Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോവിയറ്റ് തടവുകാരല്ല തീർഥാടകർ; കുട്ടികളോടു പോലും പൊലീസ് ക്രൂരതയെന്നും അമിത് ഷാ

amit-shah ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ

ന്യൂഡൽഹി∙ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. സോവിയറ്റ് യൂണിയനിൽ ജോസഫ് സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന നിർബന്ധിത തൊഴി‍ൽ ക്യാംപുകളിലേതിനു (ഗുലാഗ്) സമാനമാണു പിണറായി സർക്കാരിന്റെ തീർഥാടകരോടുള്ള സമീപനമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ശബരിമലയിലേത് ഒരു ‘സെന്‍സിറ്റീവ്’ പ്രശ്നമാണ്. അതിനെ പിണറായി സര്‍ക്കാർ തികച്ചും നിരാശാജനകമായ രീതിയിലാണു കൈകാര്യം ചെയ്യുന്നത്. 

കൊച്ചു പെൺകുട്ടികളെയും അമ്മമാരെയും പ്രായമായവരെയും മനുഷ്യത്വമേതുമില്ലാതെയാണ് കേരള പൊലീസ് കൈകാര്യം ചെയ്യുന്നത്. ക്ലേശപൂർണമായ തീർഥാടനത്തിലേക്കാണ് പൊലീസ് അവരെ നയിക്കുന്നത്. ഭക്ഷണമോ വെള്ളമോ താമസിക്കാൻ ഇടമോ വൃത്തിയുള്ള ശുചിമുറിയോ പോലുള്ള സൗകര്യമൊരുക്കാൻ പോലും സർക്കാരിനാകുന്നില്ല. 

തീർഥാടകർക്കുള്ള വിശ്രമസ്ഥലത്ത് വെള്ളം പമ്പു ചെയ്യുകയാണെന്നാണ് റിപ്പോർട്ടുകൾ. പന്നിക്കാഷ്ഠത്തിനും ചവറ്റുവീപ്പകൾക്കും സമീപത്താണു തീർഥാടകർ രാത്രി കഴിയുന്നത്. ഇതു സത്യമാണെങ്കിൽ ഒരു കാര്യം പിണറായി വിജയൻ മനസ്സിലാക്കണം– ‘ഗുലാഗിലെ’ തടവുകാരെപ്പോലെ തീർഥാടകരെ കൈകാര്യം ചെയ്യാൻ ബിജെപി അനുവദിക്കില്ല. ശിക്ഷയൊന്നും ലഭിക്കാതെ അതില്‍ നിന്നു രക്ഷപ്പെടാമെന്ന് എൽഡിഎഫ് കരുതേണ്ടെന്നും ഷാ ട്വീറ്റ് ചെയ്തു. 

ശബരിമല സംരക്ഷിക്കാനുള്ള തീർഥാടകരുടെ ശ്രമത്തെ കെ.സുരേന്ദ്രനും ബിജെപി തൃശൂർ ജില്ലാ അധ്യക്ഷനും ഉൾപ്പെടെയുള്ള ആറു പേരെ അറസ്റ്റ് ചെയ്തു തടയാമെന്നാണു പിണറായി കരുതുന്നതെങ്കിൽ അദ്ദേഹത്തിനു തെറ്റി. ശബരിമലയിലെ ആചാരങ്ങളെ ഹൃദയത്തോടു ചേർത്തു നിർത്തിയിട്ടുള്ള എല്ലാ അയ്യപ്പ ഭക്തർക്കുമൊപ്പം ബിജെപി നിലകൊള്ളുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു.