Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തോടെ സേന; ബ്രഹ്മോസ് ഉൾപ്പെടെ 3000 കോടിയുടെ പുതിയ ആയുധങ്ങൾ

BrahMos-cruise ബ്രഹ്മോസ് മിസൈൽ

ന്യൂഡൽഹി∙ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ ഉൾപ്പെടെ 3000 കോടിയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.

ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് അടുത്തിടെ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ച ബ്രഹ്മോസ് സൈന്യത്തിന്റെ സുപ്രധാന ഘടകമാണ്. 100 കോടി ഡോളർ ചെലവിട്ടു നാവികസേനയ്ക്കായി വാങ്ങുന്ന യുദ്ധക്കപ്പലുകൾക്കാണ് ബ്രഹ്മോസ് കരുത്തുപകരുക.

ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ വരെ സഞ്ചരിക്കാൻ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിനു സാധിക്കും. 200 മുതൽ 300 കിലോ വരെയാണ് ഒരു മിസൈലിന്റെ ഭാരം. ബ്രഹ്മോസിനെ കൂടാതെ, സൈന്യത്തിന്റെ പ്രധാന യുദ്ധടാങ്കായ ‘അർജുനി’ലേക്കായി ആമേഡ് റിക്കവറി വെഹിക്കിളുകൾ (എആർവി) വാങ്ങാനും തീരുമാനമായി.