Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത്തിരിക്കുഞ്ഞൻ മിസോറം; ചർച്ചാ വിഷയം കാവി ബന്ധം, ഫലിക്കുമോ കാവി തന്ത്രം?

ഇന്ത്യയുടെ വടക്കുകിഴക്കൻ വാലറ്റത്ത്, ബംഗ്ലദേശിനും മ്യാൻമറിനുമിടയിൽ ഒരു സാൻഡ്‌വിച്ച് പോലെ ഞെരുങ്ങിക്കിടക്കുന്ന ഇത്തിരിക്കുഞ്ഞൻ സംസ്ഥാനം. ജനസംഖ്യ പത്തുലക്ഷം. ഏഴര ലക്ഷത്തിനടുത്തു വോട്ടർമാർ, 40 അസംബ്ലി സീറ്റുകൾ. ജനസംഖ്യയിൽ 95% ക്രിസ്തുമത വിശ്വാസികൾ. ഇക്കാലത്തിനിടെ പേരിനൊരു സീറ്റ് പോയിട്ട്, അഞ്ചു ശതമാനമെങ്കിലും വോട്ട് പോലും നേടാൻ കഴിയാത്ത പാർട്ടിയാണു മിസോറമിൽ ബിജെപി. ഇത്തവണ രണ്ടും കൽപിച്ചു കളത്തിലിറങ്ങിയപ്പോഴാകട്ടെ, വീണതു വിദ്യയാക്കാനുള്ള അടവുകളുമായാണ് കോൺഗ്രസിന്റെയും എംഎൻഎഫിന്റെയും നീക്കങ്ങൾ. കാവി പാർട്ടിയുമായി എതിരാളികൾക്കുള്ള ബന്ധം എങ്ങനെ വോട്ടാക്കാമെന്നാണ് അവരുടെ ആലോചന.

election-voting

സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളെല്ലാം കോൺഗ്രസിനും എംഎൻഎഫിനും പരസ്പരമുള്ള പോരാട്ടമായിരുന്നു. കൃത്യമായ ഇടവേളയിൽ അവർ മാറിമാറി അധികാരം കൈവശംവച്ചുപോന്നു. മിസോറം കണ്ടുശീലിച്ചിട്ടില്ലാത്ത ത്രികോണ മൽസരത്തിനു കളമൊരുങ്ങിയതോടെ എതിർചേരിക്കാരുടെ ബിജെപി ബന്ധം ഇരുകൂട്ടർക്കും പ്രധാന പിടിവള്ളിയായി. പഴയ ചിത്രങ്ങളും രേഖകളും വേദിപങ്കിടലിന്റെ വിശദാംശങ്ങളുമൊക്കെ മൽസരിച്ചു ‘കുത്തിപ്പൊക്കി’ ആരോപണ പ്രത്യാരോപണങ്ങളാണിപ്പോൾ കോൺഗ്രസിന്റെയും എംഎൻഎഫിന്റെയും പ്രചാരണായുധം. 

വടക്കുകിഴക്കൻ മേഖലയെ കോൺഗ്രസ് മുക്തമാക്കാൻ ബിജെപി മുൻകയ്യെടുത്തു രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയൻസിൽ(എൻഇഡിഎ) സഖ്യകക്ഷിയാണ് എംഎൻഎഫ്. മിസോറമിൽ സഖ്യമൊക്കെ മറന്ന് ഒറ്റയ്ക്കു പോരാടാൻ തീരുമാനിച്ചിരിക്കുന്ന ഇരു പാർട്ടികളും എല്ലാ സീറ്റിലേക്കുമുള്ള സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും രണ്ടു കൂട്ടരും തമ്മിലുള്ള ‘അന്തർധാര സജീവമാ’ണെന്നാണു കോൺഗ്രസിന്റെ ആരോപണം. 

വെറുതെ ആരോപിക്കുകയല്ല, വോട്ടർമാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള ബോധവൽക്കരണമാണ്. ബിജെപി-എംഎൻഎഫ് ബന്ധത്തെ തുറന്നുകാട്ടുന്ന ലഘുലേഖ തയാറാക്കി വിതരണം ചെയ്യുകയാണവർ. കവർചിത്രമായി  അമിത് ഷായും എംഎൻഎഫ് നേതാവ് സോറംതൻഗയും ഒന്നിച്ചിരിക്കുന്ന ഫോട്ടോ. വിവിധ എൻഡിഎ, എൻഇഡിഎ പരിപാടികളിൽ സോറംതൻഗ പങ്കെടുക്കുന്ന ഒട്ടേറെ ചിത്രങ്ങൾ സഹിതം, ‘ക്രൈസ്തവ വിരുദ്ധ’ പാർട്ടിയുമായി എംഎൻഎഫിനുള്ള പരോക്ഷ സഖ്യം വോട്ടാക്കാനുള്ള ശ്രമമാണ്.

