Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബ് ഭീഷണിയില്‍നിന്ന് പിച്ചച്ചട്ടിയിലേക്ക്; പാക്കിസ്ഥാനെ പരിഹസിച്ചു നരേന്ദ്ര മോദി

Narendra Modi

ആല്‍വാര്‍ ∙ ഇന്ത്യക്കെതിരേ ബോംബ് ഭീഷണി മുഴക്കിയിരുന്നവര്‍ ഇപ്പോള്‍ പിച്ചച്ചട്ടിയുമായി നടക്കുകയാണെന്നു പാക്കിസ്ഥാനെ പരോക്ഷമായി പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി.

കടക്കെണിയില്‍നിന്നു കരകയറാന്‍ സഖ്യരാജ്യങ്ങളില്‍നിന്ന് ധനസഹായം തേടുന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ലക്ഷ്യമിട്ടായിരുന്നു മോദിയുടെ പ്രസ്താവന. ഭീകരതയ്‌ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനുള്ള 1.66 ബില്യൻ ഡോളറിന്റെ സുരക്ഷാ സഹായം അമേരിക്ക റദ്ദാക്കിയിരുന്നു. എന്നാല്‍ സൗദിയില്‍നിന്ന് 6 ബില്യൻ ഡോളറിന്റെ സഹായം നേടിയെടുക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞു. ചര്‍ച്ചകള്‍ക്കു ശേഷം സഹായിക്കാമെന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.

മോദിയുടെ ജാതി കൊണ്ടല്ല ഇതു സംഭവിച്ചതെന്നും 125 കോടി ഇന്ത്യക്കാരുടെ നിലപാടു കൊണ്ടാണെന്നും രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു മോദി പറഞ്ഞു. വികസനത്തെക്കുറിച്ചു പറയാന്‍ ഭയപ്പെടുന്നതു കൊണ്ടാണു കോണ്‍ഗ്രസ് മോദിയുടെ ജാതിയെക്കുറിച്ചു പറയുന്നതെന്നു മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി.പി. ജോഷിയുടെ പ്രസ്താവനയോടു പ്രതികരിച്ചു മോദി പറഞ്ഞു.

മോദി എവിടെ ജന്മസ്ഥലത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലാണോ രാജസ്ഥാന്റെ ഭാവി നിര്‍ണയിക്കപ്പെടുകയെന്നും മോദി ചോദിച്ചു. ഏതു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നതല്ല പ്രശ്‌നം അവരെക്കൊണ്ട് ആരാണ് ഇതൊക്കെ പറയിപ്പിക്കുന്നതെന്നതാണ് ഗൗരവത്തിലെടുക്കേണ്ടതെന്ന് രാഹുലിനെ പരാമര്‍ശിച്ചു മോദി കുറ്റപ്പെടുത്തി. വികസനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിനു തണ്ടെല്ലുറപ്പില്ലെന്നും മോദി പറഞ്ഞു.

related stories