Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർജി തള്ളി; സിഖ് വിരുദ്ധ കലാപത്തിലെ 88 പ്രതികളുടെ ശിക്ഷ ഡൽഹി ഹൈക്കോടതി ശരിവച്ചു

174197278

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ 1984 ൽ ഉണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ 88 പ്രതികളുടെ ശിക്ഷ ഡൽഹി ഹൈക്കോടതി ശരിവച്ചു. ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ നല്‍കിയ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്.

എല്ലാ പ്രതികളും നാലാഴ്ചയ്ക്കകം കീഴടങ്ങണമെന്നു കോടതി പറഞ്ഞു. കലാപത്തിൽ കൊല്ലപ്പെട്ട 95 പേരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് അഞ്ച് വർഷത്തെ തടവാണ് വിധിച്ചിരുന്നത്. ഇതാണ് ഹൈക്കോടതി ശരിവച്ചത്. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്തി ഇവർക്കെതിരെ കൊലക്കുറ്റം ചുമത്താൻ കോടതി പൊലീസിനോടു നിർദേശിച്ചു. കോടതിയുടേത് ചരിത്രവിധിയാണെന്നു മുതിർന്ന അഭിഭാഷകനായ എച്ച്.എസ്.ഫുൽക്കാ പറഞ്ഞു.

കഴിഞ്ഞ ആഴ്ച സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയായ യശ്പാൽ സിങ്ങിന് അഡീഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചിരുന്നു. കൂട്ടുപ്രതി നരേഷ് ഷെറാവത്തിനെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കലാപത്തിനിടെ സൗത്ത് ഡൽഹിയിലെ മഹിപാൽപുരിൽ ഹർദേവ് സിങ്, അവതാർ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തെളിവില്ലെന്ന കാരണത്താൽ ഡൽഹി പൊലീസ് 1994 ൽ കേസ് അവസാനിപ്പിച്ചെങ്കിലും 2015 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പ്രത്യേക സംഘം (എസ്ഐടി) അന്വേഷണം ഏറ്റെടുത്തതോടെയാണു പ്രതികളെ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് 60 കേസുകളാണ് എസ്ഐടി അന്വേഷിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് 1984 ലെ സിഖ് വിരുദ്ധ കലാപം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്നു ഡൽഹി കേന്ദ്രീകരിച്ച് സിഖ് സമുദായാംഗങ്ങൾക്കെതിരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സിഖുകാർ പൊതുനിരത്തുകളിലും വീടുകളിലും ആക്രമിക്കപ്പെട്ടു. ഒട്ടേറെ പേർ ചുട്ടെരിക്കപ്പെട്ടു.

2733 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാണെന്നു കരുതപ്പെടുന്നു. രാഷ്ട്രപതിയായിരുന്ന സെയിൽസിങ്ങിന്റെ ഒൗദ്യോഗിക വാഹനത്തിനു നേരെയും അന്നു കല്ലേറുണ്ടായി.