ജയിക്കാൻ ഒരുത്തരുടെയും പിന്തുണയും സഖ്യവും ആവശ്യമില്ലെന്നാണ് സോറംതൻഗയുടെ നിലപാട്. സംസ്ഥാനത്ത് ഇപ്പോഴുള്ള കോൺഗ്രസ് വിരുദ്ധ വികാരം പുഷ്പംപോലെ തങ്ങളെ അധികാരത്തിലെത്തിക്കുമെന്നു വാദിക്കുന്ന എംഎൻഎഫ്, എതിരാളികൾ തങ്ങൾക്കെതിരെ ഉപയോഗിക്കുന്ന അതേ ബിജെപി ബന്ധം തിരി‍ച്ചും ആയുധമാക്കുന്നുണ്ട്. സംസ്ഥാനത്തെ പിന്നാക്ക വിഭാഗമായ ചാക്മകൾക്കുവേണ്ടിയുള്ള സ്വയംഭരണ ജില്ലയിലുള്ള കോൺഗ്രസ്-ബിജെപി സഖ്യമാണ് എംഎൻഎഫിന്റെ പിടിവള്ളി.

ചാക്മ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിൽ എംഎൻഎഫിനെ പുറത്തിരുത്താൻ അവർ സഖ്യംചേർന്നതൊക്കെ ആളുകൾ കണ്ടതാണ്. ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങളൊക്കെ ബൂമറാങ് പോലെ കോൺഗ്രസിനു തിരിച്ചുകിട്ടും - എംഎൻഎഫ് വാദം ഇങ്ങനെ. ‘ആ സഖ്യം എന്നേ അവസാനിച്ചതാണ്’ എന്നു കോൺഗ്രസിന്റെ മറുപടി. എൻഇ‍ഡിഎ സഖ്യം ഇപ്പോഴില്ലെന്ന് പറയാൻ കഴിയുമോയെന്നു മറുചോദ്യം. അസമിലെ ബിജെപി നേതാവും എൻഇഡിഎ കൺവീനറുമായ ഹിമാന്ത ബിശ്വ ശർമ പലതവണ സംസ്ഥാനത്തെത്തി കൂടിയാലോചന നടത്തിയാണ് എംഎൻഎഫ് സ്ഥാനാർഥി പട്ടിക തയാറാക്കിയതെന്നും ബിജെപി എത്തിച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ എംഎൻഎഫിനെ സഹായിക്കാനാണെന്നുമൊക്കെ ആരോപണം നീളുന്നു.

ഭരണകക്ഷിയും പ്രതിപക്ഷവും ഇങ്ങനെ വാഗ്‌യുദ്ധം തുടരുന്നതിനിടെ ബിജെപി സ്വന്തം പാളയത്തിൽ തന്ത്രങ്ങൾ രൂപീകരിക്കുന്ന തിരക്കിലാണ്. ക്രിസ്മസിനു ദിവസങ്ങൾ മുൻപ്, ഡിസംബർ 11നാണ് തിരഞ്ഞെടുപ്പ് ഫലം വരിക. ‘ഒരു സംശയവും വേണ്ട, ഈ ക്രിസ്മസ് മിസോറം ജനത ആഘോഷിക്കാൻ പോകുന്നത് ബിജെപി ഭരണത്തിൻകീഴിലാണ്’ എന്നാണു സംസ്ഥാനം സന്ദർശിച്ച അമിത് ഷാ പ്രഖ്യാപിച്ചിട്ടു പോയത്. രണ്ടു വർഷത്തിനിടെ ബാക്കിയെല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും താമര വിരിഞ്ഞു; മിസോറമിൽ കാവി തന്ത്രം ഫലിക്കുമോ, കാവിബന്ധം ആരോപിച്ചുള്ള യുദ്ധതന്ത്രം ഫലിക്കുമോ? ഡിസംബർ 11ന് അറിയാം.