Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിന്റെ ബന്ധുനിയമനം; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ തയാറാക്കി 8 എംഎൽഎമാർ

kt-jaleel കെ.ടി.ജലീല്‍

കണ്ണൂർ∙ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനം വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സജീവ വിഷയമാക്കി ഉന്നയിക്കാൻ പ്രതിപക്ഷം തയാറെടുക്കുന്നു. യുവ എംഎൽഎമാർ അടക്കം എട്ട് പ്രതിപക്ഷ എംഎൽഎമാരാണ് ബന്ധുനിയമനം സംബന്ധിച്ചു നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാനിരിക്കുന്നത്. ചോദ്യങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറപടി നൽകണം.

വി.ടി.ബൽറാം, എൽദോസ് പി.കുന്നപ്പിള്ളിൽ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, സണ്ണിജോസഫ്, വി.ഡി.സതീശൻ, എം.വിൻസെന്റ്, മഞ്ഞളാംകുഴി അലി എന്നിവരാണു ബന്ധുനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടി ചോദ്യങ്ങൾ ഉന്നയിക്കുന്നത്. എംഎൽഎമാരുടെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

∙ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കു റിക്രൂട്ട്മെന്റ് നടത്തേണ്ട വിദഗ്ധ സമിതിയായ റിയാബിന്റെ ശുപാർശപ്രകാരമാണോ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ കെ.ടി.അദീബിനെ നിയമിച്ചത്? അല്ലെങ്കിൽ അത്തരമൊരു നിയമനം നടത്താനുണ്ടായ സാഹചര്യമെന്താണ്?

∙ സ്വകാര്യ ബാങ്കുകളിൽ നിന്നു സർക്കാർ സ്ഥാപനങ്ങളിലേക്കു ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കാനുള്ള വ്യവസ്ഥയുണ്ടോ? ഉണ്ടെങ്കിൽ ഏതുചട്ടപ്രകാരമാണെന്നു വ്യക്തമാക്കുക?

∙ ജനറൽ മാനേജർ തസ്തികയിലേക്കു വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചുണ്ടോ? അദീബിനെ നിയമിക്കുമ്പോൾ ഇത്തരത്തിൽ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വീകരിച്ചിട്ടുണ്ടോ?

∙ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിലേക്കു നേരത്തെ നിശ്ചയിച്ചിരുന്ന യോഗ്യതകൾ എന്തു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു പുനർനിർണ്ണയിച്ചത്?

തുടങ്ങിയ ചോദ്യങ്ങൾ ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ പങ്ക് പുറത്തുകൊണ്ടു വരുന്ന നിർണ്ണായക തെളിവുകളാകുമെന്നാണു പ്രതിപക്ഷം കണക്കുകൂട്ടുന്നത്. മന്ത്രിയുടെ ബന്ധുവും സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ മാനേജരുമായ കെ.ടി.അദീബിനെ അനധികൃതമായി ന്യൂനപക്ഷ ധനകാര്യവികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചുവെന്നാണു പരാതി. സംഭവം വിവാദമായതോടെ അദീബ് ജനറൽ മാനേജർ തസ്തികയിൽ നിന്നു രാജിവച്ചിരുന്നു.

related stories