Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് വധം: സനാതന്‍ സന്‍സ്തയെ പ്രതി ചേര്‍ത്തു; 5 വര്‍ഷത്തെ ആസൂത്രണമെന്ന് എസ്ഐടി

Gauri Lankesh ഗൗരി ലങ്കേഷ്

ബെംഗളൂരു∙ ഗൗരി ലങ്കേഷ് വധക്കേസിൽ തീവ്രഹിന്ദു സംഘടനയായ സനാതൻ സൻസ്തയെയും പ്രതിചേർത്ത് പ്രത്യേക അന്വേഷണ സംഘം. വെള്ളിയാഴ്ച ബെംഗളൂരു സെഷൻസ് കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് സനാതൻ സൻസ്തയുടെ പേരും ഉൾപ്പെടുത്തിയത്. വ്യക്തിപരമായ കാരണങ്ങളില്ലാതെ സംഘടനയുടെ ഒരു ശൃംഖല ഗൗരി ലങ്കേഷിനെ പിന്തുടർന്നുവെന്നു എസ്ഐടി ചൂണ്ടിക്കാട്ടി. അഞ്ച് വർഷത്തെ കൂടിയാലോചനകൾക്കു ശേഷമാണ് ഗൗരി ലങ്കേഷിനെ വധിച്ചതെന്നും 9,235 പേജുകൾ ഉള്ള കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി.

ഗൗരി ലങ്കേഷ് ഒരു പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നു. അവർ അതിനെ കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അവർക്കു വിപരീതമായി പ്രവർത്തിച്ചിരുന്ന സംഘടന തന്നെയാണ് കൊലപാതകത്തിനു പിന്നിൽ– സ്പെഷൽ പ്രോസിക്യൂട്ടർ എസ്.ബാലൻ മാധ്യമങ്ങളോടു പറഞ്ഞു. കേസിൽ തുടരന്വേഷണത്തിനുള്ള അനുവാദവും എസ്ഐടി ആവശ്യപ്പെട്ടു. കഴിഞ്ഞ മേയിലാണ് ഗൗരി ലങ്കേഷ് വധക്കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്.

2017 സെപ്റ്റംബർ 5നാണ് മാധ്യമപ്രവർത്തകയും ഇടതു ചിന്തകയുമായ ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ വസതിക്കു മുൻപിൽ വെടിയേറ്റു മരിച്ചത്. കേസിൽ ഇതുവരെ 18 പേരെയാണ് പ്രത്യേക അന്വേഷണസംഘം പ്രതിചേർത്തിട്ടുള്ളത്. സനാതൻ സൻസ്ത, ശ്രീരാമസേന, ഹിന്ദു ജനജാഗൃതി സമിതി, ഹിന്ദു യുവ സേന തുടങ്ങിയവയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായവരിൽ ഏറെയും.