Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭയ്ക്ക് എതിരല്ല; സമരം ചെയ്തത് നീതിക്കായി: ഫാ. അഗസ്റ്റിൻ വട്ടോളി

father-augustine-vattoli ഫാ. അഗസ്റ്റിൻ വട്ടോളി

കൊച്ചി ∙ സഭയ്ക്ക് എതിരല്ലെന്നും സഭയ്ക്കുള്ളിൽനിന്നു നീതിക്കു വേണ്ടിയാണ് സമരത്തിൽ പങ്കെടുത്തതെന്നും സേവ് ഔർ സിസ്റ്റേഴ്സ് (എസ്ഒഎസ്) കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മാനത്തോടത്ത്, ചാൻസലർ ഫാ. ജോസ് പോളയിൽ എന്നിവർക്കു മറുപടി നൽകി. കന്യാസ്ത്രീക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹിച്ചത്. കന്യാസ്ത്രീമാർക്ക് സംരക്ഷണം നൽകണമെന്നും ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം അന്വേഷിക്കണമെന്നും പറയുന്നത് സഭയ്ക്ക് എതിരല്ലെന്നും കത്തിൽ വ്യക്തമാക്കുന്നതായാണ് ഫാ. അഗസ്റ്റിൻ വട്ടോളിയുടെ അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. താൻ നേരത്തെ പ്ലാച്ചിമടയിൽ സമരം നടത്തി ജയിലിൽ ആയപ്പോൾ ബിഷപ്പ് മാർ ജേക്കബ് മാനത്തോടത്ത് സന്ദർശിച്ച് പിന്തുണയും പ്രാർഥനയും നൽകിയ കാര്യവും കത്തിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ കത്തിന്റെ ഉള്ളടക്കം പുറത്തുവിടാൻ തയാറല്ലെന്ന് ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

ഫാദർ നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിൽ സഭ അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബിഷപ്പ് ഫ്രാങ്കോയുടെ കന്യാസ്ത്രീ ലൈംഗിക പീഡനക്കേസ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ സീറോ മലബാർ സഭാ നേതൃത്വത്തെ ചോദ്യം ചെയ്യുകയും സമരരംഗത്ത് സജീവമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് വൈദികൻ അഗസ്റ്റിൻ വട്ടോളിക്ക് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ കാണിക്കൽ നോട്ടിസും മുന്നറിയിപ്പും നൽകിയത്. കഴിഞ്ഞ 14ന് സെക്രട്ടേറിയറ്റ് പടിക്കൽ ഫാ. അഗസ്റ്റിൻ വട്ടോളി കൺവീനറായ സേവ് ഔർ സിസ്റ്റേഴ്സ് സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു കത്തയച്ചത്. ഫാ. അഗസ്റ്റിൻ വട്ടോളി സഭാവിരുദ്ധ നടപടികളിൽ ഏർപ്പെട്ടെന്നും കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും ആയിരുന്നു ആവശ്യം.

ഇതിനിടെ ഫാ. അഗസ്റ്റിൻ വട്ടോളിക്ക് പിന്തുണയുമായി സിറോ മലബാർ സഭയിലെ 30 ഓളം വൈദികർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ കണ്ടു. ഫാദർ അഗസ്റ്റിൻ വട്ടോലിക്കെതിരെ പ്രതികാര നടപടി എടുക്കരുതെന്ന് വൈദികർ ബിഷപ് മാർ ജേക്കബ് മാനത്തോടത്തിനോട് നേരിൽക്കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകയ്ക്ക് നീതി കിട്ടുന്നതിന് മറ്റു വൈദികർക്കൊപ്പമാണ് ഫാദർ അഗസ്റ്റിൻ വട്ടോളി സമരത്തിൽ പങ്കെടുത്തത്. സമരം ആസൂത്രണം ചെയ്തത് ഫാദർ വട്ടോളി അല്ലെന്നും പരാതിക്കാരിയായ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും വിവിധ സംഘടനകളുമാണെന്നും വൈദികർ മാർ മനത്തോടത്തെ അറിയിച്ചിട്ടുണ്ട്.

related stories