Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലീറ്റയുടെ അമ്മയുടെ കണ്ണുകളിൽ സങ്കടത്തിന്റെ നനവില്ല; ഇനി പുതു‘ലൈഫ്’

life-mission ത്രേസ്യാമ്മ തോമസിന്റെ പഴയ വീടും ലൈഫ് മിഷന്റെ ഭാഗമായി പണിത പുതിയ വീടും.

കൊച്ചി ∙ ‘ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചതാ സാറേ... എന്റെ മക്കൾക്ക് ഇതുപോലെ അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതരായി ഉറങ്ങാൻ സാധിക്കുമെന്ന് കരുതിയതല്ല...’ ചെല്ലാനം സ്വദേശിനി ത്രേസ്യാമ്മ തോമസ് ഇത്രയും കാലത്തെ ജീവിതാനുഭവങ്ങൾ പങ്കുവച്ചതു നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥിനി അലീറ്റ ഡോണയുടെയും നാലാം ക്ലാസ് വിദ്യാർഥി ഡോയലിന്റെയും അമ്മയായ ത്രേസ്യാമ്മയുടെ ജീവിതത്തിൽ ഇനി മുതല്‍ സന്തോഷത്തിന്റെ ദിനങ്ങളാണ്.

9 വർഷമായി ഈ കുടുംബം താമസിച്ചിരുന്നത് ഒറ്റമുറി മാത്രമുള്ള ഷെഡ്ഡിലായിരുന്നു. വള്ളം നിർമാണ തൊഴിലാളിയായ ത്രേസ്യാമ്മയുടെ ഭർത്താവ് തോമസ് ഒരിക്കലും കരുതിയതല്ല പുതിയൊരു വീട് തന്റെ കുടുംബത്തിനു നൽകാൻ കഴിയുമെന്ന്. സംസ്ഥാന സർക്കാരിന്റെ ‘ലൈഫ്’ പദ്ധതിയിലൂടെയാണ് ത്രേസ്യാമ്മയ്ക്ക് ഇപ്പോൾ ഭവനം ഒരുങ്ങിയിരിക്കുന്നത്.

life-mission-bindu-benny ബിന്ദു ബെന്നിയുടെ പുതിയ വീടും പഴയ വീടും.

ചതുപ്പു പ്രദേശമായ ചെല്ലാനത്തു വീടുനിർമാണം സാധാരണക്കാരനു വെല്ലുവിളിയാണ്. കെട്ടിടം ഇരുന്നു പോകുന്ന സ്ഥലമായതിനാൽ അടിത്തറ നിർമാണത്തിനുതന്നെ ലക്ഷങ്ങൾ ചെലവാകും. വീതി കുറഞ്ഞ വഴികളും സാധന സാമഗ്രികൾ എത്തിക്കുന്നതിനു ബുദ്ധിമുട്ടാണ്. കുറച്ചു മണ്ണ് എടുക്കുമ്പോൾ തന്നെ ആ ഭാഗം വെള്ളം നിറയുന്നതും മറ്റൊരു പ്രശ്നം.

തറ പണിയുന്നതിനായി കുഴിയെടുത്ത സ്ഥലങ്ങളിൽ വെള്ളം നിറഞ്ഞപ്പോൾ ദിവസങ്ങളോളം മോട്ടോർ അടിച്ചു വറ്റിച്ചാണ് ജോലികൾ പുനഃരാരംഭിച്ചത്. തറ നിർമിച്ചു മണ്ണിടുന്നതിനു പകരം കിണർ നിർമാണത്തിന് ഉപയോഗിക്കുന്ന 18 റിങ്ങുകൾ ഇറക്കി അതിൽ കോൺക്രീറ്റ് നിറച്ചാണ് ഫൗണ്ടേഷൻ പൂർത്തിയാക്കിയത്. ഇതിനു മാത്രമായി മൂന്നാഴ്ച സമയം വേണ്ടിവന്നു.

ത്രേസ്യാമ്മയുടെ വീടിന്റെ മുൻഭാഗത്തും പിൻഭാഗത്തും വലിയ തോടാണ്. എല്ലാ മഴക്കാലത്തും വെള്ളം കയറുന്ന വീട്ടിലായിരുന്നു ഇത്രയും നാൾ താമസിച്ചുകൊണ്ടിരുന്നത്. മഴക്കാലത്ത് തൊട്ടടുത്ത വീടുകളിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുന്നതും മഴവെള്ളത്തിലൂടെ വീടിനകത്തേക്കു കയറും. പകർച്ചവ്യാധികളാണു മറ്റൊരു വെല്ലുവിളി. വീട്ടുപകരണങ്ങളും പാത്രങ്ങളും കയറ്റിവയ്ക്കുമ്പോൾ തന്നെ വീട്ടിൽ ആകെയുള്ള കട്ടിൽ നിറയും. പിന്നെ കിടക്കുന്നതും ഉറങ്ങുന്നതുമെല്ലാം നടക്കാത്ത കാര്യങ്ങളാണ്. ഭക്ഷണ സാധനങ്ങൾ ഒന്നും അടുത്ത ദിവസത്തേക്കു കരുതാൻ സാധിക്കില്ല.

life-mission-treesa ട്രീസ വാവച്ചന്റെ പുതിയ വീടും പഴയ വീടും.

മണ്ണിട്ടു നികത്തി അതിൽ കയറ്റുപായ വിരിച്ചതായിരുന്നു ആദ്യത്തെ വീടിന്റെ നിലം. വെള്ളം കയറുന്ന പ്രദേശമായതിനാൽ രണ്ട് തട്ടുകളിലായി ഉയരത്തിലാണു തറ പണിതിരിക്കുന്നത്. പ്രാഥമികാവശ്യങ്ങൾക്കു വീടിന്റെ തൊട്ടടുത്തുള്ള തറവാട്ടിലെ ശുചിമുറിയായിരുന്നു ആശ്രയിച്ചിരുന്നത്. ത്രേസ്യാമ്മയും കുടുബവും ‘ലൈഫ്’ പദ്ധതിയുടെ ഭാഗമായതോടെ ഈ വിഷമതകൾക്കെല്ലാം പരിഹാരമായി. സ്വപ്നം കണ്ട പുതിയ വീട്ടിൽ പുതുജീവിതം ആരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്നിവർ. വാതിലും ജനലുകളും കൂടി വച്ചു കഴിഞ്ഞാൽ വീട് തയാറായി. ഈ വർഷത്തെ ക്രിസ്മസ് പുതിയ വീട്ടിൽ ആഘോഷിക്കുന്നതിന്റെ സന്തോഷവുമുണ്ട്.

വഴിയില്ലെന്നു പറഞ്ഞു, വഴി തുറന്നു

ഒരാൾക്കു പോലും നടക്കാൻ സാധിക്കാത്ത ഇടവഴിയിലൂടെ വേണം ബിന്ദു ബെന്നിയുടെ വീട്ടിലെത്താൻ. വഴിയെന്നാൽ കായലോരത്ത് നിൽക്കുന്ന മരങ്ങളുടെയും കണ്ടൽച്ചെടികളുടെയും വേരുകൾ തുന്നിച്ചേർത്ത വളഞ്ഞുപുളഞ്ഞ നടപ്പാത. ചെല്ലാനം പഞ്ചായത്തിന്റെ കിഴക്കേ അറ്റത്തു കായലിനു സമാന്തരമായി നിരനിരയായി സ്ഥിതി ചെയ്യുന്ന വീടുകളിൽ ഒന്നാണു ബിന്ദുവിന്റേത്.

പരമ്പരാഗത മത്സ്യബന്ധനവുമായി ഉപജീവനം നടത്തി വരുന്ന കുടുംബം 10 വർഷമായി ഷീറ്റുകൊണ്ട് നിർമിച്ച ഷെഡിലായിരുന്നു താമസം. പലപ്പോഴായി ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വീട് നിർമാണത്തിനായുള്ള വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ വഴിയില്ല എന്ന കാരണത്താൽ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വായ്പ പരിഗണിച്ചാൽ തന്നെ പരമാവധി ഒരു ലക്ഷം രൂപ നൽകാനേ സാധിക്കൂ എന്നായിരുന്നു മറുപടി. 

വഴിയില്ലാത്തതിനാൽ വീടുപണിക്ക് ആവശ്യമായ സാധനങ്ങൾ വള്ളത്തിൽ വേണം എത്തിക്കാൻ. വള്ളത്തിന്റെ വാടകയും തൊഴിലാളികൾക്കുള്ള ചുമട്ടുകൂലിയും നൽകാൻ വേണം വലിയൊരു തുക. റോഡുമാർഗം എത്തിക്കാൻ സാധിക്കാത്ത സ്ഥലമായതിനാൽ കായലിനപ്പുറം ആലപ്പുഴ ജില്ലയിലെ എഴുപുന്നയിലാണ് വീടുപണിയുടെ സാധനങ്ങൾ എത്തിച്ചിരുന്നത്. ജീവിതത്തിലേക്ക് പുതിയ വീട് വന്നതിന്റെ സന്തോഷം ഇന്നിവരുടെ മുഖത്തുണ്ട്.

