Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികുതിവെട്ടിപ്പിന് ‘ചൈന ബിൽ’; വാഹന പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ

Tax

തിരുവനന്തപുരം∙ നികുതി വെട്ടിപ്പു തടയുന്നതിനു സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ വാഹന പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. ഇതര സംസ്ഥാനങ്ങളിൽനിന്നു ‘ചൈന ബിൽ’ എന്നറിയപ്പെടുന്ന വ്യാജ ബില്ലുകൾ ഉപയോഗിച്ചു കേരളത്തിലേക്കു നികുതിയടയ്ക്കാതെ ഗ്രാനൈറ്റ് കയറ്റിയ ലോറികൾ വരുന്നതായി വിജിലൻസ് ഡയറക്ടർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ നടത്തിയ പരിശോധനയിലാണു ക്രമക്കേടുകൾ കണ്ടെത്തിയത്.

നഞ്ചൻഗോഡ് നിന്നു കയറ്റുന്ന ഗ്രാനൈറ്റ് ലോഡിന് 3% നികുതി കൊടുത്താൽ ബെംഗളൂരുവിനടുത്തുള്ള മകിടിയിൽ നികുതിയടച്ച ബിൽ ലോറിക്കാർക്കു ലഭിക്കും. എന്നാൽ മരിച്ചയാളുടെ പേരിലുള്ള TIN ഉപയോഗിച്ച ബില്ലാണ് ഇത്തരത്തിൽ നൽകുന്നത്. ഇതോടൊപ്പം വ്യാജ ഇ-വേ ബില്ലും ഉപയോഗിച്ചാണു ഗ്രാനൈറ്റ് കടത്തുന്നത്.

ചൈന ബിൽ എന്നറിയപ്പെടുന്ന ഇത്തരം വ്യാജ ബില്ലുകൾ വഴി ഗ്രാനൈറ്റ് കടത്തുന്നതിനാൽ കേരള സർക്കാരിനു നികുതിയിനത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ശരിയായി പരിശോധന നടത്തുന്നില്ലെന്ന രഹസ്യ വിവരവും വിജിലൻസിനു ലഭിച്ചിരുന്നു.

30 സംഘമായാണു വിജിലൻസ് പരിശോധന നടത്തിയത്. പല വാഹനങ്ങളുടെയും ഇ-വേ (E-Way ) ബിൽ വിൽപന നികുതി വിഭാഗം പരിശോധിച്ച് അനുമതി നൽകിയിട്ടില്ലായെന്നു കണ്ടെത്തി. ആലപ്പുഴ, തൃശൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ബിൽ ഇല്ലാതെയും നികുതി അടയ്ക്കാതെയും അമിത ഭാരതത്തിൽ തടി കയറ്റി വന്ന വാഹനവും അലമാര കയറ്റി വന്ന വാഹനവും പിടികൂടി.

വിജിലൻസ് കൈമാറിയ ചില വാഹനങ്ങൾ കൂടുതൽ തുക സർക്കാരിലേക്ക് അടക്കാൻ തയാറായി. വിൽപന നികുതി സ്‌ക്വാഡ് എത്തി നടപടി സ്വീകരിച്ചു. പാലക്കാടു നടത്തിയ പരിശോധനയിൽ ഇ-വേ ബില്ലിൽ കാണിച്ചതിനേക്കാൾ കൂടുതൽ ഗ്രാനൈറ്റ് കടത്തിയതായും കണ്ടെത്തി.

related stories