Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയകേന്ദ്രത്തിൽ ലൈംഗിക പീഡനം: ഒളിവിലായിരുന്ന മുൻ മന്ത്രി ഓട്ടോയിലെത്തി കീഴടങ്ങി

manju-verma മ‍ഞ്ജു വർമ

പട്ന∙ പെൺകുട്ടികൾക്കായുള്ള അഭയകേന്ദ്രത്തിൽ ലൈംഗിക പീഡനം നടന്ന സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ വനിതാ മന്ത്രി ഒടുവിൽ കീഴടങ്ങി. നിതിഷ് കുമാർ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന മഞ്ജു വർമയാണ് ബേഗുസാരായിയിലെ കോടതിയിൽ കീഴടങ്ങിയത്. അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലേക്ക് ഏതാനും സഹായികൾക്കൊപ്പം ഓട്ടോയിലാണ് ഇവരെത്തിയത്. കോടതി പരിസരത്തേക്കു കടന്നതും ബോധക്ഷയം സംഭവിച്ചു. തുടർന്നു പ്രഥമ ശുശ്രൂഷ നൽകി കോടതിമുറിയിലേക്കു കൊണ്ടു പോയി. 

മുൻ മന്ത്രിയെ പിടികൂടാനാകാത്തതിന്റെ പേരിൽ ബിഹാർ സർക്കാരിനെയും പൊലീസിനെയും സുപ്രീംകോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. നവംബർ 27നു മുൻപു പിടികൂടിയില്ലെങ്കിൽ സംസ്ഥാന പൊലീസ് മേധാവി ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച മഞ്ജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. അതിനിടെയാണു സർക്കാരിന് ആശ്വാസം പകർന്നു മുൻ മന്ത്രിയുടെ കീഴടങ്ങൽ.

സാമൂഹ്യക്ഷേമ വകുപ്പു മന്ത്രിയായിരുന്ന മഞ്ജു ഇക്കഴിഞ്ഞ ഓഗസ്റ്റിലാണു സ്ഥാനം രാജിവച്ചത്. മുസാഫുര്‍പുരിൽ പെൺകുട്ടികൾക്കായുള്ള അഭയകേന്ദ്രത്തിൽ ലൈംഗിക പീഡനത്തിനു നേതൃത്വം നൽകിയിരുന്ന ബ്രജേഷ് താക്കൂറിന്റെ അടുത്ത സുഹൃത്തായിരുന്നു മഞ്ജുവിന്റെ ഭർത്താവ് ചന്ദ്രശേഖർ വർമ. ഇയാൾ കീഴടങ്ങിയിരുന്നു. ഏകദേശം 30 പെൺകുട്ടികളെങ്കിലും അഭയകേന്ദ്രത്തിൽ ക്രൂര ലൈംഗിക പീഡനത്തിനിരയായെന്നാണു റിപ്പോർട്ട്. തുടർന്നു മന്ത്രിയുടെ വീട്ടിൽ പരിശോധന നടത്തിയ സിബിഐ വെടിയുണ്ടകളുടെ ശേഖരവും കണ്ടെത്തി. ഇതിനു പിന്നാലെയാണ് ‘ആംസ് ആക്ട്’ പ്രകാരം മന്ത്രിക്കെതിരെ കേസെടുത്തത്.  

അഭയകേന്ദ്രവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമാണെന്നും നേരത്തേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഏപ്രിലിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്) സാമൂഹ്യക്ഷേമ വകുപ്പിനു നൽകിയ റിപ്പോർട്ടിലൂടെയാണ് അഭയകേന്ദ്രത്തിലെ പീഡന വാർത്ത പുറത്തെത്തിയത്. ബ്രജേഷ് താക്കൂർ ഉൾപ്പെടെ 11 പേർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്.