50 വർഷം പഴക്കമുള്ള വീട് മഴയിൽ തകർന്നതോടെ കുമ്പളങ്ങി സ്വദേശി സന്തോഷിന്റെയും കുടുംബത്തിന്റെയും താമസ സൗകര്യം അനിശ്ചിതത്വത്തിലായി. ഭാര്യയും രണ്ടു കുട്ടികളുമുൾപ്പെടെ വാടക വീട്ടിലായിരുന്നു പിന്നീടു താമസം. ബ്ലോക്ക് പഞ്ചായത്ത് നൽകിയ പ്ലാനിലാണ് സന്തോഷ് വീട് നിർമിക്കുന്നത്. 17 വർഷമായി ഷെഡ്ഡിൽ താമസിച്ചുകൊണ്ടിരുന്ന പ്രീതി മണിയുടെ പേര് 10 വർഷമായി ഭവന നിർമാണ പദ്ധതികളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ മുൻഗണനാ ക്രമത്തിൽ എന്നും തഴയപ്പെടുകയായിരുന്നു.

കല്ലഞ്ചേരി കായലിന്റെ തീരത്തു താമസിക്കുന്ന ട്രീസ വാവച്ചനും ഇതേ സന്തോഷത്തിലാണ്. 42 വർഷം പഴക്കമുണ്ട് വീടിന്. ഒരു മഴ പെയ്താൽ മതി വീട്ടിലും ചുറ്റുപാടും വെള്ളം കയറും. തറ പൊക്കി ഉയരത്തിൽ വീട് പണിതതോടെ വെള്ളക്കെട്ടിൽ നിന്നും ഇവർക്ക് രക്ഷ നേടാനായി. വിധവയായ ട്രീസ മകന്റെ ഒപ്പമാണു താമസിക്കുന്നത്. 45 വർഷമായി ലക്ഷംവീട് കോളനിയിലായിരുന്നു ലിജി സെബാസ്റ്റ്യന്റെ കുടുംബം താമസിച്ചിരുന്നത്.

ഒരു കെട്ടിടത്തിൽ ഇരുവശങ്ങളിലുമായി രണ്ടു കുടുംബങ്ങൾ താമസിക്കുന്നതായിരുന്നു ഈ കോളനിയിലെ വീടുകൾ. കനത്ത മഴയിൽ ലിജിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഭാഗം തകരുകയും അതിനു ശേഷം അഞ്ച് വർഷത്തോളം വാടക വീട്ടിൽ കഴിയുകയും ചെയ്തു. ഇന്നു മാതാപിതാക്കൾക്കും ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം സന്തോഷത്തോടെ ലൈഫ് നൽകിയ വീട്ടിൽ താമസിക്കുകയാണു ലിജി. 

തറ പൂർത്തിയാക്കി ബാക്കിയുള്ള ജോലികൾക്കായി എത്തിച്ച സാധന സാമഗ്രികൾ ഓഖി ചുഴലിക്കാറ്റ് കൊണ്ടു പോയതോടെ ചെല്ലാനം സ്വദേശി ഉഷ അനിൽമണിയുടെ വീടുപണിയും മുന്നോട്ടു പോകതെ തകിടം മറിഞ്ഞു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങളാണ് കടൽ കയറി ഒലിച്ചു പോയത്. പിന്നീട് ലൈഫ് പദ്ധതിയുടെ സഹായത്തോടെ വീടുപണി പൂർത്തിയാക്കി.

80 വീടുകളാണു കുമ്പളങ്ങി പഞ്ചായത്തിനു കീഴിൽ ലൈഫ് പദ്ധതിയിലൂടെ ആരംഭിച്ചത്. 42 വീടുകൾക്ക് ആദ്യ ഗഡു നൽകി. നനവുള്ളതും വെള്ളം കയറുന്നതുമായ പ്രദേശങ്ങളായതിനാൽ അടിത്തറ ശക്തമായിരിക്കണം. രണ്ടു തട്ടുകളായാണു വീടുകളുടെ അടിത്തറ നിർമിക്കുന്നത്. ചെല്ലാനം പഞ്ചായത്തിൽ 32ഉം കുമ്പളം പഞ്ചായത്തിൽ 13 വീടുകൾക്കും കരാർ നൽകിയിട്ടുണ്ട്.