Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഖ് വിരുദ്ധ കലാപം: കൊലക്കേസ് പ്രതിക്ക് വധശിക്ഷ, കൂട്ടാളിക്ക് ജീവപര്യന്തം

Anti Sikh Riot

ന്യൂഡൽഹി∙ കാൽ നൂറ്റാണ്ടു മുൻപു നടന്ന സിഖ് വിരുദ്ധ കലാപത്തിനിടെ രണ്ടു പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾക്കു വധശിക്ഷ. കൂട്ടുപ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഡൽഹി പട്യാല കോടതി അഡീ. സെഷന്‍സ് ജഡ്ജി വിധിച്ചു. 1984ലെ സിഖ് വിരുദ്ധ കൂട്ടക്കൊലയില്‍ പ്രതിയായ യഷ്പാല്‍ സിങ്ങിനാണു വധശിക്ഷ. ഇതാദ്യമായാണ് സിഖ് വിരുദ്ധ കലാപ കേസിൽ ഒരാൾക്കു വധശിക്ഷ നൽകുന്നത്. കൂട്ടുപ്രതി നരേഷ് ഷെരാവത്തിനാണ് ജഡ്ജി അജയ് പാണ്ഡെ ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 35 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.

പട്യാല കോടതിക്കു സമീപത്തു വച്ച് പ്രതികൾ നേരത്തേ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ ഇത്തവണ തിഹാർ ജയിലിൽ വച്ചായിരുന്നു വിധിപ്രസ്താവം. മുൻ പ്രധാനമന്ത്രി ഇന്ധിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് ഡൽഹി മഹിപാല്‍പുരിൽ കലാപം നടത്തി സിഖുകാരെ വധിച്ചെന്നാണ് കേസ്. മഹിപാൽപുർ സ്വദേശികളായ ഹർദേവ് സിങ്, അവതാർ സിങ് എന്നിവർ കൊല്ലപ്പെട്ട കേസിൽ യഷ്പാലും നരേഷും കുറ്റക്കാരാണെന്നു നവംബർ 14നു കോടതി വിധിച്ചിരുന്നു.

തെളിവില്ലെന്ന കാരണത്താൽ ഡൽഹി പൊലീസ് 1994ൽ  അവസാനിപ്പിച്ച കേസുകളിലൊന്നാണിത്. എന്നാൽ 241 സിഖ് വിരുദ്ധ കലാപക്കേസുകളിൽ അന്വേഷണം നടത്താതെ അവസാനിപ്പിച്ച 186 കേസുകളിൽ പുനരന്വേഷണം വേണമെന്നു സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിച്ച പ്രത്യേക സംഘമാണ് പിന്നീട് കുറ്റപത്രം സമർപ്പിച്ചത്. സിഖ് വിരുദ്ധ കലാപത്തിൽ രാജ്യത്താകമാനം 2733 പേർ കൊല്ലപ്പെട്ടെന്നാണു കണക്കുകൾ. ഇതിൽ ഏകദേശം 2100 പേരും ഡൽഹിയിലാണു കൊല്ലപ്പെട്ടത്.