Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കു രണ്ടാമൂഴമുണ്ടാവില്ല; ജനാധിപത്യം ഭീഷണി നേരിടുന്നു : യശ്വന്ത് സിൻഹ

ജി. രാഗേഷ്
Yashwant Sinha യശ്വന്ത് സിൻഹ

ബിജെപിയുടെ മുൻനിര നേതാക്കളിലൊരാളും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാരിന്‍റെയും കടുത്ത വിമർശകരിലൊരാളാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലിലെത്തി നിൽക്കുമ്പോൾ രാഷ്ട്രീയത്തിലെ ഈ തലമുതിർന്ന നേതാവ് ഒരു കാര്യം തറപ്പിച്ചു പറയുന്നു – ‘പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തിരിച്ചെത്തില്ല’. സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവരുമായുള്ള ആശയവിനിമയത്തിൽനിന്നു തനിക്കു കിട്ടിയ പ്രതികരണമാണ് ഈ വിലയിരുത്തലിനു പിന്നിലെന്നാണ് സിന്‍ഹ അവകാശപ്പെടുന്നത്. 

മോദി സർക്കാരിന്‍റെ ധനകാര്യ നയങ്ങളുടെ ശക്തനായ വിമർശകൻ കൂടിയായ സിൻഹ ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് സംഘടിപ്പിച്ച 'ഹോട്ട് സീറ്റ്' എന്ന ആശയവിനിമയ പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയിരുന്നു. മോദി സർക്കാരിന്‍റെ അത്യാഗ്രഹത്തിന്‍റെ പരിണിതഫലമാണ് 2016ലെ നോട്ടു നിരോധനമെന്ന് പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സിൻഹ കുറ്റപ്പെടുത്തി. മോദി സർക്കാരിനു കീഴിൽ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ഭീഷണി നേരിടുകയാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ പട്ടികയിലെ ഏറ്റവും അവസാനത്തെ കണ്ണിയാണെന്നും സിൻഹ ചൂണ്ടിക്കാട്ടി. 

മനോരമ ഓൺലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിൽ തന്‍റെ നിലപാടുകൾ വിശദീകരിക്കാൻ സിൻഹ തയാറായി. മോദി എന്തുകൊണ്ടു പ്രധാനമന്ത്രിയായി തിരിച്ചെത്തില്ല എന്നതു തൊട്ട് ഐക്യപ്രതിപക്ഷനിര എന്ന ആശയം നേരിടുന്ന വെല്ലുവിളികളും ശബരിമല വിഷയവും വരെ സംഭാഷണത്തിൽ കടന്നുവന്നു. അഭിമുഖത്തിൽനിന്ന്:

ഏതാനും മാസങ്ങൾക്കകം രാജ്യത്ത് പുതിയ സർക്കാർ അധികാരത്തിലെത്തുമെന്നും മോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾ തിരുത്തുമെന്നും 'ഹോട്ട് സീറ്റി'നിടെ താങ്കൾ അഭിപ്രായപ്പെട്ടിരുന്നല്ലോ? എന്താണ് ഈ ആത്മവിശ്വാസത്തിനു പിന്നിൽ?

രാജ്യവ്യാപകമായി നടത്തിയ സഞ്ചാരത്തിനിടെ ഗ്രാമീണ ജനതയിൽനിന്നു ലഭിച്ച പ്രതികരണമാണ് എന്‍റെ ആത്മവിശ്വാസത്തിനു പിന്നിൽ. മോദി സർക്കാരിനെക്കുറിച്ചുള്ള സത്യങ്ങൾ അറിയാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിനെക്കുറിച്ച് നിങ്ങൾ സത്യസന്ധമായി എന്തെങ്കിലും പറഞ്ഞാൽ, അവരെ സംബന്ധിച്ചിടത്തോളം അതു സന്തോഷകരമാണ്. ജനങ്ങളുടെ കടുത്ത നിരാശയുടെ പ്രതിഫലനമാണിത്. സമൂഹത്തിന്‍റെ നാനാതുറയിൽപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ വലിയ തോതിലുള്ള അതൃപ്തിയുണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഭരണത്തുടർച്ചയ്ക്കായി അവരൊരിക്കലും വോട്ടു ചെയ്യില്ല.

മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ച് പ്രതിപക്ഷ കക്ഷികൾക്കിടയിൽ ഇപ്പോഴും വ്യക്തമായ ഒരു നിലപാട് ഉരുത്തിരിഞ്ഞു വന്നിട്ടില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. അവർക്കിടയിലും ആശയക്കുഴപ്പങ്ങളില്ലേ?

ഇല്ല. അവർക്കിടയിൽ സംശയങ്ങളോ ആശങ്കകളോ ഇല്ല. പ്രതിപക്ഷത്തിന് വ്യക്തമായ കാഴ്ചപ്പാടില്ലെന്നത് ഭരണപക്ഷത്തിന്‍റെ കരുതിക്കൂട്ടിയുള്ള ഒരു പ്രചാരണം മാത്രമാണ്. പ്രതിപക്ഷം ഒന്നിക്കുക തന്നെ ചെയ്യും. ബിജെപിക്കെതിരെ നേരിട്ടുള്ള ഒറ്റയാൾപോരാട്ടം ഉണ്ടാകുമെന്ന കാര്യത്തിൽ എനിക്കു പൂർണവിശ്വാസമാണ്. 31 ശതമാനം വോട്ടു മാത്രമാണ് 2014 ൽ ബിജെപിക്കു ലഭിച്ചത്. 69 ശതമാനവും അവർക്കെതിരെയായിരുന്നു. ഇത്തവണ അവരുടെ വോട്ടുവിഹിതം ഇനിയും ഇടിയാനാണ് സാധ്യത. അതുകൊണ്ടുതന്നെ ബിജെപി വിരുദ്ധ വോട്ടുകളുടെ 50 ശതമാനം ഏകീകരണമുണ്ടായാൽ പോലും ഈ സർക്കാരിനു തുടരാനാകില്ല. 

