Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ബുദ്ധിമുട്ട് സംഘപരിവാറുകാർക്ക്: അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

pinarayi-vijayan-amit--shah പിണറായി വിജയൻ, അമിത് ഷാ

തിരുവനന്തപുരം ∙ ശബരിമല തീർഥാടനം സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്‍റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർഥാടനം ഒരു വിഷമവും ഇല്ലാതെ അവിടെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീർഥാടകര്‍ക്ക് അവിടെ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. തീർഥാടകരുടെ താൽപര്യം മുന്‍നിര്‍ത്തി വേണ്ട ക്രമീകരണങ്ങള്‍ ശബരിമലയിൽ വരുത്താന്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബുദ്ധിമുട്ട് ഉണ്ടാകുന്നതു ഭക്തര്‍ക്ക് അല്ല, മറിച്ച് ശബരിമല കേന്ദ്രീകരിച്ച് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാന്‍ ദുരുദ്ദേശപൂര്‍വ്വം ശ്രമം നടത്തുന്ന സംഘപരിവാറുകാര്‍ക്കാണ്. അവരുടെ പ്രചാരണത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടതു കൊണ്ടാവാം അമിത് ഷാ വസ്തുതാരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്.

ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്യുന്നത് സുപ്രീംകോടതി വിധി നടപ്പാക്കല്‍ മാത്രമാണെന്നും ഇതല്ലാതെ കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അവിടെ മറ്റൊന്നും ചെയ്യാനില്ലെന്നുമുള്ള കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്‍റെ നിലപാടു തന്നെ അമിത് ഷായ്ക്കുള്ള മറുപടി ആകുന്നുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ടു കാര്യമായ പ്രശ്നങ്ങള്‍ ഏതുമില്ലെന്നു മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുള്ളതും ഓര്‍ക്കണം. തീർഥാടകരും ശബരിമലയിലെ ക്രമീകരണങ്ങളിലും സൗകര്യങ്ങളിലും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ അമിത് ഷായുടെ ട്വീറ്റ് തീര്‍ത്തും അപ്രസക്തവും അസംഗതവും ആകുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി.

സോവിയറ്റ് യൂണിയനിൽ ജോസഫ് സ്റ്റാലിന്റെ കാലത്തുണ്ടായിരുന്ന നിർബന്ധിത തൊഴി‍ൽ ക്യാംപുകളിലേതിനു (ഗുലാഗ്) സമാനമാണു പിണറായി സർക്കാരിന്റെ തീർഥാടകരോടുള്ള സമീപനമെന്നാണ് അമിത് ഷാ ട്വ‌ിറ്ററിലൂടെ ആരോപിച്ചിരുന്നത്. ശബരിമലയിലേത് ഒരു ‘സെന്‍സിറ്റീവ്’ പ്രശ്നമാണ്. അതിനെ പിണറായി സര്‍ക്കാർ തികച്ചും നിരാശാജനകമായ രീതിയിലാണു കൈകാര്യം ചെയ്യുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.