. Sreedharan Pillai

കോഴിക്കോട് ∙ കെ. സുരേന്ദ്രന്‍ ആചാരലംഘനം നടത്തിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. കാര്യം അറിയാതെ പ്രസ്താവന നടത്തിയ മന്ത്രി മാപ്പു പറയണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ശ്രീനാരായണ ധര്‍മത്തില്‍ വിശ്വസിക്കുകയാളാണു മന്ത്രി. കെ. സുരേന്ദ്രനും അതേ സമുദായത്തില്‍പെട്ടയാളാണ്. ബന്ധുക്കളുടെ മരണശേഷം കുടുംബാംഗങ്ങള്‍ക്കുള്ള പുല 11 ദിവസം കൊണ്ട് അവസാനിക്കുമെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. അത് അംഗീകരിച്ചു മാപ്പു പറയാന്‍ മന്ത്രി തയാറാകണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇതുപോലും അറിയാത്ത മന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കം ശബരിമലയെ തകര്‍ക്കാനാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. അമ്മ മരിച്ച് ആറു മാസം തികയും മുമ്പു കെ. സുരേന്ദ്രന്‍ ശബരിമലയില്‍ വന്നത് ആചാരലംഘനമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ശബരിമലയിൽ ശരണം വിളിച്ചതിനു ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസുകാർക്കെതിരെ ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾക്കു പരാതി നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം.

പൊലീസുകാർക്കെതിരെ കോടതികളിൽ കേസ് കൊടുക്കും. പൊലീസ് നിയമം ദുരുപയോഗം ചെയ്യുകയാണ്. പെറ്റിക്കേസ് ചുമത്തേണ്ടതിനു പകരമാണു ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുത്തൻ വീരപ്പൻമാർ ശബരിമലയിൽ കൊള്ള നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.