വിശാലസഖ്യം മാത്രമാണോ ബിജെപിയെ മുട്ടുകുത്തിക്കാനുള്ള ഏക മാർഗം?

അതൊരു അനിവാര്യതയല്ല. സഖ്യങ്ങൾ സംസ്ഥാന തലത്തിലുമാകാം. ഉദാഹരണത്തിന്, സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും കോൺഗ്രസ് നേതൃത്വം നൽകുന്ന വലതു മുന്നണിയുമാണല്ലോ കേരളത്തിലെ പ്രബല ശക്തികൾ. ഇവർ ഒത്തുചേർന്നു വിശാല സഖ്യത്തിന്‍റെ ഭാഗമാകുന്നതിൽ അർഥമില്ല. ഇവിടെ പരസ്പരം പൊരുതി ബിജെപി വിജയിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. 

പാർലമെന്‍റിൽ കോൺഗ്രസ് കൂടുതൽ കരുത്തു നേടേണ്ടതുണ്ടോ?

പ്രധാന പ്രതിപക്ഷമെന്ന നിലയിലുള്ള ഉത്തരവാദിത്തം പാര്‍ലമെന്‍റിൽ, പ്രത്യേകിച്ച് ലോക്സഭയിൽ നിറവേറ്റാൻ അവർക്കു സാധിക്കണം. രാജ്യസഭയിൽ ഈ ഉത്തരവാദിത്തം അവർ നിർവഹിക്കുന്നുണ്ട്. എന്നാൽ ലോക്സഭയിൽ സമാന പ്രവർത്തനം കാഴ്ചവയ്ക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല.

ലോക്സഭയിൽ അവർക്ക് അധികം സീറ്റില്ലാത്തതാണോ പ്രശ്നം?

ഒരുപക്ഷേ ആയിരിക്കാം

അടുത്ത സർക്കാർ രൂപീകരണത്തിൽ കോൺഗ്രസിനു ഒരു വലിയ പങ്കു വഹിക്കാനുണ്ടാകുമെന്ന് കരുതുന്നുണ്ടോ?

തീർച്ചയായും. ചെറുതോ വലുതോ ഏതായാലും അവർക്കൊരു പങ്കുണ്ടാകും

നോട്ടുനിരോധനത്തിനെതിരെ വ്യാപകമായി ശബ്ദമുയർ‌ത്തിയ വ്യക്തിയാണല്ലോ താങ്കൾ. സമാനമായ, ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി മോദി ഇനിയും രംഗത്തെത്തുമെന്നു കരുതുന്നുണ്ടോ?

ഇല്ല, കാരണം സമയം വളരെ പരിമിതമാണ്. അവർക്കു ഒന്നും ചെയ്യാനാകില്ല

കേരളത്തിൽ ശബരിമല വിഷയത്തിൽ പരമാവധി നേട്ടം കൊയ്യാനാണ് ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നത്. ഇതിലവർ വിജയിക്കുമെന്നു കരുതുന്നുണ്ടോ?

രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപി, സുപ്രീംകോടതി പ്രഖ്യാപിച്ച ഒരു വിധിക്കെതിരെ, കേരളത്തിൽ ഇത്തരത്തിൽ പെരുമാറുന്നുവെന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. ഭരണത്തിലിരിക്കുന്ന പാർട്ടി തന്നെ സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിച്ചാൽ‌ രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് എന്തു സംഭവിക്കും? ഇന്ന് ഇവിടെ ഇത്തരത്തിൽ പെരുമാറുന്നവർ നാളെ അയോധ്യയിലും ഇതുതന്നെ പുറത്തെടുക്കും. അയോധ്യ തർക്ക കേസ് ജനുവരിയിൽ പരിഗണിക്കുമെന്ന് കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയാകട്ടെ പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ഇതിൽനിന്ന് എന്താണ‌ു മനസ്സിലാക്കേണ്ടത്? ഭരണഘടനാ സ്ഥാപനങ്ങളെ അവർ ഒട്ടും വിലവയ്ക്കുന്നില്ലെന്നതാണ് പരമപ്രധാനമായ കാര്യം. ബിജെപിക്ക് അനുകൂലമായ വിധിയല്ല സുപ്രീംകോടതിയിൽ നിന്നുണ്ടാകുന്നതെങ്കിൽ അവർ സമരത്തിലേക്കു തിരിയുമെന്നതാണ് മറ്റൊരു കാര്യം.  

മോദി അധികാരത്തിൽ തിരിച്ചെത്തുമോ?

ഇല്ല, തിരിച്ചെത്തില്ലെന്നു തന്നെയാണ് എന്‍റെ വിശ്വാസം. അതിനൊരു സാധ്യതയും കാണുന്നില്ല. മോദിക്കു രണ്ടാമതും അവസരം ലഭിക്കുകയാണെങ്കിൽ ഇപ്പോഴത്തേക്കാൾ ആപൽക്കരമാകും അത്.

പൊതുതിരഞ്ഞെടുപ്പിൽ എൻഡിഎക്ക് എത്ര സീറ്റ് കിട്ടാനാണ് സാധ്യത?

ഇന്നത്തെ സാഹചര്യത്തിൽ അത്തരം പ്രവചനങ്ങൾ നടത്താൻ കഴിയില്ല. 

2019ൽ താങ്കൾ മത്സരരംഗത്തുണ്ടാകുമോ?

ഇല്ല, മത്സരിക്കേണ്ടെന്നു ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

related stories