Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ബോധ്യപ്പെട്ട കാര്യങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷൻ

human-rights-commission-1 മനുഷ്യാവകാശ കമ്മിഷൻ ശബരിമല സന്ദർശനത്തിനിടെ. ചിത്രം: ആർ.എസ്. ഗോപൻ

തിരുവനന്തപുരം ∙ പമ്പയിലും നിലയ്ക്കലിലും നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ട കാര്യങ്ങൾ കാലതാമസമില്ലാതെ സർക്കാരിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഭക്തജനങ്ങളും ഉദ്യോഗസ്ഥരും ശബരിമലയിൽ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പമ്പയിലും നിലയ്ക്കലിലും ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും സന്ദർശനം നടത്തി.

ഭക്തരും കെഎസ്ആർടിസി, പൊലീസ് ഉദ്യോഗസ്ഥരും വ്യാപാരികളും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ട്, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ ഒഴിവാക്കി സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ നൽകുമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. കമ്മിഷൻ പമ്പയിലെയും നിലയ്ക്കലിലെയും സൗകര്യങ്ങൾ വിലയിരുത്തി. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

നിലയ്ക്കലിലെ അപര്യാപ്തതകൾ: സ്വമേധയാ കേസെടുത്തു

നിലയ്ക്കൽ കെഎസ്ആർടിസി ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യാത്രക്കാരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും തിരുവിതാംകൂർ ദേവസ്വം കമ്മിഷണറും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറും റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

human-rights-commission-2 മനുഷ്യാവകാശ കമ്മിഷന്റെ ശബരിമല സന്ദർശനത്തിൽനിന്ന്. ചിത്രം: ആർ.എസ്. ഗോപൻ

നിലയ്ക്കൽ ബസ്‌സ്റ്റാൻഡിൽ ജീവനക്കാർക്ക് കന്റീനോ വസ്ത്രം മാറാൻ സൗകര്യമോ ഇല്ലെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യം ജീവനക്കാർ സന്ദർശന വേളയിൽ കമ്മിഷനോട് പറഞ്ഞിരുന്നു. നിലയ്ക്കൽ സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കയറണമെങ്കിൽ ചെളിയിൽ മുങ്ങണം. മഴ ചെയ്താൽ ഇതുവഴി നടക്കാനാവില്ല. പമ്പയിൽനിന്നു നിലയ്ക്കലിലേക്ക് ബസിൽ യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ പമ്പയിൽ യൂണിഫോമിലുള്ള കെഎസ്ആർടിസി ഉദ്യോഗസ്ഥരെ നിയമിക്കണം.

ഉദ്യോഗസ്ഥർ ഇല്ലാത്തതു കാരണം ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്തവർ പോലും ബുദ്ധിമുട്ടുന്നു. നിലയ്ക്കലിൽ ശോചനീയമാണു സാഹചര്യം. നിലയ്ക്കലിൽനിന്നു സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്കു കടത്തിവിടാത്തതു കാരണം തീർഥാടകർ ബസിൽ പോകാൻ നിർബന്ധിതരാകുന്നു. ഈ സാഹചര്യത്തിൽ നിലയ്ക്കലിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ദേവസ്വം ബോർഡ് ഒരുക്കേണ്ടതായിരുന്നു. തങ്ങളുടെ ഉത്തരവാദിത്തം ബോർഡ് നിറവേറ്റിയിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു.