Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു: രാഹുൽ

rahul-gandhi-rajasthan ഉദയ്‌പുരിൽ പൊതുചടങ്ങിൽ സംസാരിക്കുന്ന രാഹുൽ ഗാന്ധി. ചിത്രം: ട്വിറ്റർ

ജയ്പുർ∙ പാക്കിസ്ഥാനെതിരായി ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിച്ചെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുവാക്കൾക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്നും രാജസ്ഥാനിലെ ഉദയ്‌പുരിൽ പൊതുചടങ്ങിൽ രാഹുൽ കുറ്റപ്പെടുത്തി.

യുപിഎ ഭരണകാലത്തു ബാങ്കുകളിലെ കിട്ടാക്കടം 2 ലക്ഷം കോടിയായിരുന്നു. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുപിന്നാലെ കിട്ടാക്കടം 12 ലക്ഷം കോടിയായി ഉയർന്നു. രാജ്യത്തെ 15–20 ധനികരുടെ വായ്പകൾ ഈ സർക്കാർ എഴുതിതള്ളി. ബാങ്കിങ് രംഗം പ്രവർത്തിക്കുന്നതുതന്നെ ഇവർക്കു വേണ്ടിയാണ്.

2016 സെപ്റ്റംബർ 29ന് നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം പാക്ക് ഭീകരർക്കെതിരായി മിന്നലാക്രമണം നടത്തി. നിങ്ങൾക്കറിയാമോ, മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് 3 മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സൈന്യത്തിന്റെ അധികാരമേഖലയിലേക്കു കടന്ന മോദി, തന്റെ രാഷ്ട്രീയ നേട്ടത്തിനായി അവരെ ഉപയോഗിക്കുകയാണു ചെയ്യുന്നത്.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണു മിന്നലാക്രമണ വാർത്ത ബിജെപി പരസ്യമാക്കിയത്. നോട്ടുനിരോധനവും ജിഎസ്ടിയും വലിയ അഴിമതിയാണ്. രണ്ടു തീരുമാനവും സാധാരണക്കാരുടെ നട്ടെല്ലു തകർത്തപ്പോൾ വലിയ കമ്പനികൾക്കു രാജ്യത്തേക്കു വാതിൽ തുറന്നുകിട്ടി. ശരിയായ സർക്കാർ കേന്ദ്രത്തിൽ വന്നാൽ 15–20 വർഷത്തിനുള്ളിൽ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടക്കും– രാഹുൽ അഭിപ്രായപ്പെട്ടു.