Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിപദവിയിൽ കടിച്ചുതൂങ്ങാനില്ല; രാജി സമർപ്പിക്കുമെന്ന് മാത്യു ടി.തോമസ്

krishnan-kutty-mathew-t-thomas കെ.കൃഷ്ണൻകുട്ടി, മാത്യു ടി.തോമസ്. ചിത്രം: മനോരമ

തിരുവനന്തപുരം/ ബെംഗളൂരു ∙ പിണറായി വിജയൻ സർക്കാരിൽ ഘടകകക്ഷിയായ ജെഡിഎസിന്റെ പ്രതിനിധി മാത്യു ടി.തോമസിനോടു മന്ത്രിപദം ഒഴിയാൻ പാർട്ടി ദേശീയ നേതൃത്വം നിര്‍ദേശിച്ചു. ചിറ്റൂർ എംഎൽഎയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു.

സംഘടനാ തീരുമാനം അംഗീകരിക്കുമെന്നു മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. രാജി വയ്ക്കുന്ന തീയതി മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കും. തനിക്കും കുടുംബത്തിനും എതിരായ ആരോപണം ഹൃദയത്തെ മുറിവേൽപ്പിച്ചു. ഇടതു പാർട്ടികൾക്കു ചേർന്ന രീതിയല്ലിത്. മന്ത്രിപദവിയിൽ കടിച്ചുതൂങ്ങി നിൽക്കാനോ പാർട്ടിയെ പിളർത്താനോ താൽപര്യമില്ലെന്നും മാത്യു ടി.തോമസ് പ്രതികരിച്ചു.

മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണു ദേവെഗൗഡയുമായി ബെംഗളൂരുവിൽ ചർച്ച നടത്തിയത്. ഡാനിഷ് അലിയും പങ്കെടുത്തു. മാത്യു ടി.തോമസിനെ മന്ത്രിസഭയിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ജെഡിഎസ് ഇടതുമുന്നണിക്കു കത്ത് നല്‍കും.

2016ൽ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ, രണ്ടര വർഷത്തിനു ശേഷം ദളിന്റെ മന്ത്രിപദം പങ്കുവയ്ക്കാൻ ധാരണയുണ്ടായിരുന്നെന്ന് പാർട്ടി ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു. ഇതു സംബന്ധിച്ച് ഒൗദ്യോഗികമായി കത്ത് കൈമാറും.

ദൾ എംഎൽഎമാരായ കൃഷ്ണൻകുട്ടിയും സി.കെ നാണുവും കഴിഞ്ഞ ദിവസം ബെംഗളൂരുവിലെത്തി ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രിസ്ഥാനം വച്ചുമാറുന്നതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. പരസ്യമായി പ്രതിഷേധിക്കരുതെന്നു മാത്യു ടി.തോമസിനോടു നേതൃത്വം അഭ്യർഥിച്ചിട്ടുണ്ട്.

ഇടതു മുന്നണി കൺവീനറേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഫോണിൽ തീരുമാനം അറിയിച്ചു. മാത്യു ടി.തോമസ് എതിർപ്പൊന്നുമില്ലാതെ ഇക്കാര്യം അംഗീകരിച്ചതായും ഡാനിഷ് അലി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ഒരാൾ കൂടിയാണ് മന്ത്രി മാത്യു.ടി തോമസ്. എന്നാൽ ദൾ ദേശീയ- സംസ്ഥാന നേതൃത്വം നേരത്തെയെടുത്ത തീരുമാനപ്രകാരം മന്ത്രിയെ മാറ്റേണ്ടത് അനിവാര്യമായിരുന്നു.

നേരത്തെ കെ.കൃഷ്ണൻ കുട്ടി എംഎൽഎയായപ്പോഴൊക്കെ ഇടതു പക്ഷം പ്രതിപക്ഷത്തായിരുന്നാൽ അദ്ദേഹത്തിനു മന്ത്രിയാകാൻ അവസരം ലഭിച്ചിരുന്നില്ല. ഈ മാനുഷിക പരിഗണന കൂടി പരിഗണിച്ചാണ് അവസരം നൽകിയത്. കർഷകരുടേയും സാധാരണക്കാരുടെയും പ്രശ്നങ്ങൾക്കു മുൻഗണന നൽകുമെന്ന് ദൾ നേതൃത്വത്തിനു നന്ദി പറഞ്ഞു കൊണ്ട് കൃഷ്ണൻകുട്ടി പറഞ്ഞു.

രാഷ്ട്രീയമായ അഭിപ്രായഭിന്നവതകൾ പരിഹരിച്ച് മുന്നോട്ടു പോകും. മാത്യു ടി.തോമസിനെ അധിക്ഷേപിട്ടില്ല. രാഷ്ട്രീയമായി അദ്ദേഹവുമായി അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും വ്യക്തിപരമായി അകൽച്ചയില്ല. അദ്ദേഹത്തിന്റെ ഉപദേശം കൂടി തേടിയാകും പ്രവർത്തിക്കുകയെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു.

മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായ ജെഡിഎസിലെ മൂന്നു എംഎൽഎമാരോടും ബെംഗളൂരുവിലെത്തി തന്നെ കാണാൻ ദേവെഗൗഡ ആവശ്യപ്പെട്ടിരുന്നു. മാത്യു ടി.തോമസിന്റെ അസാന്നിധ്യത്തിൽ ഏകപക്ഷീയമായി എടുത്ത തീരുമാനം പാർട്ടിയെ പിളർപ്പിലേക്കു നയിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതായി ദേവെഗൗഡ പറഞ്ഞതായി സി.കെ.നാണു അറിയിച്ചു. പരസ്യമായി പ്രതിഷേധിക്കരുതെന്നു മാത്യു ടി.തോമസിനോടു നേതൃത്വം അഭ്യര്‍ഥിച്ചു.

രണ്ടരവർഷം കഴിയുമ്പോൾ മാത്യു ടി.തോമസ് മന്ത്രിസ്ഥാനത്തുനിന്ന് ഒഴിഞ്ഞു തനിക്ക് അവസരം നൽകുമെന്ന ധാരണ മന്ത്രിസഭാ രൂപീകരണ വേളയിൽ തന്നെ ഉണ്ടായിരുന്നുവെന്നാണു കൃഷ്ണൻകുട്ടിയുടെ വാദം. മൂന്നു പേരെയും വിളിച്ചുചേർക്കാൻ മൂന്നാഴ്ച മുമ്പും ഗൗഡ ശ്രമിച്ചിരുന്നു. പങ്കെടുക്കാൻ തയാറല്ലെന്നു മാത്യു ടി. തോമസ് അന്നും അറിയിച്ചതോടെ ആ ചർച്ച വിജയിച്ചില്ല.

തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്തുണ്ടായ ചില ആരോപണങ്ങൾ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നെന്ന രോഷത്തിലാണ് മാത്യു ടി.തോമസ്. മന്ത്രിവസതിയിലെ ഒരു മുൻജീവനക്കാരിയെ ഇതിനായി എതിർചേരി ചട്ടുകമാക്കിയെന്ന പരാതി അദ്ദേഹം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. തന്നെ അപമാനിച്ചു പുറത്താക്കാൻ ശ്രമിക്കുന്നവരുമായി സന്ധിസംഭാഷണമില്ലെന്ന പ്രതിഷേധത്താലാണു മാത്യു ടി.തോമസ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്നാണു സൂചന.

related stories