Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസക് സമൂഹമാധ്യമത്തിലൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു: രമേശ് ചെന്നിത്തല

thomas-isaac-ramesh-chennithala ധനമന്ത്രി തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ ശബരിമല വിഷയത്തെച്ചൊല്ലി വിമർശനമുന്നയിച്ച ധനമന്ത്രി തോമസ് ഐസക്കിനു സമൂഹമാധ്യമത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് വായിച്ചപ്പോൾ തനിക്കു ചിരിയാണു തോന്നിയതെന്നു ചെന്നിത്തല വ്യക്തമാക്കി.

ഞാൻ പറഞ്ഞത് ‘അറം പറ്റും’ എന്നൊക്കെയാണു തോമസ് ഐസക് എഴുതുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദത്തിലും ഇടയ്ക്കു നാലാംലോക വാദത്തിലുമൊക്കെ വിശ്വസിക്കുന്ന ഐസക് അറത്തിലൊക്കെ വിശ്വസിക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ പിതൃത്വം കെപിസിസിക്ക് അനുവദിക്കാൻ തയാറായതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. സാധാരണ ഇതെല്ലാം സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കുന്ന സിപിഎം പാർട്ടി നയത്തിനു വിരുദ്ധമായ നിലപാടാണു ധൈര്യപൂർവം അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

പിണറായി പ്രസംഗിക്കുന്ന ജനക്കൂട്ടം കണ്ടു പ്രസംഗിക്കാൻ ഇറങ്ങിത്തിരിച്ചു ഒടുവിൽ കാലിയായ കസേരകളെ നോക്കി നിർവൃതി അടഞ്ഞതോടെയാണു തന്റെ തട്ടകം ഫെയ്സ്ബുക് പേജാണ് എന്നു തിരിച്ചറിഞ്ഞു ഇപ്പോൾ അവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഐസക് ശ്രമിക്കുന്നത്. സിപിഎം ഉണ്ടായ കാലം മുതൽക്ക് ഇന്നുവരെ പാർട്ടിയുടെ പരമോന്നത കമ്മറ്റിയായ പൊളിറ്റ്ബ്യുറോയുടെ പടിക്ക്പുറത്താണു ദലിതരുടെ സ്ഥാനം എന്ന് ഓർത്തുവേണം പുരപ്പുറത്തുള്ള വിപ്ലവ പ്രസംഗമെന്നും ചെന്നിത്തല മറുപടി നൽകി.

ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ പരാതിയിൽ ഐസക് സ്വീകരിച്ച നിലപാടിനെയും ചെന്നിത്തല പരിഹസിച്ചു. ഐസക്കിന്റെ ഫെയ്സ്ബുക് പേജ് ഞാൻ താഴേക്ക് ഒന്ന് സ്ക്രോൾ ചെയ്തു നോക്കി. കേരളം ഒരുമാസത്തിലേറെയായി ചർച്ച ചെയ്യുന്ന ഒരു സ്ത്രീപീഡനത്തെക്കുറിച്ച് ഒരു വരിപോലുമില്ല. സ്ത്രീയുടെ മാനത്തെ അശുദ്ധമാക്കാൻ ശ്രമിച്ച ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായിട്ടോ ഇരയായ ഡിവൈഎഫ്ഐ വനിതാ സഖാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചോ ഒരുവരി പോലുമില്ല. എന്തിനേറെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽനിന്നും പി. ശശിയെ എന്തിനു പുറത്താക്കി എന്നു പറയാൻ പോലും എഴുതാൻ ഡോ.ഐസക്കിന് കഴിഞ്ഞിട്ടില്ല– ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണ രൂപം. 

കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാതെ ശബരിമലയിൽ ഇടപെടുന്ന മുഖ്യമന്ത്രിയുടെ ചെയ്തികളെ ടൈറ്റാനിക് കപ്പലുമായി ഉപമിച്ച് ഇന്നലെ നിയമസഭയിൽ സംസാരിക്കുകയും ഫെ്യ്സ്ബുക്കിൽ എഴുതുകയും ചെയ്തതിനെതിരേ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് എനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പേജിൽ എഴുതിയ കുറിപ്പ് വായിച്ചപ്പോൾ സത്യത്തിൽ എനിക്ക് ചിരിയാണ് തോന്നിയത്. ഞാൻ പറഞ്ഞത് "അറം പറ്റും"എന്നൊക്കെയാണ് തോമസ് ഐസക്ക് എഴുതുന്നത്. വൈരുദ്ധ്യാത്മിക ഭൗതികവാദത്തിലും ഇടയ്ക്ക് നാലാംലോക വാദത്തിലുമൊക്കെ വിശ്വസിക്കുന്ന ഐസക് അറത്തിലൊക്കെ വിശ്വസിക്കുന്നു എന്നത് എന്നെ അതിശയിപ്പിക്കുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ പിതൃത്വം കെപിസിസി അനുവദിക്കാൻ തയാറായതിൽ അദ്ദേഹത്തെ ഞാൻ ആഭിനന്ദിക്കുന്നു. സാധാരണ ഇതെല്ലാം സ്വന്തം അകൗണ്ടിൽ നിക്ഷേപിക്കുന്ന സിപിഎം പാർട്ടി നയത്തിനു വിരുദ്ധമായ നിലപാടാണു ധൈര്യപൂർവം അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

വിശ്വാസികളെ സവർണരെന്നും അവർണരെന്നും രണ്ടുവിഭാഗമായി തരംതിരിച്ചു തമ്മിൽ തല്ലിക്കുന്ന പരിപാടി പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കാറുണ്ട്. പിണറായി പ്രസംഗിക്കുന്ന ജനക്കൂട്ടം കണ്ടു പ്രസംഗിക്കാൻ ഇറങ്ങിത്തിരിച്ചു ഒടുവിൽ കാലിയായ കസേരകളെ നോക്കി നിർവൃതി അടഞ്ഞതോടെയാണു തന്റെ തട്ടകം ഫെയ്സ്ബുക് പേജാണ് എന്ന് തിരിച്ചറിഞ്ഞു ഇപ്പോൾ അവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഐസക് ശ്രമിക്കുന്നത്. സിപിഎം ഉണ്ടായ കാലം മുതൽക്ക് ഇന്നുവരെ പാർട്ടിയുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ്ബ്യുറോയുടെ പടിക്ക്പുറത്താണ് ദളിതരുടെ സ്ഥാനം എന്ന് ഓർത്ത് വേണം പുരപ്പുറത്തുള്ള വിപ്ലവ പ്രസംഗം.

ശബരിമലയിൽ ലിംഗ അനീതി ഉണ്ടെന്നു സ്ഥാപിക്കാനാണ് സിപിഎമ്മും ഐസക്കും ശ്രമിക്കുന്നത്. പരിപാവനമായ ശബരിമലയിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം ഒരിക്കലും വിലക്കിയിട്ടില്ല. ആചാരത്തിന്റെയും അനുഷ്‌ഠാനങ്ങളുടെയും പേരിൽ പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ മാത്രമാണ് ഉള്ളത്. ശബരിമലയിലെ ആചാരങ്ങളിൽ വിശ്വസിക്കുന്നവരെ നവോത്ഥാന വിരുദ്ധരായും സംഘികളായും ചാപ്പ അടിക്കുന്ന ഐസക്ക് ഉൾപ്പെടെയുള്ളവരുടെ വാക്കും നാക്കും (സോറി നാക്ക് ഇല്ല എഴുത്തും) അടിസ്ഥാനപരമായി സഹായിക്കുന്നത് സംഘപരിവാറിനെയാണ്. ഈ ശ്രമമൊന്നും കേരളത്തിൽ വിലപ്പോകില്ല. വൈകിയാണെങ്കിലും മഹാത്മാഗാന്ധിയെക്കുറിച്ചു നല്ലത് പറയാൻ സിപിഎം തയാറായതിൽ സന്തോഷമുണ്ട്. അടികൊണ്ടു തലപൊളിയുമ്പോഴും പൊലീസിന് എതിരായി ഒന്നും ചെയ്യാതെ അഹിംസയെ മുറുകെപിടിക്കാൻ ഇന്ത്യയെ പഠിപ്പിച്ച മഹാത്മാഗാന്ധിയുടെ ആശയവും 51 വെട്ട് വെട്ടി രാഷ്ട്രീയ ശത്രുവിനെ ഇല്ലാതാക്കുന്ന ഉന്മൂലന രാഷ്ട്രീയവുമായി എത്ര ചേർത്താലും ചേരില്ല എന്ന് ഐസക് മനസിലാക്കണം. കമ്യുണിസ്റ്റ് ചരിത്ര പുസ്തകങ്ങൾ വായിച്ചു കഴിഞ്ഞെങ്കിൽ കമ്യുണിസത്തെക്കുറിച്ചു മഹാത്മാഗാന്ധി എഴുതിയ പുസ്തകങ്ങൾ കൂടി അങ്ങ് വായിക്കണം. ഉന്മൂലന രാഷ്ട്രീയത്തെക്കുറിച്ചു മഹാത്മാഗാന്ധി എഴുതിയ വരികൾ വായിക്കുമ്പോൾ വിട്ടുകളയരുത്.

