Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപണി ലാഭത്തിൽ ക്ലോസ് ചെയ്തു; പ്രവണത തുടർന്നേക്കുമെന്ന് വിലയിരുത്തൽ

sensex-mobile

കൊച്ചി ∙ ഓഹരി വിപണിയിൽ പോസിറ്റീവ് പ്രവണത തുടരുമെന്നതിന്റെ സൂചന നൽകി നിഫ്റ്റിയും സെൻസെക്സും മികച്ച നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 0.40 ശതമാനം ഉയർച്ചയിൽ 10728.85 ന് ഇന്ന് ക്ലോസ് ചെയ്തു. സെൻസെക്സ് 0.57 ശതമാനം ഉയർച്ചയിൽ 35716.95 നാണ് ക്ലോസ് ചെയ്തത്. ഇന്ന് നിഫ്റ്റി ഒരുവേള 10757.80 വരെ എത്തിയെങ്കിലും 10750 ന് മുകളിൽ ക്ലോസ് ചെയ്യാൻ സാധിച്ചില്ല. 

വരും ദിവസം നിഫ്റ്റി വ്യാപാരം 10750 നു മുകളിൽ തുടർന്നാൽ 10780 ആയിരിക്കും റെസിസ്റ്റൻസ് ലവൽ എന്ന് സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. അതേസമയം 10700 നു താഴേക്ക് ഒരു പ്രവണത ഉണ്ടായാൽ 10650–10600 എന്ന സപ്പോർട് ലവൽ നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നാളെ അവധി വ്യാപാരം ക്ലോസ് ചെയ്യുന്നതിനാൽ 10750 ന് മുകളിൽ ക്ലോസിങ് ലഭിക്കുകയാണെങ്കിൽ 10850 വരെ നിഫ്റ്റി ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 

ഇന്ന് വിപണിയിൽ അഞ്ച് സെക്ടറുകൾ ലാഭത്തിലും ആറ് സെക്ടറുകൾ നഷ്ടത്തിലും ക്ലോസ് ചെയ്തു. ഐടി, മീഡിയ, ഫിനാൻഷ്യൽ സർവീസസ്, സ്വകാര്യ ബാങ്ക് സെക്ടർ എന്നിവയാണ് ഏറ്റവും ലാഭത്തിൽ ക്ലോസ് ചെയ്ത സെക്ടറുകൾ. അതേസമയം പബ്ലിക് സെക്ടർ ബാങ്ക്, റിയൽറ്റി, മെറ്റൽ, എഫ്എംസിജി സെക്ടറുകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണി ആകെ കണക്കിൽ ലാഭപ്രവണതയോടെ ക്ലോസ് ചെയ്തെങ്കിലും മൊത്തം സ്റ്റോക്കുകളിൽ 593 എണ്ണം മാത്രമാണ് ലാഭമുണ്ടാക്കിയത്. 1131 സ്റ്റോക്കുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ടിസിഎസ്, ഇൻഫോസിസ്, സീ ടെലി, റിലയൻസ് സ്റ്റോക്കുകൾ ലാഭത്തിലായിരുന്നെങ്കിൽ യെസ് ബാങ്ക്, ബിപിസിഎൽ, ഭാരതി എയർടെൽ, ഐഒസി സ്റ്റോക്കുകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 

രാജ്യാന്തര തലത്തിൽ യൂറോപ്യൻ വിപണി നേരിയ പോസിറ്റീവ് പ്രവണതയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യൻ മാർക്കറ്റുകളെല്ലാം പോസിറ്റീവായാണ് വ്യാപാരം ക്ലോസ് ചെയ്തത്. ഡോളറിനെതിരെ ഇന്ത്യൻ കറൻസി ഇന്നു നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 70.76 ന് വ്യാപാരം ആരംഭിച്ച രൂപ ഇപ്പോൾ 70.64 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡോയിലിന് ഇന്ന് നേരിയ വിലവർധനയുണ്ട്.