Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറിലിരിക്കുന്ന യുവതീയുവാക്കളെ വിരട്ടി കവർച്ച; വേഷം മാറിയെത്തി പൊലീസ്, 2 പേർ അറസ്റ്റിൽ

car-theft-arrest അറസ്റ്റിലായ അനീഷും മനുവും.

തിരുവനന്തപുരം∙ കാറിലിരിക്കുന്ന യുവതീയുവാക്കളെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽഫോണും കവരുന്ന സംഘം പിടിയിലായി. വെയിലൂർ ചെമ്പകമംഗലം രാഗം കല്യാണമണ്ഡപത്തിനു സമീപം വിളയിൽ വീട്ടിൽ വിപിൻ എന്നുവിളിക്കുന്ന മനു (36), മണക്കാട് കുര്യാത്തി ആറ്റുകാൽക്ഷേത്രത്തിനു സമീപം എംഎസ്കെ നഗറിൽ ടിസി 41/1441–ൽ അനീഷ് (24) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവല്ലം– കഴക്കൂട്ടം ബൈപാസ് റോഡിലെ തിരക്കൊഴിഞ്ഞ ഭാഗങ്ങളിലും സർവീസ് റോഡിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനം പാർക്ക് ചെയ്യുന്ന യുവയാത്രികരെയാണു സംഘം നോട്ടമിടുന്നത്. 

സഹായത്തിനു വാട്സാപ്; വഴങ്ങാത്തവരുടെ ഫോട്ടോ പകർത്തലും

വാട്സാപ്പിന്റെ കൂടി സഹായത്തോടെയാണ് ഇവർ മോഷണം നടത്തിയിരുന്നത്. കാറിലെത്തുന്നവരുടെ വാഹനനമ്പരും ലൊക്കേഷനും അനീഷ് വിപിന് അയച്ചുകൊടുക്കും. പിന്നാലെ, തന്റെ ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തുന്ന വിപിൻ കാറിലിരിക്കുന്നവരെ ചോദ്യംചെയ്യും.

നാട്ടുകാരെയും പൊലീസിനെയും അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈലും ആവശ്യപ്പെടുന്ന രീതിയാണ് ഇവർ പിന്തുടർന്നു വന്നത്. പണം കയ്യിലില്ലാത്തവരുടെ എ​ടിഎം കാർ‌ഡ് വാങ്ങി പണം പിൻവലിച്ച് കാർഡ് തിരികെനൽകും.

ഇതിനു വഴങ്ങാത്തവരുടെ ഫോട്ടോ മൊബൈലിൽ പകർത്തും. ഫോൺ നമ്പർ വാങ്ങിയതിനു ശേഷം തട്ടിയെടുത്ത മൊബൈൽ ഫോണുകളിലൂടെ ഭീഷണിപ്പെടുത്തി പണം വാങ്ങും. ആരും പരാതി നൽകാതിരുന്നതിനാൽ ഇതുവരെ ഏകദേശം 20 മോഷണം സംഘം നടത്തിയിട്ടുണ്ട്.

വേഷം മാറി പൊലീസ്, പിടിച്ചെടുത്തത് 30 സിംകാർഡുകൾ

തുടർച്ചയായി സിം മാറ്റിക്കൊണ്ടിരുന്ന ഇവർ പൊലീസിനെ വട്ടം ചുറ്റിച്ചിരുന്നു. ഇരകളിൽനിന്നു ലഭിക്കുന്ന സിംകാർഡുകളാണ് ഇവർ കൂടുതൽ ഉപയോഗിച്ചിരുന്നത്.

പൊലീസ് അനീഷിനെ പിടികൂടിയതിനു പിന്നാലെയാണ് വിപിനും പിടിയിലായത്. ആനയറയിലെ സ്വകാര്യആശുപത്രിയുടെ സമീപം സമാനപിടിച്ചുപറി നടത്താനായി കാത്തുനിന്ന അനീഷിനെ വേഷം മാറിയെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

ഇയാളിൽനിന്ന് 15 മെമ്മറി കാർഡുകൾ, 30 സിംകാർഡുകൾ, നാലു മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. വിപിന്  കഴക്കൂട്ടം, മംഗലാപുരം സ്റ്റേഷനുകളിൽ കേസുകളുണ്ട്.

വാമനപുരം, കഴക്കൂട്ടം എക്സൈസ് സർക്കിളിലും അബ്കാരി കേസുകൾ നിലവിലുണ്ട്. ശംഖുമുഖം എസി ഷാനിഹാൻ, പേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ സജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.