Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഡിപി നിരക്കു വെട്ടിക്കുറച്ചത് വില കുറഞ്ഞ തമാശയെന്ന് ചിദംബരം

p-chidambaram പി. ചിദംബരം (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ മൻമോഹൻ സിങ് സർക്കാരിന്‍റെ കാലത്തെ സാമ്പത്തിക വളർച്ചാ നിരക്കു കുറച്ച കേന്ദ്ര നടപടിയെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. രാജ്യത്തിന്‍റെ തകർന്ന സാമ്പത്തികാവസ്ഥ മറച്ചുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയും ചേർന്നു നടത്തുന്ന, വിദ്വേഷം കലർന്ന വഞ്ചനാപരമായ ചെപ്പടിവിദ്യയാണതെന്നു കോൺഗ്രസ് കുറ്റപ്പെടുത്തി.

2010–11 കാലത്തെ ജിഡിപി 10.3 ശതമാനമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാലിത് 8.5 ശതമാനം മാത്രമാണെന്നാണ് നീതി ആയോഗ് ഇന്നലെ വ്യക്തമാക്കിയത്. സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധർ സൂക്ഷ്മപരിശോധനകൾക്കു ശേഷമാണ് പുതിയ ജിഡിപി നിരക്കു പ്രഖ്യാപിച്ചതെന്നും തെറ്റിദ്ധരിപ്പിക്കുകയോ യാഥാർഥ്യത്തെ മറ്റൊരു രീതിയിൽ ചിത്രീകരിക്കുകയോ സർക്കാരിന്‍റെ ലക്ഷ്യമല്ലെന്നും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വ്യക്തമാക്കിയിരുന്നു.

എൻഡിഎ കാലത്തെക്കാൾ മികച്ച ജിഡിപി നിരക്കാണ് യുപിഎ കാലത്തുണ്ടായിരുന്നതെന്ന കോൺഗ്രസിന്‍റെയും മുൻ ധനമന്ത്രി പി. ചിദംബരത്തിന്‍റെയും വാദം ഇതോടെ പൊളിഞ്ഞെന്ന് ബിജെപി ട്വീറ്റു ചെയ്തു. ഉദാരവത്ക്കരണത്തിനു തുടക്കമിട്ട ശേഷം ജിഡിപി രണ്ടക്കത്തിലെത്തിയ ഏക വർഷമായിരുന്നു 2010–11. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കണക്കുകൾ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രധാനമാണ്.

നീതി ആയോഗിന്‍റെ പുതിയ ജിഡിപി കണക്കുകൾ വിലകുറഞ്ഞ തമാശയാണെന്ന് പി. ചിദംബരം കുറ്റപ്പെടുത്തി. സത്യത്തിൽ, വില കുറഞ്ഞ തമാശയെക്കാൾ ശോചനീയമാണ് ആ കണക്കുകളെന്നും നിശിതമായ വിമർശനം മൂലം ഉടലെടുത്തവയാണ് അവയെന്നും ചിദംബരം ട്വീറ്റു ചെയ്തു. നോട്ടു നിരോധനവും ജിഎസ്ടി നടപ്പിലാക്കിയതും പോലുള്ള ബുദ്ധിഹീനമായ തീരുമാനങ്ങൾ സമ്പദ്ഘടനയുടെ നട്ടെല്ലൊടിച്ചെന്നും ചെപ്പടിവിദ്യകളിലൂടെ ഇതു മറച്ചുവയ്ക്കാനുള്ള തന്ത്രമാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും പയറ്റുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുര്‍ജേവാല ആരോപിച്ചു. ഇത്തരം വിദ്യകളിലൂടെ സത്യം മറച്ചുവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

related stories