Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു പുഷ്പഹാരം അങ്ങോട്ടും ഒരെണ്ണം ഇങ്ങോട്ടും; ലളിത ഗംഭീരമായി മന്ത്രിപുത്രിയുടെ വിവാഹം

Marriage റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും നവദമ്പതികൾക്കൊപ്പം. ചിത്രം: മനോരമ

കാസർകോട് ∙ പുഷ്പഹാരമണിയിക്കലും താലി ചാർത്തലും ഉൾപെടെ 10 മിനിറ്റിൽ കല്യാണം. പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ആർഭാടരഹിതമായി നടന്നത്. ടൗൺഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മന്ത്രിയുടെ മകൾ നീലി ചന്ദ്രന്റെയും കാസർകോട് ടൗൺ സർവീസ് സഹകരണബാങ്ക് റിട്ട. മാനേജർ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി.കുഞ്ഞികൃഷ്ണൻ നായരുടെ മകൻ പി.വിഷ്ണുവിന്റെയും വിവാഹം ശുഭം.

കൊട്ടും കുരവയുമില്ല. പണക്കൊഴുപ്പിന് ഇടം നൽകാത്ത വേദി. ടൗൺഹാളും പരിസരവും നിറഞ്ഞുകവിഞ്ഞ ജനം. അവരെയെല്ലാം നേരിട്ടു സ്വീകരിച്ച് നാടിന്റെ സ്വന്തം ‘ചന്ദ്രേട്ടൻ’. മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിന്റെ മുൻനിരയിൽ ഉപവിഷ്ടനായതോടെ ചടങ്ങുകൾ തുടങ്ങി. എ4 സൈസ് പേപ്പറിൽ അച്ചടിച്ച ലളിതമായ വിവാഹ ക്ഷണക്കത്ത് നേരത്തേ തന്നെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.

chnadrashekaran റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ നവദമ്പതികൾക്കൊപ്പം.

പ്രശസ്തരുടെ പങ്കാളിത്തം കൊണ്ടു ഗംഭീരമായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയുൾപെടെ 17 മന്ത്രിമാർ. കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ , എംപി, എംഎൽഎമാരുൾപെട്ട വലിയ രാഷ്ട്രീയ സദസ്സ്. ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ജനപ്രിയനായ മന്ത്രിയുടെ മകളുടെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ നാടു മുഴുവൻ ഒഴുകിയെത്തി.

1981ൽ ആയിരുന്നു ഇ.ചന്ദ്രശേഖരന്റെയും വി.സാവിത്രിയുടെയും വിവാഹം. താലികെട്ടും പുടവ കൈമാറ്റവുമില്ലാതെ പൂമാല ചാർത്തലിൽ ഒതുക്കിയ ഹ്രസ്വമായ ചടങ്ങ്. പങ്കെടുത്തവർക്കു നൽകിയതു നാരങ്ങ സർബത്ത്. കാർമികത്വം വഹിച്ചത് അന്നു പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗമായിരുന്ന മുൻ മന്ത്രി പരേതനായ ഡോ. എ.സുബ്ബറാവു. രക്ഷിതാക്കളുടെ വഴിയേ മകളുടെ വിവാഹവും നടന്നപ്പോൾ ലാളിത്യത്തിന്റെ തുടർച്ചയായി.

related stories