Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ. സുരേന്ദ്രനെതിരെ പിടിമുറുക്കി പൊലീസ്‌; വധശ്രമം ഉള്‍പ്പെടുത്തി ജാമ്യമില്ലാ കേസ്

k-surendran-sabarimala

പത്തനംതിട്ട∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനു ജയിൽമോചനം കിട്ടാതിരിക്കാൻ പൊലീസ് നീക്കം തുടങ്ങി. ബുധനാഴ്ച റാന്നി കോടതിയിൽ ജാമ്യമില്ലാത്ത മറ്റൊരു കേസ് കൂടി ഫയൽ ചെയ്തു. ശബരിമലയിൽ ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ 12ാം പ്രതിയാക്കി വധശ്രമം ഉൾപ്പെടെയുള്ള വകുപ്പു ചേർത്താണു കേസ് ഫയൽ ചെയ്തത്.

ചിത്തിര ആട്ടവിശേഷത്തിന്റെ സമയം പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തൃശൂർ സ്വദേശി ലളിതാ ദേവിയെന്ന തീർഥാടകയെ ആക്രമിച്ചെന്ന കേസിലാണു കെ.സുരേന്ദ്രനെതിരെ പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ ജാമ്യമില്ലാത്ത വകുപ്പുകളാണു സന്നിധാനം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 16/18 എന്ന നിലയിൽ ചുമത്തിയത്.

സുരേന്ദ്രനു പുറമേ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി, ബിജെപി നേതാവ് വി.വി. രാജേഷ്, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവരെ കൂടി പൊലീസ് ഇതിൽ പ്രതിചേർത്തിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യമില്ലാത്ത വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

ലളിതയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സൂരജ് ഇലന്തൂരിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ ഗൂഢാലോചന വ്യക്തമാണെന്നാണു പൊലീസ് പറയുന്നത്. കെ. സുരേന്ദ്രനും മറ്റു രണ്ടു പേർക്കും സന്നിധാനത്ത് വിരിപ്പന്തലിൽ ശരണം വിളിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ റിമാൻഡിലായിരുന്ന 69 പേർക്കും ബുധനാഴ്ച മുൻസിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

20,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലും റാന്നി താലൂക്കിൽ രണ്ടു മാസം പ്രവേശിക്കാൻ പാടില്ലെന്നും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള വ്യവസ്ഥയിലുമാണ് ജാമ്യം. ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മറ്റൊരു കേസിൽ അറസ്റ്റ് വാറന്റ് ഉള്ളതിനാൽ അവിടെനിന്നു ജാമ്യമെടുത്തെങ്കിൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ. കണ്ണൂരിൽ പൊലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വാറന്റുള്ളത്. കൊട്ടാരക്കര സബ്ജയിലിലുള്ള സുരേന്ദ്രനെ കണ്ണൂരിലെ കേസിൽ 26ന് ഹാജരാക്കാനാണ് കോടതി നിർദ്ദേശം.