സ്ത്രീകളെയും അവരുടെ അവകാശങ്ങളെക്കുറിച്ചും എഴുതിയ പോസ്റ്റ് വായിച്ച ശേഷം ഐസക്കിന്റെ ഫെയ്സ്ബുക്ക് പേജ് ഞാൻ താഴേയ്ക്ക് ഒന്ന് സ്ക്രോൾ ചെയ്തു നോക്കി. കേരളം ഒരുമാസത്തിലേറെയായി ചർച്ച ചെയ്യുന്ന ഒരു സ്ത്രീപീഡനത്തെക്കുറിച്ചു ഒരു വരിപോലുമില്ല. സ്ത്രീയുടെ മാനത്തെ അശുദ്ധമാക്കാൻ ശ്രമിച്ച ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായിട്ടോ ഇരയായ ഡിവൈഎഫ്ഐ വനിതാ സഖാവിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചോ ഒരുവരി പോലുമില്ല. എന്തിനേറെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പി. ശശിയെ എന്തിനു പുറത്താക്കി എന്ന് പറയാൻ പോലും എഴുതാൻ ഡോ.ഐസക്കിന് കഴിഞ്ഞിട്ടില്ല.

"ഈ ലോകം നശിക്കുന്നതു തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കുകയില്ല, പകരം തിന്മ കണ്ടിട്ട് അതിനെതിരെ പ്രതികരിക്കാതിരിക്കുന്നവരെ കൊണ്ടായിരിക്കും "എന്ന ആല്‍ബർട്ട് ഐൻസ്റ്റീന്റെ വരികൾ ഞാൻ ഓർത്തുപോവുകയാണ്. ഐസക്ക്, സ്ത്രീസ്വാതന്ത്ര്യം ശബരിമലയിൽ തുറന്നുവിടാനും സ്വന്തം പാർട്ടിയിൽ അടച്ചുവയ്ക്കാനും ഉള്ളതല്ല എന്നോർക്കുക. പ്രളയത്തെ തകർത്ത കേരളത്തെ പുനർനിർമിക്കാനുള്ള ഉന്നത സമിതികളിലേക്കു പ്രവേശനം തടയപ്പെട്ട ഐസക്കിന്റെ വിഷമം എനിക്കു മനസ്സിലാകുന്നതേയുള്ളൂ. പലതിലും ഐസക്കിനെ ഉൾപ്പെടുത്തിയാൽ അണക്കെട്ടിൽ നിന്നും മണൽവാരുന്നതടക്കം നടപ്പാക്കാത്ത ഐഡിയകൾ പലതും കൊണ്ടുവരും എന്നതുകൊണ്ടാണ് ഈ അയിത്തം എന്ന് രഹസ്യമായി ഐസക്കിന്റെ പാർട്ടിയിലെ ശത്രുക്കൾ പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല. പിണറായി ഭക്തി പ്രകടിപ്പിക്കുന്നവരുടെ വികാരത്തോടൊപ്പം നിൽക്കുമ്പോൾ അയ്യപ്പ ഭക്തി പ്രകടിപ്പിക്കുന്നവരുടെ വികാരം മനസിലാക്കാൻ എങ്കിലും ശ്രമിക്കണം.