Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെലവ് താങ്ങാനാകുന്നില്ല; രാജ്യത്തെ പകുതിയോളം എടിഎമ്മുകൾക്ക് പൂട്ടുവീഴുന്നു

atm-note

മുംബൈ∙ രാജ്യത്തെ പകുതിയോളം എടിഎമ്മുകൾക്കു പൂട്ടു വീഴുന്നു. അടുത്ത വർഷം മാർച്ചോടെ രാജ്യത്താകമാനമുള്ള 2.38 ലക്ഷം എടിഎമ്മുകളിൽ 1.13 ലക്ഷം എടിഎമ്മുകൾ സേവനം അവസാനിപ്പിക്കേണ്ടി വരുമെന്നു കോൺഫഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി (സിഎടിഎംഐ) മുന്നറിയിപ്പു നൽകി. ഒരു ലക്ഷത്തോളം ഓഫ്സൈറ്റ് എടിഎമ്മുകളും 15,000 വൈറ്റ് ലേബൽ എടിഎമ്മുകളും ഉൾപ്പെടെയായിരിക്കും ഇത്.

പ്രവർത്തനങ്ങൾക്കു വേണ്ട ചെലവ് വർദ്ധിച്ചതാണ് എടിഎമ്മുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമാക്കുന്നതെന്നു സിഎടിഎംഐ അധികൃതർ അറിയിച്ചു. പുതുതായി വന്ന ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ മാറ്റങ്ങളും, പണം മെഷീനിൽ നിക്ഷേപിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ചെലവു ക്രമാതീതമായി വർദ്ധിപ്പിച്ചു. പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിന് ഏകദേശം 3,500 കോടി രൂപ അധികമായി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടുന്നത്. നോട്ടുനിരോധനത്തെ തുടർന്നു പണലഭ്യത കുറഞ്ഞതും പുതിയ മെഷീനുകൾ സ്ഥാപിക്കേണ്ടി വന്നതും പ്രവർത്തനങ്ങൾ ദുസ്സഹമാക്കിയെന്നും സിഎടിഎംഐ അറിയിച്ചു.

ഒറ്റയടിക്ക് ഇത്രയധികം എടിഎമ്മുകൾ അടച്ചുപൂട്ടിയാൽ രാജ്യത്തെ ബാങ്കിങ് മേഖലയെ തന്നെ അതു ദോഷമായി ബാധിക്കും. നിലവിൽ, ഒരു എടിഎം അയ്യായിരത്തിലധികം ആളുകൾ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ പണം പിൻവലിക്കുന്നതിന് ആളുകൾ ഏറ്റവുമധികം ആശ്രയിക്കുന്നത് എടിഎമ്മുകളെയാണ് . നിരവധി കേന്ദ്ര–സംസ്ഥാന പദ്ധതികളുടെ ആനുകൂല്യങ്ങൾ, പാചകവാതക സബ്സിഡി തുടങ്ങിയവ ഇപ്പോൾ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. എടിഎമ്മുകൾ അടച്ചുപൂട്ടുന്നത് ഇവയുടെ കൃത്യമായ വിതരണത്തിനും തടസ്സമാകുമെന്നാണ് കരുതുന്നത്.