Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ ബിജെപിയെ തള്ളി വിശാല പ്രതിപക്ഷ ഐക്യം: സഖ്യസർക്കാരിന് ധാരണ

mehbooba-omar-abdulla പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, നാഷനല്‍ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല

ശ്രീനഗർ∙ ജമ്മു കശ്മീരിൽ സംയുക്ത സർക്കാർ രൂപീകരിക്കാൻ പിഡിപി–നാഷനൽ കോൺഫറൻസ്– കോൺഗ്രസ് ധാരണ. പിഡിപി നേതാവും മുൻധനമന്ത്രിയുമായ അൽതാഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നാണ് അറിയുന്നത്. ഏറ്റവും അടുത്തു തന്നെ നിങ്ങൾക്കു നല്ലൊരു വാര്‍ത്ത ലഭിക്കുമെന്ന് ബുഖാരി മാധ്യമങ്ങളോടു പ്രതികരിച്ചു. മൂന്നു കക്ഷികളുടെയും നേതാക്കൾ നാളെ ഗവർണർ സത്യപാൽ മലിക്കിനെ കണ്ടേക്കുമെന്നാണു വിവരം.

അൽതാഫ് ബുഖാരി ഇന്നു രാവിലെ നാഷനല്‍ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റു കക്ഷികളിൽനിന്ന് എംഎൽഎമാരെ അടർത്തിയെടുത്ത് ബിജെപി വീണ്ടും കശ്മീരിൽ അധികാരത്തിലേറാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിശാല സഖ്യത്തിന്റെ സാധ്യതകൾ തെളിയുന്നത്. ആറ് മാസത്തെ കേന്ദ്രഭരണ കാലാവധി അടുത്ത മാസം അവസാനിക്കുന്നതിനാൽ ബിജെപിക്കു മറുപടി നല്‍കുന്നതിന് കോൺഗ്രസ് നേതൃത്വവും സമ്മതം അറിയിച്ചിട്ടുണ്ട്.

വിശാല സഖ്യത്തിന്റെ സർക്കാർ നിലവിൽ വരികയാണെങ്കിൽ 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള സാധ്യത കശ്മീരിലും നിലവിൽ വരും. 87 അംഗ ജമ്മു കശ്മീർ നിയമസഭയില്‍ 29 നിയമസഭാംഗങ്ങളാണ് പിഡിപിക്ക് ഉള്ളത്. കോൺഗ്രസ്– 12, നാഷനല്‍ കോൺഫറൻസ്– 15 എന്നിങ്ങനെയാണ് മറ്റു രണ്ടു കക്ഷികളുടെയും സീറ്റുനില. സർക്കാർ രൂപീകരിക്കുന്നതിന് 44 സീറ്റാണ് കശ്മീരിൽ വേണ്ടത്.